ന്യൂഡൽഹി: സുനന്ദ പുഷ്‌കറിന്‍റെ മരണത്തിൽ ശശി തരൂർ എംപിയ്ക്ക് മേൽ കുറ്റം ചുമത്തണമോയെന്നതിൽ വാദം പൂർത്തിയായി. കേസ് ഡൽഹിയിലെ പ്രത്യേക കോടതി വിധി പറയാൻ മാറ്റി. ഏപ്രിൽ 29ന് കേസിൽ വിധി പറയും. വാദത്തിനിടെ, 306 (ആത്മഹത്യയ്ക്ക് പ്രേരിപ്പിക്കൽ) ഉൾപ്പെടെ വിവിധ കുറ്റങ്ങൾ ചുമത്താൻ പൊലീസ് ആവശ്യപ്പെട്ടിരുന്നു. അതേസമയം, കേസിൽ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ശശി താരൂർ സമർപ്പിച്ച ഹർജിയും പരിഗണനയിലുണ്ട്. സുനന്ദ പുഷ്കറിന്‍റെ മരണവുമായി ബന്ധപ്പെട്ട് തനിക്കെതിരെ യാതൊരു തെളിവും ഇതുവരെ പൊലീസിന് കണ്ടെത്താനായിട്ടില്ലെന്ന് തരൂരിന്‍റെ അഭിഭാഷകൻ കോടതിയിൽ വ്യക്തമാക്കി.
2014 ജനുവരി 17ന് രാത്രി നഗരത്തിലെ ഒരു ആഡംബര ഹോട്ടലിൽ സുനന്ദ പുഷ്കറിനെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. തരൂരിന്‍റെ ഔദ്യോഗിക വസതി അന്ന് പുതുക്കിപ്പണിയുകയായിരുന്നതിനാൽ ദമ്പതികൾ ഹോട്ടലിലാണ് താമസിച്ചിരുന്നത്. ഇന്ത്യൻ ശിക്ഷ നിയമം 498 എ, 306 വകുപ്പുകൾ പ്രകാരം തരൂരിനെതിരെ ഡൽഹി പൊലീസ് കേസെടുത്തു. 2018 ജൂലൈ 5നാണ് അദ്ദേഹത്തിന് ജാമ്യം ലഭിച്ചത്.