കൊൽക്കത്ത : കെകെയുടെ വിയോഗത്തിന് പിന്നാലെ കൊൽക്കത്തയിൽ പരിപാടി അവതരിപ്പിക്കാൻ വിസമ്മതിച്ച് ബോളിവുഡ് ഗായകരായ സുനിധി ചൗഹാനും സുബിൻ നാട്യാലും. സുരേന്ദ്രനാഥ് കോളജ് ഫെസ്റ്റിലെ പരിപാടിയിൽ നിന്നാണ് ഇരുവരും പിൻമാറിയത്. തുടർന്ന് അധികൃതർ കോളജ് ഫെസ്റ്റ് മാറ്റിവച്ചു.
ബോളിവുഡ് ഗായകന്‍ കെകെയുടെ മരണശേഷം കൊൽക്കത്തയിൽ പരിപാടികൾ അവതരിപ്പിക്കുന്നത് സുരക്ഷിതമല്ലെന്ന് പല ഗായകരും അഭിപ്രായപ്പെട്ടിരുന്നു. ഇതിന് പിന്നാലെ ഇവിടെ നടത്താനിരുന്ന പല പരിപാടികളും റദ്ദാക്കിയിരുന്നു.
അതിനിടെ കെകെയുടെ മരണം സിബിഐ അന്വേഷിക്കണമെന്ന് നടൻ ഓം പുരിയുടെ ഭാര്യ നന്ദിത ആവശ്യപ്പെട്ടു.'പശ്ചിമ ബംഗാളിന് നാണക്കേട്. കൊൽക്കത്ത കെകെയെ കൊലപ്പെടുത്തി. 2,500 പേരെ ഉള്‍ക്കൊള്ളാവുന്ന ഓഡിറ്റോറിയത്തിൽ 7,000 പേർ ഒത്തുകൂടി. എസി പ്രവർത്തിച്ചില്ല
ഇക്കാര്യം നാല് തവണ ഗായകൻ പരാതിപ്പെട്ടു. പക്ഷേ പരിഹാരം ഉണ്ടായില്ല. പ്രഥമ ചികിത്സ പോലും ലഭിച്ചില്ല. സംഭവത്തിൽ സിബിഐ അന്വേഷണം വേണം. അതുവരെ ബംഗാളിനെ ബഹിഷ്‌കരിക്കണം' - നന്ദിത തന്‍റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ കുറിച്ചു.
ചൊവ്വാഴ്‌ച കൊല്‍ക്കത്തയിലെ നസ്റുല്‍ മഞ്ച് വേദിയില്‍ പാടിക്കൊണ്ടിരിക്കുമ്പോള്‍ അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് താമസിച്ചിരുന്ന ഹോട്ടലിലേക്ക് പോയ കെകെ അവിടെ കുഴഞ്ഞ് വീഴുകയായിരുന്നു. തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും കെകെയുടെ ജീവന്‍ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണം.