ന്യൂഡൽഹി: സുനന്ദ പുഷ്‌കറിന്‍റെ മരണത്തിൽ ശശി തരൂരിനെതിരെ കേസെടുക്കുന്നത് സംബന്ധിച്ച ഹർജിയില്‍ വിധി പറയുന്നത് മാറ്റി. ഡൽഹിയിലെ റൗസ് അവന്യൂ കോടതിയുടേതാണ് നടപടി. മൂന്നാം തവണയാണ് ഹര്‍ജി വിധി പറയാൻ മാറ്റുന്നത്.
പ്രോസിക്യൂഷന്‍റെയും പ്രതിഭാഗത്തിന്‍റെയും വാദം കേട്ട ശേഷം ഏപ്രിൽ 12ന് കോടതി ഉത്തരവ് റിസർവ് ചെയ്തിരുന്നു. തുടര്‍ന്ന് ജൂണ്‍ 16ലേക്കും പിന്നീട് ജൂലൈ രണ്ടിലേക്കും ഉത്തരവ് പറയുന്നത് മാറ്റുകയായിരുന്നു. തരൂരിനെതിരെ ആത്മഹത്യയ്ക്ക് പ്രേരിപ്പിക്കൽ(306) ഉള്‍പ്പെടെ നിരവധി കുറ്റങ്ങള്‍ ചുമത്താന്‍ ഡല്‍ഹി പൊലീസ് ആവശ്യപ്പെട്ടിരുന്നു. മാനസിക പീഡനത്തിന് ഇരയായതിനെ തുടർന്നാണ് സുനന്ദ പുഷ്‌കറിന്‍റെ ആരോഗ്യം മോശമായതെന്നും പബ്ലിക് പ്രോസിക്യൂട്ടർ കോടതിയിൽ വാദിച്ചിരുന്നു.
ശശി തരൂരിനെതിരെ തെളിവ് സമർപ്പിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ല. മാനസികമായും ശാരീരികമായും സുനന്ദ പുഷ്‌കർ പീഡിപ്പിക്കപ്പെട്ടിട്ടില്ലെന്നും സുനന്ദയുടെ ബന്ധുക്കൾ പോലും തരൂരിനെതിരെ ആരോപണം ഉന്നയിച്ചിട്ടില്ലെന്നും ശശി തരൂരിന് വേണ്ടി വാദിച്ച വികാസ് പാഹ്‌വ കോടതിയെ അറിയിച്ചു.
Also Read: മദ്രാസ് ഐഐടിയില്‍ കടുത്ത ജാതി വിവേചനം; മലയാളി പ്രൊഫസര്‍ രാജി വച്ചു