ഹൈദരാബാദ്: ബാലാജി ഹാച്ചറീസ് സ്ഥാപകൻ ഉപ്പളപതി സുന്ദർ നായിഡു(85) അന്തരിച്ചു. സംസ്ഥാനത്തെ കർഷകരുടെ വരുമാനം കൂട്ടാൻ കോഴി വളർത്തൽ എന്ന ആശയം മുന്നോട്ട് വെച്ച് 1972ലാണ് അദ്ദേഹം ബാലാജി ഹാച്ചറീസ് സ്ഥാപിച്ചത്. ആയിരങ്ങൾക്ക് തൊഴിലവസരങ്ങൾ സൃഷ്‌ടിക്കുന്നതിനൊപ്പം കോഴി വ്യവസായത്തിലും ബാലാജി ഹാച്ചറീസ് വിപ്ലവം സൃഷ്‌ടിച്ചു.
സർക്കാർ സർവീസിൽ നിന്ന് രാജിവച്ചാണ് നായ്‌ഡു 1967ൽ കോഴി വളർത്തലിലേക്ക് തിരിഞ്ഞത്. ഇതിനിടെ കോഴിക്കുഞ്ഞുങ്ങളെ ഇറക്കുമതി ചെയ്യുമ്പോൾ നേരിടുന്ന വെല്ലുവിളി ഒഴിവാക്കാനാണ് അദ്ദേഹം ബാലാജി ഹാച്ചറീസ് ആരംഭിച്ചത്.
സമൂഹ്യ സേവനത്തിൽ പഠനകാലം മുതൽക്കെ അധിനിവേശമുണ്ടിയിരുന്ന അദ്ദേഹം തന്‍റെ ഗ്രാമത്തിലെ യുവാക്കളെ വിദ്യാഭ്യാസത്തിലേക്ക് നയിക്കുന്നതിനായി നേതാജി ബാലാനന്ദ സംഘം സ്ഥാപിച്ചു. കൂടാതെ ഗ്രാമത്തിൽ തന്നെ ലൈബ്രറിയും, കായിക മേഖലയുടെ ഉണർവിനായി കായിക ഉപകരണങ്ങളും നൽകി.
'നെക്ക്' ആജീവനാന്ത ക്ഷണിതാവ്, എപി പൗൾട്രി ഫെഡറേഷന്‍റെ സ്ഥിരം ക്ഷണിതാവ്, ഇന്‍റർനാഷണൽ പൗൾട്രി സയൻസ് അസോസിയേഷൻ അംഗം, നാഷണൽ എഗ് കൗൺസിൽ അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. കൂടാതെ നിരവധി അംഗീകാരങ്ങളും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.