ദുംക (ജാര്‍ഖണ്ഡ്): പരീക്ഷയില്‍ കുറഞ്ഞ മാര്‍ക്ക് നല്‍കി എന്നാരോപിച്ച് അധ്യാപകനെയും ക്ലര്‍ക്കിനെയും പ്യൂണിനെയും വിദ്യാര്‍ഥികള്‍ മരത്തില്‍ കെട്ടിയിട്ട് മര്‍ദിച്ചു. ജാര്‍ഖണ്ഡിലെ ദുംക ജില്ലയില്‍ ഗോപികന്ദറിലാണ് സംഭവം. മര്‍ദനത്തിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി.
ജാർഖണ്ഡ് സർക്കാരിന്‍റെ ക്ഷേമ വകുപ്പിന് കീഴിലുള്ള പട്ടികവർഗ റസിഡൻഷ്യൽ ഹൈസ്‌കൂളിലെ 11 വിദ്യാര്‍ഥികളാണ് അധ്യാപകനെ മര്‍ദിച്ചത്. മൂന്ന് ദിവസങ്ങള്‍ക്ക് മുമ്പ് നടന്ന പ്രാക്‌ടിക്കല്‍ പരീക്ഷയില്‍ കുറഞ്ഞ മാര്‍ക്ക് ലഭിച്ചതിനാല്‍ ഇവര്‍ പരാജയപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് കഴിഞ്ഞ ദിവസം വിദ്യാര്‍ഥികള്‍ തങ്ങളുടെ പരീക്ഷ പേപ്പര്‍ കാണിക്കണമെന്ന് ആവശ്യപ്പെട്ട് സ്‌കൂളിലെത്തി.
എന്നാല്‍ അധ്യാപകന്‍ കുമാര്‍ സുമന്‍ വിദ്യാര്‍ഥികളുടെ ആവശ്യം അംഗീകരിച്ചില്ല. ഓഫിസിലുണ്ടായിരുന്ന ക്ലര്‍ക്ക് സോനേറാം ചൗദ്ര, പ്യൂണ്‍ അച്ചന്തു മല്ലിക് എന്നിവര്‍ വിദ്യാര്‍ഥികളോട് പിരിഞ്ഞു പോകാന്‍ ആവശ്യപ്പെട്ടു. ഇതില്‍ പ്രകോപിതരായ വിദ്യാര്‍ഥികള്‍ മൂവരെയും ബലമായി ഓഫിസിന് പുറത്തെത്തിച്ച് സ്‌കൂള്‍ വളപ്പിലെ മാവില്‍ കെട്ടിയിടുകയും തുടര്‍ന്ന് മര്‍ദിക്കുകയുമായിരുന്നു. മര്‍ദനത്തിന്‍റെ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്‌തു.
ഏറെ നേരത്തെ മര്‍ദനത്തിന് ശേഷം അധ്യാപകനെയും മറ്റു ജീവനക്കാരെയും വിദ്യാര്‍ഥികള്‍ സ്വതന്ത്രരാക്കി. സംഭവത്തില്‍ കുറ്റക്കാരായ വിദ്യാര്‍ഥികള്‍ക്കെതിരെ നടപടി എടുക്കുമെന്ന് ഡിഡിസി പറഞ്ഞു.