ന്യൂഡല്‍ഹി: ബിഹാറിലെ ജാതി സർവേയ്‌ക്കെതിരായ ഹർജി ഏപ്രിൽ 28ന് സുപ്രീം കോടതി പരിഗണിക്കും. സംസ്ഥാനത്ത് ജാതി അധിഷ്‌ഠിത സർവേ നടത്താനാണ് ബിഹാർ സർക്കാരിന്‍റെ തീരുമാനം. വിഷയം അടിയന്തരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകൻ സമർപ്പിച്ച ഹർജി ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്, ജസ്റ്റിസ് പി എസ് നരസിംഹ എന്നിവരടങ്ങിയ ബഞ്ചാണ് 28ന് പരിഗണിക്കുമെന്ന് ഇന്ന് അറിയിച്ചത്.
ജാതി സർവേ ഏപ്രിൽ 15ന് ആരംഭിച്ച് മെയ് 15ന് അവസാനിക്കുമെന്ന് അഭിഭാഷകൻ ബഞ്ചിനെ അറിയിച്ചതിനെ തുടര്‍ന്നാണ് സുപ്രീം കോടതി നടപടി. സംസ്ഥാനത്ത് ജാതി സർവേ നടത്താനുള്ള ബിഹാർ സർക്കാരിന്‍റെ തീരുമാനത്തിനെതിരായ ഹർജികൾ പരിഗണിക്കാൻ ഇക്കഴിഞ്ഞ ജനുവരി 20ന് സുപ്രീം കോടതി വിസമ്മതിച്ചിരുന്നു. ഹർജികളിൽ കഴമ്പില്ലെന്നും ഹൈക്കോടതിയെ സമീപിക്കാനുള്ള അവകാശം ഹർജിക്കാർക്കുണ്ടെന്നും സുപ്രീം കോടതി പറഞ്ഞിരുന്നു.