ഇൻഡോർ: ബിജെപി പ്രവർത്തകനെ കൊലപ്പെടുത്താൻ ശ്രമിച്ചുവെന്ന കേസിൽ ജാമ്യം ലഭിച്ച കോൺഗ്രസ് കൗൺസിലറിന് പാലഭിഷേകം നടത്തി സ്വാഗതം ചെയ്‌ത് അനുയായികൾ. ഇൻഡോർ കോർപ്പറേഷൻ കൗൺസിലറായ രാജു ഭഡോറിയക്കാണ് ബുധനാഴ്‌ച(24.08.2022) ജാമ്യം ലഭിച്ചത്. ഇൻഡോർ സിവിൽ തെരഞ്ഞെടുപ്പിനിടെ ജൂലൈ 6 ന് ബിജെപി സ്ഥാനാർഥി ചന്ദുറാവു ഷിൻഡെയെ വധിക്കാൻ ശ്രമിച്ചെന്നാണ് ഭഡോറിയക്കെതിരെയുള്ള കേസ്.
കേസിൽ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ ഭഡോറിയയുടെ അനുയായികൾ വാദ്യമേളങ്ങളോടെ ഘോഷയാത്ര സംഘടിപ്പിക്കുകയും പാലഭിഷേകം നടത്തുകയും ചെയ്‌തു. സ്വീകരണത്തിന്‍റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ വലിയ വിവാദം സൃഷ്‌ടിച്ചു. കൊലപാതകശ്രമത്തിൽ കുറ്റാരോപിതനായ വ്യക്തിയെ മഹത്വവൽക്കരിക്കുന്നു എന്നാരോപിച്ച് ബിജെപി രംഗത്തെത്തി.
ഗുരുതരമായ കേസിലെ പ്രതിയെ മഹത്വവത്‌കരിച്ചുകൊണ്ട് കോൺഗ്രസ് രാഷ്‌ട്രീയത്തെ ക്രിമിനൽവത്‌ക്കരിക്കുകയാണെന്ന് ബിജെപി വക്താവ് ഉമേഷ് ശർമ്മ പറഞ്ഞു. ബിജെപിയുടെ നിർദേശപ്രകാരം ഭഡോറിയയ്‌ക്കെതിരെ പൊലീസ് കള്ളക്കേസാണ് രജിസ്റ്റർ ചെയ്‌തിരിക്കുന്നതെന്ന് സംസ്ഥാന കോൺഗ്രസ് സെക്രട്ടറി നീലഭ് ശുക്ല അവകാശപ്പെട്ടു. ഷിൻഡെയെ ആക്രമിച്ചതായി ആരോപിക്കപ്പെടുന്ന സമയത്ത് ഭഡോറിയ സ്ഥലത്തുണ്ടായിരുന്നില്ല എന്നും അദ്ദേഹം വ്യക്തമാക്കി.