ന്യൂഡൽഹി : മുല്ലപ്പെരിയാർ അണക്കെട്ടിന്‍റേത് സുരക്ഷയുമായി ബന്ധപ്പെട്ട പ്രശ്‌നമായതിനാൽ ജലവിതരണം സംബന്ധിച്ച് തീരുമാനമെടുത്തിട്ടില്ലെന്നും റിസർവോയറിന് എത്ര വെള്ളം താങ്ങാനാകുമെന്നതാണ് ആദ്യം പരിഗണിക്കേണ്ടതെന്നും സുപ്രീം കോടതി. മുല്ലപ്പെരിയാർ ഹർജികളിൽ അന്തിമവാദം കേൾക്കവെയാണ് ജസ്റ്റിസ് എ.എം ഖാൻവിൽക്കർ അധ്യക്ഷനായ ബഞ്ചിന്‍റെ പരാമർശം.
അതേസമയം പ്രശ്‌നം ജലം പങ്കിടുന്നതിനെ കുറിച്ചല്ല അണക്കെട്ടിന്‍റെ സുരക്ഷയുമായി ബന്ധപ്പെട്ടതാണെന്നും, നിലവിലുള്ള പ്രതിസന്ധികൾക്കുള്ള പരിഹാരം പുതിയ അണക്കെട്ടാണെന്നും കേരളത്തിന് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ ജയദീപ് ഗുപ്‌ത വാദിച്ചു. കൂടാതെ അണക്കെട്ടിന്‍റെ ഉയർന്ന റൂൾ ലെവൽ 142 അടിയിൽ നിന്ന് 140 അടിയാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അണക്കെട്ടിന്‍റെ ജലനിരപ്പ് 140 അടിയാക്കേണ്ടതുണ്ട്. മണ്‍സൂണ്‍ കാലഘട്ടത്തിലും ജലനിരപ്പ് 142 അടിയായി തുടർന്നാൽ അത് കവിയാൻ സാധ്യതയുണ്ട്. സാഹചര്യങ്ങൾക്കനുസരിച്ച് മാറ്റം വരുത്തണമെന്നും മേഖലയിൽ കാലാവസ്ഥ വ്യതിയാനം പ്രധാന പ്രശ്‌നമാണെന്നും അദ്ദേഹം വാദിച്ചു. 2017 ഈ പ്രദേശത്തെ മഴയുടെ രീതി മാറിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ALSO READ: കശ്‌മീരിനിനി വസന്തകാലം ; ടുലിപ്പ് ഗാര്‍ഡന്‍ തുറന്നു
കൂടാതെ മേൽനോട്ട സമിതി പുനസംഘടിപ്പിക്കണമെന്നും കേരളം സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു. കേരളത്തിലേയും തമിഴ്‌നാട്ടിലേയും സാങ്കേതിക അംഗങ്ങൾ ഉൾപ്പെടുന്ന സമിതിയാണ് ഉണ്ടാക്കേണ്ടത്. കേരളത്തെ സംബന്ധിച്ച് ദീർഘനാളത്തെ ആവശ്യമാണ് പുതിയ ഡാം സ്ഥാപിക്കുക എന്നത്. ഇതിന് കേന്ദ്രസർക്കാരിന്‍റെ സഹായം ആവശ്യമാണെന്നും കേരളം അറിയിച്ചു.
ഇത് രണ്ട് സംസ്ഥാനങ്ങൾ തമ്മിലുള്ള പ്രശ്‌നമല്ലെന്നും രാജ്യത്തെ പൗരരുടെ സുരക്ഷാ വിഷയമാണെന്നും കേരളം വാദിച്ചു. നാമെല്ലാവരും ഇന്ത്യയിലെ പൗരരാണെന്നതും ഒരു വ്യക്തി അപകടത്തിലാണെങ്കിൽ പോലും അത് അധികാരികളിൽ ആശങ്കയുണ്ടാക്കുമെന്നും കേരളം സുപ്രീം കോടതിയിൽ അറിയിച്ചു. കേരളത്തിന്‍റെ വാദം നാളെ അവസാനിക്കും.