ജയ്‌പൂര്‍: രാജസ്ഥാനില്‍ ഇന്നലെ നാല് വിദ്യാര്‍ഥികള്‍ ആത്മഹത്യ ചെയ്‌തു. മെഡിക്കല്‍ എഞ്ചിനീയറിങ് പ്രവേശന പരീക്ഷകള്‍ക്ക് പരീശീലനം നല്‍കുന്ന സ്വകാര്യ കോച്ചിങ് സെന്‍ററുകളുടെ കേന്ദ്രമായ കോട്ടയില്‍ നിന്നുള്ള മൂന്ന് വിദ്യാര്‍ഥികളും ബന്‍സൂരില്‍ നിന്നുള്ള ഒരു വിദ്യാര്‍ഥിയുമാണ് ആത്മഹത്യ ചെയ്‌തത്. മധ്യപ്രദേശ് സ്വദേശി പ്രണവ് വര്‍മ (17), ബിഹാര്‍ സ്വദേശികളായ ഉജ്വൽ കുമാർ (18) അങ്കുഷ് (18), അൽവാർ ജില്ലയിലെ ബൻസൂർ സ്വദേശിയായ സുരേന്ദ്ര കുമാർ (23) എന്നിവരാണ് ആത്മഹത്യ ചെയ്‌തത്.
വിദ്യാര്‍ഥികളുടെ ആത്മഹത്യ കുറിപ്പുകളോ ആത്മഹത്യ ചെയ്യാനുള്ള കാരണമോ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. വിഷയത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. സുഹൃത്തുക്കളായ അങ്കുഷും ഉജ്ജ്വലും കോട്ടയിലെ തൊട്ടടുത്ത മുറികളിലാണ് താമസിക്കുന്നത്. ഒരാള്‍ എഞ്ചിനീയറിങ് പ്രവേശനത്തിനും ഒരാള്‍ മെഡിക്കല്‍ കോളജ് പ്രവേശനത്തിനുമുള്ള തയ്യാറെടുപ്പിലായിരുന്നു.
മധ്യപ്രദേശ് സ്വദേശിയായ പ്രണവ് കഴിഞ്ഞ രണ്ട് വര്‍ഷമായി കോട്ടയില്‍ നീറ്റ് പരീക്ഷയ്‌ക്കുള്ള തയ്യാറെടുപ്പിലായിരുന്നു. അൽവാർ സ്വദേശിയായ സുരേന്ദ്ര കുമാറിനെ ഭരത്പൂരിലെ ഹോസ്റ്റൽ മുറിയിലാണ് ആത്മഹത്യ ചെയ്‌ത നിലയില്‍ കണ്ടെത്തിയത്. തിങ്കളാഴ്‌ച പരീക്ഷ നടക്കുന്നതിനിടെയാണ് സുരേന്ദ്ര പരീക്ഷ എഴുതി തീര്‍ക്കാതെ ഹോസ്‌റ്റലിലേക്ക് മടങ്ങിയത്. തുടര്‍ന്നാണ് ആത്മഹത്യ ചെയ്‌തതെന്ന് അധികൃതര്‍ പറഞ്ഞു.
രണ്ട് ദിവസം മുമ്പ് സുരേന്ദ്രയെ കാണാന്‍ അച്ഛന്‍ ഹോസ്‌റ്റലിലെത്തിയിരുന്നെന്നും കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സുരേന്ദ്ര വിഷാദത്തിലായിരുന്നെന്നും ഹോസ്‌റ്റല്‍ വാര്‍ഡന്‍ പറഞ്ഞു. കഴിഞ്ഞ കുറച്ച് മാസങ്ങളായി കോട്ടയില്‍ നിരവധി വിദ്യാര്‍ഥികള്‍ ആത്മഹത്യ ചെയ്‌തിട്ടുണ്ടെന്നാണ് ദേശീയ ക്രൈം റെക്കോർഡ്‌സ് ബ്യൂറോയുടെ (എന്‍സിആര്‍ബി) കണക്കുകൾ സൂചിപ്പിക്കുന്നത്. 2016 മുതൽ 2021 വരെ ഇന്ത്യയില്‍ ആത്മഹത്യ ചെയ്‌ത വിദ്യാര്‍ഥികളുടെ എണ്ണം 27 ശതമാനമാണ്.
ആത്മഹത്യ ചെയ്‌തവരില്‍ മഹാരാഷ്‌ട്ര സ്വദേശികളായ വിദ്യാര്‍ഥികളാണ് കൂടുതലെന്ന് എന്‍സിആര്‍ബി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. പഠനവും പരീക്ഷകളുമായും ബന്ധപ്പെട്ടാണ് വിദ്യാര്‍ഥികള്‍ ആത്മഹത്യ ചെയ്യുന്നതെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.