ന്യൂഡല്‍ഹി : 1994 ല്‍ ഐഎസ്ആര്‍ഒ ശാസ്‌ത്രജ്ഞൻ നമ്പി നാരായണനെ ചാരക്കേസില്‍ കുരുക്കിയ മുൻ ഡിജിപി ഉള്‍പ്പടെയുള്ളവരുടെ മുൻകൂർ ജാമ്യാപേക്ഷ വീണ്ടും പരിഗണിക്കാൻ കേരള ഹൈക്കോടതിയോട് ആവശ്യപ്പെടുമെന്ന് സുപ്രീം കോടതി. മുൻകൂർ ജാമ്യാപേക്ഷകൾ ഒരുതരത്തിലുള്ള നിരീക്ഷണങ്ങളെയും സ്വാധീനിക്കാതെ വീണ്ടും പരിഗണിക്കണമെന്ന് തങ്ങൾ ഹൈക്കോടതിയോട് പറയാമെന്ന് ജസ്‌റ്റിസ് എംആർ ഷാ അധ്യക്ഷനായ ബഞ്ച് പറഞ്ഞു. ഗുജറാത്ത് മുൻ ഡിജിപി ആർ ബി ശ്രീകുമാർ, മുന്‍ പൊലീസ് ഉദ്യോഗസ്ഥരായിരുന്ന എസ് വിജയൻ, തമ്പി എസ് ദുർഗ ദത്ത്, വിരമിച്ച ഇന്‍റലിജന്‍സ് ഉദ്യോഗസ്ഥൻ പി എസ് ജയപ്രകാശ് എന്നിവർക്ക് ജാമ്യം അനുവദിച്ച ഹൈക്കോടതി ഉത്തരവിനെതിരെ സിബിഐ നൽകിയ അപ്പീൽ പരിഗണിക്കവെയാണ് സുപ്രീംകോടതി ഇത് വ്യക്തമാക്കിയത്.
എന്നാല്‍ ഈ സമയത്ത് ഇവര്‍ക്ക് അറസ്‌റ്റില്‍ നിന്നുള്ള സംരക്ഷണം തുടരുമെന്ന് ജസ്‌റ്റിസ് സിടി രവികുമാർ അറിയിച്ചു. പ്രതികൾ ഉന്നയിച്ച വ്യക്തിഗത ആരോപണങ്ങൾ പരിഗണിക്കാത്തത് ഉൾപ്പടെയുള്ള ചില പിഴവുകൾ ചലഞ്ച് ഉത്തരവിൽ ഹൈക്കോടതി നിരീക്ഷിച്ചു. പ്രതികള്‍ വ്യക്തിഗതമായി ഭാഗമായ ആരോപണങ്ങളും ഇടപാടുകളും അടക്കമുള്ള തെറ്റുകള്‍ ഹൈക്കോടതി പരിഗണിച്ചില്ല. മാത്രമല്ല 1994ലെ ചാരവൃത്തിക്കേസിൽ തെറ്റ് ചെയ്ത പൊലീസ് ഉദ്യോഗസ്ഥരുടെ പങ്കുമായി ബന്ധപ്പെട്ട ഡികെ ജെയിൻ കമ്മിറ്റിയുടെ നിരീക്ഷണം പരിഗണിച്ചിട്ടില്ലെന്നും കോടതി പറഞ്ഞു.
റിട്ടയേർഡ് ജസ്‌റ്റിസ് ഡി.കെ ജെയിൻ അധ്യക്ഷനായ മൂന്നംഗ ബഞ്ച് സമർപ്പിച്ച റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് കോടതി കേരളത്തിലെ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണത്തിന് നിർദേശം നൽകിയത്. കഴിഞ്ഞ മാർച്ചിലായിരുന്നു മൂന്നംഗ ബഞ്ചിന്‍റെ റിപ്പോർട്ട് കോടതിയിലെത്തിയത്. ഇത് ഗൗരവമേറിയ വിഷയമാണെന്നും കൂടുതൽ അന്വേഷണം ആവശ്യമാണെന്നും കമ്മിറ്റി നല്‍കിയ റിപ്പോർട്ട് പരിഗണിച്ച ശേഷം കോടതി അന്ന് വ്യക്തമാക്കിയിരുന്നു. റിപ്പോർട്ട് സീല്‍ വച്ച് സൂക്ഷിക്കുമെന്നും വിവരങ്ങൾ പുറത്തുവിടില്ലെന്നും കോടതി അറിയിച്ചിരുന്നു.
ഐഎസ്ആര്‍ഒയിലെ ശാസ്‌ത്രജ്ഞനായിരുന്ന നമ്പി നാരായണനെ ചാരക്കേസില്‍ അറസ്‌റ്റ് ചെയ്തത് അനാവശ്യമായിരുന്നുവെന്ന് സുപ്രീം കോടതി മുന്‍ ചീഫ് ജസ്‌റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബഞ്ച് 2018 ൽ ഉത്തരവിട്ടിരുന്നു. നമ്പി നാരായണന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനും അന്ന് കോടതി ഉത്തരവിട്ടിരുന്നു.