ന്യൂഡൽഹി : സാങ്കേതിക കാരണങ്ങളുടെ പേരിൽ, ജനങ്ങൾക്ക് അവകാശപ്പെട്ട കൊവിഡ് ധനസഹായം നിരസിക്കരുതെന്ന് സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും സുപ്രീം കോടതിയുടെ നിർദേശം. പകരം അതിനുള്ള പരിഹാരം കണ്ടെത്തണമെന്നും കോടതി പറഞ്ഞു. മരിച്ചയാളുടെ കുടുംബത്തിന് ആശ്വാസം പകരുക എന്നതാണ് ഇത്തരം പ്രവർത്തനങ്ങളുടെ ആത്യന്തിക ലക്ഷ്യമെന്നും കോടതി നിരീക്ഷിച്ചു.
കൊവിഡ് മരണം സംഭവിക്കുന്ന വ്യക്തികളുടെ കുടുംബാംഗങ്ങൾക്ക് 50,000 രൂപ ധനസഹായം നേരത്തേ നിശ്ചയിച്ചിരുന്നു. ഇതിനുള്ള അപേക്ഷ സ്വീകരിച്ച് 10 ദിവസത്തിനകം നഷ്‌ടപരിഹാരം നൽകണമെന്നും കോടതി ഉത്തരവിട്ടിരുന്നു.
കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങൾക്ക് നഷ്‌ടപരിഹാരം നൽകുന്നതുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കവെയാണ് കോടതി നടപടി. എല്ലാ പ്രമുഖ പ്രാദേശിക പത്രങ്ങളിലും പദ്ധതി സംബന്ധമായ വിവരങ്ങൾ പരസ്യപ്പെടുത്താൻ സംസ്ഥാനങ്ങളോട് കോടതി ആവശ്യപ്പെട്ടു. അതുവഴി ജനങ്ങൾ ഇതേക്കുറിച്ച് ബോധവാന്മാരാകുകയും ആനുകൂല്യങ്ങൾ പ്രയോജനപ്പെടുത്തുകയും ചെയ്യും.
ALSO READ: മുല്ലപ്പെരിയാർ; സഹകരിക്കാൻ കേരളത്തോട് നിർദേശിക്കണമെന്ന് തമിഴ്‌നാട് സുപ്രീം കോടതിയിൽ
ധനസഹായം ആവശ്യപ്പെട്ടുള്ള ഓഫ്‌ലൈൻ അപേക്ഷകൾ മഹാരാഷ്ട്ര സർക്കാർ നിരസിക്കുന്നതായി പരാതിയുയർന്നതായി കോടതി ചൂണ്ടിക്കാട്ടി. സംസ്ഥാനത്തിന് ലഭിച്ച 2,27,000 അപേക്ഷകളിൽ 61,000 അപേക്ഷകൾ തള്ളിയെന്ന് ആരോപണമുണ്ട്. നിരവധിപേർ ഇതുസംബന്ധിച്ച് ബോംബെ ഹൈക്കോടതിയെ സമീപിക്കുന്നതായി വിവരം ലഭിച്ചിട്ടുണ്ടെന്ന് ജസ്റ്റിസുമാരായ എംആർ ഷാ, ബിവി നാഗരത എന്നിവരടങ്ങിയ ബഞ്ച് പറഞ്ഞു.
ആവർത്തിച്ച് ഉത്തരവുകൾ നൽകിയിട്ടും നഷ്‌ടപരിഹാരം കൈപ്പറ്റുന്ന വ്യക്തികളുടെ വിശദാംശങ്ങൾ സമർപ്പിക്കാത്തതിന് സംസ്ഥാനങ്ങളെ സുപ്രീം കോടതി വിമർശിച്ചു. നഷ്ടപരിഹാരത്തിനായി സമീപിക്കാത്ത ആളുകളെ മനസിലാക്കി, ലീഗൽ സർവീസ് അതോറിറ്റിയെ അവരിലേക്ക് എത്തിക്കുകയാണ് വിശദാംശങ്ങൾ തേടുന്നതിന്‍റെ ലക്ഷ്യം.
അർഹരായ ആളുകൾക്ക് നഷ്ടപരിഹാരം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ലീഗൽ സർവീസ് അതോറിറ്റിയുമായി ഏകോപിപ്പിക്കാൻ മുഴുവന്‍ സമയ ഉദ്യോഗസ്ഥനെ നിയമിക്കാനും സംസ്ഥാനങ്ങളോട് കോടതി നിർദേശിച്ചു.