ന്യൂഡല്‍ഹി: കര്‍ണാടകയിലെ ഹിജാബ് നിരോധനത്തില്‍ സുപ്രീംകോടതിയുടെ ഭിന്നവിധിയുടെ അടിസ്ഥാനത്തില്‍ അന്തിമ വിധി കല്‍പിക്കാൻ മൂന്നംഗ ബെഞ്ച് രൂപീകരിച്ച് സുപ്രീം കോടതി. ഫെബ്രുവരി ആറിന് കര്‍ണാടകയില്‍ നടക്കാനിരിക്കുന്ന പ്രായോഗിക പരീക്ഷയുടെ അടിസ്ഥാനത്തില്‍ ഹിജാബ് വിഷയത്തില്‍ ഇടക്കാല ഉത്തരവ് വേണമെന്ന മുതിര്‍ന്ന അഭിഭാഷകയായ മീനാക്ഷി അറോറയുടെ വാദങ്ങള്‍ പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി. ജസ്‌റ്റിസ് ഡിവൈ ചന്ദ്രചൂഢ്, ജസ്‌റ്റിസ് വി രാമസുബ്രഹ്മണ്യന്‍, ജെബി പര്‍ദിവാല എന്നിവരടങ്ങുന്ന മൂന്നംഗ ബെഞ്ചാണ് ഹിജാബ് വിഷയത്തില്‍ അന്തിമ വിധി കല്‍പ്പിക്കുക.
'ഇത് ഹിജാബുമായി ബന്ധപ്പെട്ട വിഷയമാണ്. 2023 ഫെബ്രുവരി ആറാം തീയതി സര്‍ക്കാര്‍ സ്‌കൂളുകളിലടക്കം പ്രായോഗിക പരീക്ഷകള്‍ നടക്കാനിരിക്കുന്നു. അതിനാല്‍, വിഷയത്തില്‍ ഇടക്കാല ഉത്തരവ് ഉണ്ടെങ്കിലെ വിദ്യാര്‍ഥികള്‍ക്ക് പരീക്ഷയ്‌ക്ക് എത്താന്‍ സാധിക്കുകയുള്ളുവെന്ന്' വിദ്യാര്‍ഥികള്‍ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷക പറഞ്ഞു.
വിധി ഉടന്‍: കഴിഞ്ഞ വര്‍ഷം ഒക്‌ടോബര്‍ 13നാണ് സുപ്രീം കോടതിയുടെ രണ്ടംഗ ബെഞ്ച് വിവാദമായ ഹിജാബ് വിഷയത്തില്‍ ഭിന്നവിധി പുറപ്പെടുവിച്ചത്. ഇതേതുടര്‍ന്ന് കര്‍ണാടക സ്‌കൂളുകളില്‍ ഹിജാബ് നിരോധിക്കണമോ എന്ന വിഷയത്തില്‍ സുപ്രീം കോടതിയില്‍ ഉചിതമായ ബെഞ്ച് രൂപീകരിച്ച് എത്രയും വേഗം തീര്‍പ്പ് കല്‍പ്പിക്കണമെന്ന ആവശ്യം പല ഭാഗങ്ങളില്‍ നിന്നും നിരവധി തവണ ഉയര്‍ന്നിരുന്നു.
ഭിന്ന വിധി: കര്‍ണാടകയിലെ സ്‌കൂളുകളിലും കോളജുകളിലും ഹിജാബ് ധരിക്കുന്നത് നിരോധിച്ച വിധി റദ്ദാക്കുകയാണ് ജസ്‌റ്റിസ് സുധാന്‍ഷു ധൂലിയ ചെയ്‌തത്. പക്ഷേ ഒരു പ്രത്യേക തരം വിഭാഗത്തെ തങ്ങളുടെ മതത്തെ സൂചിപ്പിക്കുന്ന ചിഹ്നങ്ങള്‍ ധരിക്കുവാന്‍ അനുവദിക്കുന്നത് രാജ്യത്തെ മതനിരപേക്ഷതയ്‌ക്കെതിരാണെന്ന് ജസ്‌റ്റിസ് ഹേമന്ത് ഗുപ്‌ത പറഞ്ഞു.
അതേസമയം, ഹിജാബ് ധരിക്കുന്നത് തിരഞ്ഞെടുപ്പിനുള്ള സ്വാതന്ത്ര്യത്തെയാണ് സൂചിപ്പിക്കുന്നതെന്ന് ജസ്‌റ്റിസ് ധൂലിയ അഭിപ്രായപ്പെട്ടു. സുപ്രീം കോടതി വിഷയത്തില്‍ ഭിന്നവിധി പുറപ്പെടുവിച്ചുവെങ്കിലും ഹൈക്കോടതിയുടെ വിധിയാണ് നിലവില്‍ പാലിക്കപ്പെടുന്നത്. ഭിന്ന വിധി തുടരുന്ന സാഹചര്യത്തില്‍ രണ്ട് ജഡ്‌ജിമാരും അന്തിമമായ തീര്‍പ്പ് കല്‍പ്പിക്കുവാന്‍ വിഷയം ഉന്നത ബെഞ്ചിന് വിടുകയായിരുന്നു.
വിഷയങ്ങള്‍ക്ക് തുടക്കം: 2021 ഡിസംബര്‍ 27ന് ഉഡുപ്പി സര്‍ക്കാര്‍ പി യു കോളജില്‍ ഹിജാബ് ധരിച്ച് ക്ലാസിലെത്തിയ വിദ്യാര്‍ഥിനികളെ പുറത്താക്കിയതോടെയാണ് വിഷയങ്ങള്‍ക്ക് തുടക്കമായത്. അടുത്ത ദിവസങ്ങളിലും ഹിജാബ് ധരിച്ചെത്തിയ വിദ്യാര്‍ഥിനികളെ ക്ലാസില്‍ കയറ്റിയില്ല. ഇതോടെ 2022 ജനുവരി ഒന്നിന് വിദ്യാര്‍ഥികള്‍ പരസ്യ പ്രതിഷേധത്തിലേയ്‌ക്ക് കടന്നു.
ജനുവരി മൂന്നിന് ചിക്കമംഗളൂരു സര്‍ക്കാര്‍ കോളജിലും ഹിജാബ് ധരിച്ചെത്തിയവരെ പ്രിന്‍സിപ്പാളിന്‍റെ നേതൃത്വത്തില്‍ പ്രധാന കവാടത്തില്‍ തടഞ്ഞു. ഇതോടെ കര്‍ണാടകയില്‍ പ്രതിഷേധം ശക്തമാവുകയായിരുന്നു. എന്നാല്‍, ഹിജാബ് ധരിക്കുന്നത് ഇസ്ലാമിക വിശ്വാസത്തിന്‍റെ അനിവാര്യമായ ഘടകത്തിന്‍റെ ഭാഗമല്ലെന്ന് ചൂണ്ടിക്കാട്ടി ഹിജാബ് ധരിക്കാന്‍ അനുവാദം നല്‍കണമെന്നാവശ്യപ്പെട്ടുകൊണ്ട് സര്‍ക്കാര്‍ പി യു കോളജിലെ ഒരു കൂട്ടം വിദ്യാര്‍ഥിനികള്‍ സമര്‍പ്പിച്ച ഹര്‍ജി കർണാടക ഹൈക്കോടതി തള്ളിയിരുന്നു. ഇതേതുടര്‍ന്നാണ് സുപ്രീം കോടതിയില്‍ വിവിധ തരത്തിലുള്ള ഹര്‍ജികള്‍ സമര്‍പ്പിക്കുവാനിടയായത്.