ന്യൂഡൽഹി : മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പന് ജാമ്യം അനുവദിച്ച് സുപ്രീം കോടതി. യുപി സർക്കാർ ചുമത്തിയ യുഎപിഎ കേസിലാണ് ജാമ്യം. ഹത്രാസ് കേസുമായി ബന്ധപ്പെട്ട് 2020 ഒക്‌ടോബർ അഞ്ച് മുതൽ കാപ്പൻ ജയിലിൽ കഴിയുകയായിരുന്നു.
സിദ്ദിഖ് കാപ്പന് തീവ്രവാദ ഫണ്ടിങ് സംഘടനകളായ പോപ്പുലർ ഫ്രണ്ട്, അതിന്‍റെ വിദ്യാർഥി സംഘടനയായ കാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ എന്നിവയുമായി അടുത്ത ബന്ധമുണ്ടെന്ന് യുപി സർക്കാർ സുപ്രീം കോടതിയിൽ വാദിച്ചെങ്കിലും ചീഫ് ജസ്റ്റിസ് യു.യു ലളിത് അധ്യക്ഷനായ ബഞ്ച് ജാമ്യം അനുവദിക്കുകയായിരുന്നു.
അന്വേഷണം പൂർത്തിയായ ശേഷം ജാമ്യം അനുവദിച്ചാൽ മതിയെന്ന യുപി സർക്കാരിന്‍റെ ആവശ്യം കോടതി തള്ളി. സിദ്ദിഖ് കാപ്പൻ ആറാഴ്‌ച ഡൽഹിയിൽ തങ്ങണമെന്ന് കോടതി നിർദേശിച്ചു. ആറാഴ്‌ചയ്ക്ക് ശേഷം കാപ്പന് കേരളത്തിലേക്ക് വരാം. എല്ലാ ആഴ്‌ചയും ലോക്കൽ പൊലീസ് സ്‌റ്റേഷനിൽ ഹാജരാകണം എന്നതുൾപ്പെടെയുള്ള ഉപാധികളോടെയാണ് കേരളത്തിലേക്ക് വരാൻ അനുവാദം നൽകിയത്.
കാപ്പനെതിരെ എന്താണ് കണ്ടെത്തിയതെന്ന് വാദത്തിന്‍റെ തുടക്കത്തിൽ ബഞ്ച് ചോദിച്ചു. 2020 സെപ്റ്റംബറിൽ കാപ്പൻ പിഎഫ്ഐ യോഗത്തില്‍ പങ്കെടുത്തെന്നും ഫണ്ടിങ് നിർത്തലാക്കപ്പെട്ടിരിക്കുകയാണെന്ന് യോഗത്തിൽ പറഞ്ഞെന്നും യുപി സർക്കാരിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ മഹേഷ് ജഠ്‌മലാനി വാദിച്ചു.
സംഘർഷ ബാധിത പ്രദേശങ്ങളിൽ പോയി കലാപമുണ്ടാക്കാൻ യോഗം തീരുമാനമെടുത്തു. ഒക്‌ടോബർ അഞ്ചിന് ഹത്രാസിലേക്ക് പോകാൻ അവര്‍ തീരുമാനിച്ചിരുന്നു. കലാപം ഉണ്ടാക്കാൻ 45,000 രൂപ അനുവദിക്കപ്പെട്ടു. ഒരു പത്രത്തിലെ അംഗീകൃത മാധ്യമപ്രവര്‍ത്തകനാണെന്ന് കാപ്പൻ അവകാശപ്പെട്ടുവെങ്കിലും അദ്ദേഹം പിഎഫ്ഐയുടെ ഔദ്യോഗിക സംഘടനയിൽ അംഗമാണെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും ജഠ്‌മലാനി കോടതിയിൽ പറഞ്ഞു.
പിഎഫ്ഐയെ തീവ്രവാദ ഗ്രൂപ്പായി പ്രഖ്യാപിക്കണം. ജാർഖണ്ഡ് പിഎഫ്ഐയെ തീവ്രവാദ ഗ്രൂപ്പായി പ്രഖ്യാപിച്ചിട്ടുണ്ട്. ഹത്രാസിൽ കലാപമുണ്ടാക്കുകയായിരുന്നു സംഘത്തിന്‍റെ ലക്ഷ്യം. 1990ൽ ബോംബെയിൽ സംഭവിച്ചതുപോലെയാണ് ഇതെന്നും ജഠ്‌മലാനി ആരോപിച്ചു.
എന്നാല്‍ കസ്റ്റഡിയിലെടുക്കുമ്പോൾ കാറിൽ നിന്ന് പുസ്‌തകങ്ങൾ കണ്ടെത്തിയതിനാണോ ഇദ്ദേഹത്തിനെതിരെ 153 A ചുമത്തിയിരിക്കുന്നതെന്ന് കോടതി ചോദിച്ചു. വിചാരണ വേഗത്തിൽ പൂർത്തിയാക്കാൻ എന്തെങ്കിലും സാധ്യതയുണ്ടോ എന്നും ചീഫ് ജസ്റ്റിസ് ലളിത് ആരാഞ്ഞു. വിചാരണ വേഗത്തിലാക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് ജഠ്‌മലാനി കോടതിയിൽ മറുപടി നൽകി. തുടർന്ന് അലഹബാദ് ഹൈക്കോടതി വിധിക്കെതിരെ നൽകിയ അപ്പീലിൽ കാപ്പന് അനുകൂലമായി സുപ്രീം കോടതി വിധി പറയുകയായിരുന്നു.