ഐസ്വാൾ(മിസോറാം): വേള്‍ഡ് ഹാപ്പിനസ് റിപ്പോര്‍ട്ട് പ്രകാരം ലോകത്തെ ഏറ്റവും സന്തോഷമുള്ള രാജ്യമായി തിരഞ്ഞെടുത്തിരിക്കുന്നത് ഫിന്‍ലന്‍റാണ്. സന്തോഷമുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ ഇടം പിടിച്ചിരിക്കുന്നത് 126-ാം സ്ഥാനത്താണ്. എന്നാല്‍, ഇന്ത്യയില്‍ തന്നെ ഏറ്റവും സന്തോഷമുള്ള സംസ്ഥാനം മിസോറാം ആണെന്ന് അടുത്തിടെ പുറത്തുവന്ന പഠന റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
ഗുരുഗ്രാമിലെ മാനേജ്മെന്‍റ് ഡെവലപ്‌മെന്‍റ് ഇന്‍സ്‌റ്റിറ്റ്യൂട്ടിലെ പ്രൊഫസറായ രാജേഷ് കെ പിളാനിയ നടത്തിയ പഠനത്തില്‍ നിന്നാണ് രാജ്യത്തെ സന്തോഷമുള്ള സംസ്ഥാനത്തെ കണ്ടെത്തിയിരിക്കുന്നത്. 100 ശതമാനം സാക്ഷരതയുടെ കാര്യത്തില്‍ രണ്ടാം സ്ഥാനത്താണ് മിസോറാം ഇടംപിടിച്ചിരിക്കുന്നത്. പ്രയാസമേറിയ സാഹചര്യങ്ങളിലും വിദ്യാര്‍ഥികള്‍ക്ക് ആവശ്യമായ അവസരം ഒരുക്കി നല്‍കുന്നതിലും സംസ്ഥാനം വിജയം കണ്ടെത്തിയിരിക്കുകയാണ്.
മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് മിസോറാമിനെ വ്യത്യസ്‌തമാക്കുന്നത്: കുടുംബബന്ധങ്ങള്‍, ജോലി സംബന്ധമായ കാര്യങ്ങള്‍, സാമൂഹിക പ്രശ്‌നങ്ങള്‍, പരസ്‌പരമുള്ള സഹവര്‍ത്തിത്വം, മതം, കൊവിഡ് 19 ഏര്‍പ്പെടുത്തിയിട്ടുള്ള പ്രഭവം, മാനസികവും ശാരീരികവുമായ ആരോഗ്യം തുടങ്ങിയ കാര്യങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് മിസോറാമിന്‍റെ സന്തോഷ സൂചിക നിര്‍ണയം നടന്നത്. മിസോ ഹൈസ്‌ക്കൂളിലെ ഒരു വിദ്യാര്‍ഥിയുടെ പിതാവ് അവന്‍റെ ചെറുപ്പത്തില്‍ തന്നെ കുടുംബത്തെ ഉപേക്ഷിച്ചു പോയതിനാല്‍ ജീവിതത്തില്‍ നിരവധിയായ പ്രതിസന്ധികള്‍ നേരിടേണ്ടതായി വന്നു. എന്നാല്‍, പ്രതിസന്ധികളെ തരണം ചെയ്‌ത് അവന്‍ പഠനത്തില്‍ മികവ് തെളിയിച്ചു. ഭാവിയില്‍ ഒരു ചാര്‍ട്ടഡ് അക്കൗണ്ടന്‍റ് അല്ലെങ്കില്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥനാകണമെന്നതാണ് അവന്‍റെ ആഗ്രഹമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
കൂടാതെ ഇതേ സ്‌കൂളില്‍ പഠിക്കുന്ന പത്താംക്ലാസ് വിദ്യാര്‍ഥിയ്‌ക്ക് നാഷണല്‍ ഡിഫന്‍സ് അക്കാദമിയില്‍ പഠിക്കണമെന്നതാണ് ആഗ്രഹം. ഈ വിദ്യാര്‍ഥിയുടെ അച്ഛന്‍ ജോലി ചെയ്യുന്നത് ഒരു മില്‍മ ഫാക്‌ടറിയിലാണ്. അമ്മ ഗൃഹനാഥയും.
തങ്ങള്‍ ആഗ്രഹിച്ച ജോലി സ്വന്തമാക്കുമെന്ന് ഇരു വിദ്യാര്‍ഥികള്‍കും പൂര്‍ണമായ ഉറപ്പുണ്ട്. കാരണം, വിദ്യാര്‍ഥികള്‍ അവരുടെ വിദ്യാലയങ്ങളില്‍ അത്രമാത്രം പ്രതീക്ഷയര്‍പ്പിച്ചിരിക്കുകയാണ്.
അധ്യാപകര്‍ വിദ്യാര്‍ഥികളുടെ ഉറ്റസുഹൃത്തുക്കള്‍: 'ഞങ്ങളുടെ അധ്യാപകര്‍ തന്നെയാണ് ഞങ്ങളുടെ ഉറ്റസുഹൃത്തുക്കള്‍. അവരുമായി എന്തും പങ്കുവയ്‌ക്കുന്നതില്‍ ഞങ്ങള്‍ക്ക് മടിയോ ലജ്ജയോ ഇല്ല' എന്ന് ഒരു വിദ്യാര്‍ഥി പറഞ്ഞു. മിസോറാമിലെ വിദ്യാര്‍ഥികളും മാതാപിതാക്കളുമായി അധ്യാപകര്‍ നിരന്തരം കൂടിക്കാഴ്‌ച നടത്താറുണ്ട്. കാരണം, അവര്‍ എന്തെങ്കിലും പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ടെങ്കില്‍ അത് തിരിച്ചറിയുവാനും അതിന് പരിഹാരം കാണാനും അധ്യാപകര്‍ക്ക് സാധിക്കുന്നു.
വിദ്യാര്‍ഥികള്‍ മാത്രമല്ല മിസോറാമിലെ യുവാക്കളും സന്തോഷവാന്മാരാണ്. കാരണം മറ്റൊന്നുമല്ല, മിസോറാമിലെ സാമൂഹിക ഘടനയാണ്. ജാതി രഹിതമായ ഒരു സമൂഹം മിസോറാമില്‍ വളര്‍ന്നുവരുന്നു എന്നത് എടുത്തുപറയേണ്ട ഒരു കാര്യമാണ്.
മാത്രമല്ല, പഠനകാര്യങ്ങളില്‍ മാതാപിതാക്കള്‍ വിദ്യാര്‍ഥികള്‍ക്ക് മേല്‍ ചെലുത്തുന്ന സമ്മര്‍ദവും മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് മിസോറാമില്‍ വളരെ കുറവാണെന്ന് സംസ്ഥന സ്വകാര്യ സ്‌കൂളായ എബന്‍ എസ്സര്‍ ബോര്‍ഡിങ് സ്‌കൂളിലെ അധ്യാപികയും കന്യാസ്‌ത്രീയുമായ ലാൽരിൻമാവി ഖിയാങ്ത് പറയുന്നു.
ലിംഗഭേദമില്ലാതെ മിസോ വിഭാഗത്തില്‍പ്പെട്ട ഓരോ കുട്ടിയും നേരത്തെ തന്നെ സമ്പാദിക്കാൻ തുടങ്ങുമെന്നും റിപ്പോർട്ടിൽ പറയുന്നു. വളരെ ചെറിയ കുട്ടികള്‍ക്ക് ജോലി അനുവദനീയമല്ല. എന്നാല്‍, 16 അല്ലെങ്കില്‍ 17 വയസ് എത്തുന്നവര്‍ ജോലിയില്‍ ഏര്‍പ്പെടുന്നു.
ചെറുപ്പത്തില്‍ തന്നെ സാമ്പത്തിക സ്വാതന്ത്ര്യം: ഈ ഒരു സമ്പ്രദായം സംസ്ഥാനത്ത് പ്രോത്സാഹിപ്പിക്കപ്പെടുന്നുവെന്നും പെണ്‍കുട്ടിയെന്നോ ആണ്‍കുട്ടിയെന്നോ വ്യത്യാസമില്ലാതെ അവര്‍ ജോലി ഏര്‍പ്പെടുന്നുവെന്നും അവര്‍ പറയുന്നു. 'തകര്‍ന്ന കുടുംബങ്ങള്‍ മിസോറാമില്‍ നിരവധിയാണ്. സമാനമായ അനുഭവങ്ങളുള്ളവര്‍ നിരവധിയായതിനാല്‍ തന്നെ കുട്ടികള്‍ വളരെ ചെറുപ്പത്തില്‍ തന്നെ ജോലി ചെയ്‌ത് സാമ്പത്തിക സ്വാതന്ത്ര്യം കണ്ടെത്തുന്നു.
അതിനാല്‍ തന്നെ തങ്ങള്‍ അനാഥരല്ല എന്ന തോന്നല്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ ഉണ്ടാവുന്നു. രണ്ട് ലിംഗക്കാരും സമ്പാദിക്കാന്‍ ആരംഭിച്ചാല്‍ അവര്‍ക്ക് മറ്റൊരാളെ ആശ്രയിക്കേണ്ടതായി വരുന്നില്ല. അതിനാല്‍ തന്നെ ആരോഗ്യകരമല്ലാത്ത ബന്ധങ്ങള്‍ ദമ്പതികള്‍ക്ക് മുന്നോട്ട് കൊണ്ടുപോകേണ്ട കാര്യമില്ലെന്ന്' എബല്‍ എസ്സര്‍ സ്‌കൂളിലെ അധ്യാപിക പറയുന്നു.