ന്യൂഡല്‍ഹി : ജുഡീഷ്യല്‍ നടപടികളില്‍ ലിംഗാവബോധം ഉറപ്പാക്കാന്‍ സുപ്രധാന നീക്കമായി ഹാന്‍ഡ്ബുക്ക് പുറത്തിറക്കി സുപ്രീംകോടതി. ലിംഗ സംബന്ധിയായ മുന്‍വിധികള്‍, വിവേചനം പ്രതിഫലിപ്പിക്കുന്ന പ്രയോഗങ്ങള്‍ എന്നിവ കോടതി രേഖകളില്‍ നിന്നും പരാമര്‍ശങ്ങളില്‍ നിന്നും നിര്‍മാര്‍ജനം ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് നടപടി. ജഡ്‌ജിമാര്‍ ഉത്തരവുകളിലും, വിധിപ്രസ്താവങ്ങളിലും പരാമര്‍ശങ്ങളിലും ഒഴിവാക്കേണ്ടുന്ന ലിംഗ വിവേചനപരമായ വാക്കുകള്‍, വാക്യങ്ങള്‍, പ്രയോഗങ്ങള്‍ എന്നിവയുടെ പട്ടികയാണ് കൈപ്പുസ്തകത്തില്‍ അവതരിപ്പിക്കുന്നത്. ലിംഗസംബന്ധിയായ വാര്‍പ്പുമാതൃകകള്‍ തകര്‍ക്കുന്നതിനുള്ള കൈപ്പുസ്തകത്തിന്‍റെ പ്രകാശനവേളയില്‍ ചീഫ് ജസ്‌റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, മുന്‍കാല കോടതി വിധികളില്‍ സ്‌ത്രീ വിരുദ്ധമായി പ്രയോഗിക്കപ്പെട്ട നിന്ദ്യമായ നിരവധി വാക്കുകള്‍ ചൂണ്ടിക്കാണിച്ചു.
ഹാന്‍ഡ്‌ബുക്ക് എന്തിന് : സ്‌ത്രീകളെ പരാമര്‍ശിക്കാന്‍ ലിംഗനീതിക്ക് വിരുദ്ധമായ വാക്കുകള്‍ ഉപയോഗിക്കുന്നത് അവസാനിപ്പിക്കല്‍, ലിംഗസംബന്ധിയായ വാര്‍പ്പുമാതൃകകള്‍ക്കെതിരെ ബോധവത്കരണം എന്നിവയാണ് കൈപ്പുസ്‌തകത്തിന്‍റെ ലക്ഷ്യമെന്ന് ചീഫ് ജസ്‌റ്റിസ് പറഞ്ഞു. ഇത് സുപ്രീംകോടതിയുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തും. മുമ്പുണ്ടായ വിധി പ്രസ്‌താവങ്ങളെ വിമര്‍ശിക്കാനോ അത് സംശയകരമാണെന്ന് കാണിക്കാനോ അല്ല കൈപ്പുസ്തകമെന്നും ചീഫ് ജസ്‌റ്റിസ് വ്യക്തമാക്കി.
ആമുഖത്തില്‍ എല്ലാം പറഞ്ഞ് ചീഫ് ജസ്‌റ്റിസ്: ചുമതലകൾ ഭയമോ പ്രത്യേക പ്രീതിയോ ഇഷ്‌ടാനിഷ്‌ടങ്ങളോ കൂടാതെ നിർവഹിക്കും എന്നതാണ് ജഡ്ജിമാർ എന്ന നിലയിലുള്ള ഞങ്ങളുടെ പ്രതിജ്ഞ. മുന്നിലെത്തുന്ന എല്ലാ കേസുകളിലും നിയമം അനുശാസിക്കുന്ന നിഷ്പക്ഷതയോടും വസ്‌തുനിഷ്‌ഠതയോടും കൂടി പ്രവർത്തനങ്ങൾ നിർവഹിക്കണമെന്നാണ് ഈ പ്രതിജ്ഞ ആവശ്യപ്പെടുന്നതെന്നും കൈപ്പുസ്‌തകത്തിന്‍റെ ആമുഖത്തില്‍ ചീഫ് ജസ്‌റ്റിസ് കുറിച്ചു.
തീരുമാനങ്ങളെടുക്കുമ്പോള്‍ സ്വാധീനിക്കപ്പെടുന്ന അനുചിതമായ കാര്യങ്ങള്‍ നിരസിക്കാനാണ് ഒരു ജഡ്‌ജിയുടെ പ്രതിജ്ഞയില്‍ പറയുന്നത്. മാത്രമല്ല, കോടതിക്ക് മുന്നിലെത്തുന്ന കക്ഷികളെ കുറിച്ചുള്ള മുന്‍ധാരണകള്‍ ജഡ്‌ജി മാറ്റിവയ്‌ക്കണമെന്നും പ്രതിജ്ഞയിലുണ്ട്. ലിംഗ നീതിയില്ലാത്ത പദങ്ങളുടെ ഒരു നിഘണ്ടുവാണ് ഈ കൈപ്പുസ്‌തകം. ഇതില്‍, ഹർജികളിലും ഉത്തരവുകളിലും വിധിന്യായങ്ങളിലും ഉപയോഗിക്കാവുന്ന പകരം വാക്കുകളും വാക്യങ്ങളും നിർദേശിക്കുന്നുണ്ട് - ചീഫ് ജസ്‌റ്റിസ് കൂട്ടിച്ചേര്‍ത്തു.
ഹാന്‍ഡ്‌ബുക്കില്‍ എന്തെല്ലാം: കൈപ്പുസ്‌തകത്തിലേക്ക് കടന്നാല്‍, ലിംഗ വിവേചനങ്ങള്‍ പ്രതിഫലിപ്പിക്കുന്ന പ്രയോഗങ്ങള്‍ എന്താണെന്ന് വ്യക്തമായി വിശദീകരിക്കുന്നുണ്ട്. മാത്രമല്ല ഇത്തരം പ്രയോഗങ്ങളെ തിരിച്ചറിയുന്നതിനും ഒഴിവാക്കുന്നതിനും ജഡ്‌ജിമാരെ സഹായിക്കുക എന്നതാണ് ഇതുകൊണ്ട് ലക്ഷ്യമിടുന്നത്. ഈ പ്രയോഗങ്ങള്‍ കണ്ടെത്തി പകരം പദങ്ങളും പ്രയോഗങ്ങളും പുസ്‌തകം നിര്‍ദേശിക്കുന്നുണ്ട്. കൂടാതെ, പ്രത്യേകിച്ച് സ്‌ത്രീകള്‍ ഉള്‍പ്പടെയുള്ളവര്‍ക്കായി ഉപയോഗിച്ചുവരുന്ന പ്രയോഗങ്ങളെ അവ എന്തുകൊണ്ട് തെറ്റാണെന്നും പുസ്‌തകം ചർച്ച ചെയ്യുന്നു.
വിദ്വേഷ പ്രസംഗങ്ങൾ വേണ്ട: വിദ്വേഷ പ്രസംഗങ്ങൾ അന്വേഷിക്കാൻ സമിതി രൂപീകരിക്കാൻ കേന്ദ്ര സർക്കാരിനോട് കഴിഞ്ഞദിവസം സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു. ഹരിയാനയിലെ നൂഹിലുണ്ടായ സംഘർഷത്തിന്‍റെ പശ്ചാത്തലത്തില്‍ മുസ്‌ലിം സമുദായത്തിന് നേരെയുണ്ടായ വിദ്വേഷ പ്രസംഗങ്ങളും, അവരുടെ സാമൂഹികവും സാമ്പത്തികവുമായ ബഹിഷ്‌കരണവും സംബന്ധിച്ച് മാധ്യമ പ്രവർത്തകനായ ഷഹീൻ അബ്‌ദുള്ള നൽകിയ ഹർജി പരിഗണിക്കവെയായിരുന്നു സുപ്രീം കോടതിയുടെ പരാമര്‍ശം. ജസ്‌റ്റിസുമാരായ സഞ്ജീവ് ഖന്നയും എസ്‌വിഎൻ ഭട്ടിയും അടങ്ങുന്ന ബെഞ്ചായിരുന്നു കേസ് പരിഗണിച്ചത്.
സമുദായങ്ങൾക്കിടയിൽസൗഹാർദവും സ്‌നേഹവും ഉണ്ടാകണമെന്നും, അത് പാലിക്കേണ്ടത് എല്ലാ സമുദായങ്ങളുടേയും ഉത്തരവാദിത്തമാണെന്നും പറഞ്ഞ കോടതി വിദ്വേഷ പ്രസംഗങ്ങൾ നല്ലതല്ലെന്നും അത് ആർക്കും അംഗീകരിക്കാൻ കഴിയില്ലെന്നും വ്യക്‌തമാക്കിയിരുന്നു.