ചെന്നൈ : കടുത്ത സാമ്പത്തിക അനിശ്ചിതത്വം നിലനില്‍ക്കുന്ന ശ്രീലങ്കയില്‍ നിന്ന് മടങ്ങുന്ന തമിഴ്വംശജരുടെ കാര്യത്തില്‍ എന്ത് നിലപാട് സ്വീകരിക്കണമെന്ന് കേന്ദ്രസര്‍ക്കാരുമായി ആലോചിച്ച് തീരുമാനിക്കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍.
നിയമസഭയില്‍ കോണ്‍ഗ്രസ് എം.എല്‍.എ എസ് വിജയദരണിയുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. ശ്രീലങ്കയിലെ സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണ്. പെട്രോളിനും ഡീസലിനും അടക്കം പ്രതിസന്ധി നേരിടുന്ന സ്ഥിതിയാണ് രാജ്യത്തുള്ളതെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസം പത്ത് പേര്‍ അടങ്ങുന്ന ഒരു സംഘം ശ്രീലങ്കന്‍ തമിഴ്വംശജര്‍ രാജ്യത്ത് എത്തിയിരുന്നു. ഇതില്‍ കുട്ടികളും സ്ത്രീകളും ഉള്‍പ്പെടുന്നുണ്ട്. രാമേശ്വരത്ത് കഴിഞ്ഞ ദിവസങ്ങളിലും ഏതാനും പേര്‍ സമാന സാഹചര്യത്തില്‍ എത്തിയിരുന്നു. ഈ സാഹചര്യത്തില്‍ നിയമപരമായി സ്വീകരിക്കേണ്ട നടപടികള്‍ എന്തെന്ന് കേന്ദ്രവുമായി ആലോചിച്ച ശേഷം തീരുമാനിക്കും.
Also Read: 'അവകാശം ഹനിക്കുന്ന നടപടി'; കൈയേറ്റം യാതൊരു പ്രകോപനവുമില്ലാതെയെന്ന് കൊടിക്കുന്നിൽ സുരേഷ്
സംസ്ഥാനത്തെ സ്ഥിതിഗതികള്‍ നിരീക്ഷിക്കുന്നതിന് മുഖ്യമന്ത്രിയുടെ ഓഫിസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അയല്‍ രാജ്യമായതിനാല്‍ തന്നെ പ്രതിസന്ധി തുടര്‍ന്നാല്‍ കൂടുതല്‍ പേര്‍ രാജ്യത്തേക്ക് എത്താനുള്ള സാധ്യതയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതിനിടെ ശ്രീലങ്കയ്ക്ക് നിലവിലെ സാഹചര്യത്തില്‍ സഹായവുമായി കേന്ദ്ര സര്‍ക്കാര്‍ രംഗത്ത് എത്തി. രാജ്യത്തിന് കടമായി ഒരു ബില്യന്‍ ഡോളര്‍ നല്‍കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. ഇതില്‍ 500 മില്യണ്‍ ഡോളര്‍ ഉടന്‍ നല്‍കുമെന്നും രാജ്യം അറിയിച്ചിട്ടുണ്ട്.