ന്യൂഡല്‍ഹി: ക്രിമിനല്‍ കേസുകളിലെ മാധ്യമ വിചാരണയ്‌ക്കെതിരെ സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം (Supreme Court Against Media Trail In Criminal Case). കുറ്റം തെളിയിക്കപ്പെടാത്ത പക്ഷം മാധ്യമങ്ങള്‍ പക്ഷപാതപരമായി നടത്തുന്ന റിപ്പോര്‍ട്ടിങ് ആരോപണ വിധേയനായ വ്യക്തിക്കെതിരെ സമൂഹത്തില്‍ സംശയങ്ങള്‍ സൃഷ്‌ടിക്കുമെന്ന് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിന്‍റെ (Chief Justice of India D Y Chandrachud) നേതൃത്വത്തിലുള്ള ബഞ്ച് അഭിപ്രായപ്പെട്ടു. ഇത്തരം കേസുകളുമായി ബന്ധപ്പെട്ട് വാര്‍ത്ത സമ്മേളനങ്ങള്‍ നടത്തുമ്പോള്‍ പൊലീസ് പിന്തുടരേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ തയ്യാറാക്കുന്നതിനുള്ള നിര്‍ദേശവും കോടതി കേന്ദ്ര ആഭ്യന്തര (Ministry Of Home Affairs India) മന്ത്രാലയത്തിന് നല്‍കി.
മൂന്ന് മാസത്തിനുള്ളില്‍ സമഗ്രമായ മാര്‍ഗനിര്‍ദേശങ്ങള്‍ തയ്യാറാക്കണമെന്നാണ് സുപ്രീം കോടതിയുടെ നിര്‍ദേശം. പീപ്പിൾസ് യൂണിയൻ ഫോർ സിവിൽ ലിബർട്ടീസ് (PUCL) എന്ന എൻജിഒയുടെ (NGO) നേതൃത്വത്തില്‍ സമര്‍പ്പിച്ച ഹര്‍ജികളിലാണ് കോടതിയുടെ ഉത്തരവ്. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിനൊപ്പം ജസ്റ്റിസുമാരായ പി എസ് നരസിംഹ, മനോജ് മിശ്ര എന്നിവരടങ്ങിയ ബഞ്ചായിരുന്നു ഹര്‍ജികളില്‍ വാദം കേട്ടത്.
ക്രിമിനല്‍ കേസുകളിലെ മാധ്യമ വിചാരണ നീതിന്യായ വ്യവസ്ഥയെ തന്നെ ബാധിക്കുന്നുണ്ട്. ഇത്തരമൊരു സാഹചര്യത്തില്‍ അന്വേഷണത്തിന്‍റെ വിശദവിവരങ്ങള്‍ ഏത് ഘട്ടത്തില്‍ വേണം പുറത്തുവിടേണ്ടത് എന്ന കാര്യത്തില്‍ ഒരു തീരമാനമെടുക്കേണ്ടതുണ്ട് എന്ന് സുപ്രീം കോടതി പറഞ്ഞു. വാര്‍ത്താസമ്മേളനങ്ങള്‍ നടത്തുമ്പോള്‍ കേസുമായി ബന്ധപ്പെട്ട യഥാര്‍ഥ കണ്ടെത്തലുകള്‍ വേണം പൊലീസ് മാധ്യമങ്ങളെ അറിയിക്കേണ്ടതെന്നും കോടതി കൂട്ടിച്ചേര്‍ത്തു.
ഓരോ കേസിലും മാധ്യമ വിചാരണയും ഏറെ പ്രധാനപ്പെട്ട ഒന്നാണ്. ഇതില്‍ ഇരയുടെയും കുറ്റാരോപിതന്‍റെയും താല്‍പര്യങ്ങള്‍ കണക്കിലെടുക്കേണ്ടതുണ്ട്. പക്ഷാപാതപരമായ റിപ്പോര്‍ട്ടിങ്ങുകള്‍ പൊതുജനത്തിനിടെയിലാണ് സംശയം ജനിപ്പിക്കുന്നത്. ചില കേസുകളില്‍ ഇര പ്രായപൂര്‍ത്തിയാകാത്ത ആളായിരിക്കം. ഇത്തരം സന്ദര്‍ഭങ്ങളില്‍ അവരുടെ സ്വകാര്യതയെ ബാധിക്കാത്ത തരത്തിലായിരിക്കണം മാധ്യമങ്ങളുടെ പെരുമാറ്റമെന്നും സുപ്രീംകോടതി നിർദ്ദേശിച്ചു.
വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനും അത് സംപ്രേഷണം ചെയ്യുന്നതിനും മാധ്യമങ്ങള്‍ക്ക് മൗലികമായി തന്നെ അവകാശമുണ്ട്. അതുപോലെ തന്നെയാണ് പൊതുജനങ്ങളുടെ കാര്യവും. മാധ്യമങ്ങളിലൂടെ പുറത്തുവരുന്ന വാര്‍ത്ത അറിയുന്നതിനുള്ള അവകാശമാണ് അവര്‍ക്കുള്ളത്.
ക്രിമിനല്‍ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് പൊലീസ് നടത്തുന്ന വാര്‍ത്ത സമ്മേളനങ്ങള്‍ക്കും മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കണം. ഇതിന് വേണ്ട നടപടികള്‍ കേന്ദ്ര ആഭ്യന്തര വകുപ്പ് ഉടനടി കൈക്കൊള്ളണമെന്നും സുപ്രീം കോടതി പറഞ്ഞു.