ന്യൂഡൽഹി: നഴ്‌സറി മുതൽ രണ്ടാം ക്ലാസ് വരെയുള്ള വിദ്യാർഥികളെ ജയിപ്പിക്കുമെന്ന് ഡൽഹി വിദ്യാഭ്യാസ ഡയറക്‌ടറേറ്റ് (ഡിഒഇ). വിദ്യാർഥികളെ വിലയിരുത്തുന്നതിനുള്ള മാർഗനിർദേശത്തിലാണ് വിദ്യാഭ്യാസ ഡയറക്‌ടറേറ്റ് സ്ഥാനക്കയറ്റത്തിനെ കുറിച്ച് വ്യക്തമാക്കുന്നത്. നിലവിലെ സാഹചര്യത്തിൽ സ്വീകരിക്കേണ്ട ഒരു ഇതര പഠന സമീപനത്തിന്‍റെ സ്വാധീനം മനസിലാക്കുക എന്നതാണ് ഈ വിലയിരുത്തലിന്‍റെ ഉദ്ദേശമെന്നും വിദ്യാഭ്യാസ ഡയറക്‌ടറേറ്റ് പറഞ്ഞു. അടുത്ത അധ്യയന വർഷത്തേക്കുള്ള കോഴ്‌സ് ഉള്ളടക്കവും മറ്റും നിർണയിക്കാൻ ഈ വിലയിരുത്തലിന്‍റെ ഡാറ്റ ഡയറക്‌ടറേറ്റിനെ സഹായിക്കുമെന്നും ഡിഒഇ കൂട്ടിച്ചേർത്തു.
കൊവിഡ് കാലത്ത് ഡിജിറ്റൽ സംവിധാനങ്ങളിലൂടെയോ മാതാപിതാക്കൾ വഴിയോ വിദ്യാർഥികളുമായി പങ്കിട്ട ഓൺലൈൻ അല്ലെങ്കിൽ ഓഫ്‌ലൈൻ വർക്ക്‌ഷീറ്റുകളുടെയും ശൈത്യകാല അവധിക്ക് നൽകിയ അസൈൻമെന്‍റുകളുടെയും പ്രതികരണങ്ങളുടെയും അടിസ്ഥാനത്തിൽ നഴ്‌സറി മുതൽ രണ്ടാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്ക് ഗ്രേഡുകൾ നൽകും. സാധാരണ നിലയിൽ ക്ലാസുകൾ നടക്കാതിരുന്നതിനാൽ എഴുത്ത് പരീക്ഷക്ക് പകരം ഒരു വിഷയത്തിൽ അസൈൻമെന്‍റ് നൽകി അത് വിലയിരുത്തിയായിരിക്കും മൂന്നാം ക്ലാസ് മുതൽ എട്ടാം ക്ലാസ് വരെയുള്ള വിദ്യാർഥികളെ വിലയിരുത്തുകയെന്നും ഡിഒഇ വ്യക്തമാക്കി.