ന്യൂഡല്‍ഹി/എറണാകുളം : കാസര്‍കോട് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതർക്ക് സര്‍ക്കാര്‍ സഹായം നല്‍കുന്നത് സംബന്ധിച്ച കാര്യങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ കേരള ഹൈക്കോടതിക്ക് നിര്‍ദേശം. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബഞ്ചാണ് നിര്‍ദേശം നല്‍കിയത്. സര്‍ക്കാര്‍ മേല്‍നോട്ടത്തിനായി 2011ലാണ് പൊതുതാത്‌പര്യ ഹർജി സുപ്രീം കോടതിക്ക് ലഭിച്ചത്. ഇതാണ് കേരള ഹൈക്കോടതിയിലേക്ക് മാറ്റിയത്.
എന്‍ഡോസള്‍ഫാന്‍ ഇരകൾക്ക് അഞ്ച് ലക്ഷം രൂപ വീതം നഷ്‌ടപരിഹാരമായി അനുവദിക്കുന്ന കാര്യം ഇപ്പോൾ പരിഹരിച്ചിട്ടുണ്ട്. ഇനി ബാക്കിയുള്ളത് വൈദ്യസഹായം സംബന്ധിച്ചുള്ളവ മാത്രമാണെന്നും ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ പിഎസ് നരസിംഹ, ജെ ബി പർദിവാല എന്നിവരടങ്ങിയ ബഞ്ച് പറഞ്ഞു. ഈ വിഷയം നിരന്തരം നിരീക്ഷിക്കാൻ തങ്ങൾ ഹൈക്കോടതി ചീഫ് ജസ്റ്റിസിനോട് അഭ്യർഥിക്കുമെന്ന് നടപടിക്രമങ്ങളുടെ തുടക്കത്തിൽ ചീഫ് ജസ്റ്റിസ് പറഞ്ഞു.
കോടതിയലക്ഷ്യ നടപടി അവസാനിപ്പിച്ചു: നഷ്‌ടപരിഹാരവും വൈദ്യസഹായവും സംബന്ധിച്ച ഉത്തരവുകൾ നടപ്പിലാക്കാത്തതില്‍ സംസ്ഥാന സർക്കാരിനെതിരെയുള്ള കോടതിയലക്ഷ്യ നടപടികൾ സുപ്രീം കോടതി അവസാനിപ്പിച്ചു. ഇരകള്‍ക്കുള്ള നഷ്‌ടപരിഹാര വിതരണം പൂര്‍ത്തിയായതിനാലാണ് ഈ നടപടി. ചീഫ് സെക്രട്ടറി ഡോ. വിപി ജോയിക്കെതിരായാണ് സുപ്രീം കോടതിയില്‍, കോടതി അലക്ഷ്യ ഹര്‍ജി ലഭിച്ചത്.
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ ചികിത്സ സംബന്ധിച്ചുള്ള വിവരം നല്‍കാന്‍ കാസര്‍കോട് ജില്ല ലീഗല്‍ സര്‍വീസസ് അതോറിറ്റി സെക്രട്ടറി സുപ്രീം കോടതിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഈ റിപ്പോര്‍ട്ടില്‍ ലഭിച്ച ശുപാര്‍ശകള്‍ നടപ്പാക്കുന്നത് സംബന്ധിച്ചാണ് കേരള ഹൈക്കോടതി മേല്‍നോട്ടം വഹിക്കേണ്ടത്. നിലവില്‍ സുപ്രീം കോടതിയുടെ പരിഗണനയില്‍ ഇരുന്ന കേസ് ഹൈക്കോടതി ഡിവിഷന്‍ ബഞ്ചിലേക്ക് മാറ്റാനാണ് നിര്‍ദേശം.