രാംപൂർ : ഉത്തർപ്രദേശിൽ തെരുവുനായയെ ഇടിക്കാതിരിക്കാന്‍ വെട്ടിച്ച ഇരുചക്ര വാഹനം ഡിവൈഡറിൽ പാഞ്ഞുകയറി മൂന്ന് സ്‌കൂൾ വിദ്യാർഥികൾക്ക് ദാരുണാന്ത്യം. ഡൽഹി - നൈനിറ്റാള്‍ ദേശീയപാത 87 ലാണ് അപകടമുണ്ടായത്. രാംപൂർ സ്വദേശികളായ സയ്യിദ് സയാൻ, മൊഹദ് അഹദ്, മുഹമ്മദ് ഉമൈർ എന്നിവരാണ് മരിച്ചത്.
മൂന്ന് പേരും 16നും 17നും ഇടയില്‍ പ്രായമുള്ളവരാണ്. തിങ്കളാഴ്‌ച രാവിലെ 7:30 ഓടെ അഹദും ഉമൈറും തങ്ങളുടെ സ്‌കൂട്ടറിൽ സയാനെ സ്‌കൂളിൽ വിടാനായി പോവുകയായിരുന്നു. പെട്ടെന്ന് തെരുവുനായ സ്‌കൂട്ടറിന് മുന്നിൽ പെടുകയും നായയെ ഇടിക്കാതിരിക്കാൻ വിദ്യാർഥികൾ വെട്ടിക്കുകയുമായിരുന്നു.
എന്നാൽ അമിതവേഗതയിലായിരുന്ന സ്‌കൂട്ടറിന്‍റെ നിയന്ത്രണം നഷ്‌ടമാവുകയും ഡിവൈഡറിൽ ഇടിക്കുകയുമായിരുന്നെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ മൂവരെയും ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രണ്ടുപേർ മരിച്ചിരുന്നു. മൂന്നാമന്‍ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്.
മൂന്ന് വിദ്യാർഥികൾക്കും ലൈസൻസ് ഇല്ലായിരുന്നെന്നും സ്‌കൂട്ടർ ഓടിച്ച സമയത്ത് ഹെൽമെറ്റ് ധരിച്ചിരുന്നില്ലെന്നും പൊലീസ് അറിയിച്ചു.
also read : ബേക്കൽ കോട്ടയിൽ പിറന്നാൾ ആഘോഷിക്കാൻ എത്തിയ സുഹൃത്തുക്കള്‍ക്ക് നേരെ സദാചാര ആക്രമണം ; മൂന്ന് പേർ അറസ്റ്റിൽ
സ്‌കൂട്ടറിൽ നിന്ന് തെറിച്ചുവീണ് കുഞ്ഞ് മരിച്ചു : ഇന്നലെ (24.7.23) തൃശൂർ പെരിഞ്ഞനത്ത് കണ്ടെയ്‌നർ ലോറിക്കടിയിൽപ്പെട്ട് ഏഴര വയസുകാരൻ മരിച്ചിരുന്നു. പെരിഞ്ഞനം വെസ്റ്റ് സ്വദേശി ഷിബിയുടെ മകൻ ഭഗത്തിനാണ് ദാരുണാന്ത്യമുണ്ടായത്. പെരിഞ്ഞനം സെൻ്ററിലെ ദേശീയപാതയിലായിരുന്നു അപകടം. അമ്മയോടൊപ്പം സ്‌കൂട്ടറിൽ പോവുന്നതിനിടെ അതേ ദിശയിൽ നിന്ന് വന്നിരുന്ന കാറിൽ തട്ടി. തുടര്‍ന്ന്, സ്‌കൂട്ടറിലുണ്ടായിരുന്ന കുട്ടി കണ്ടെയ്‌നർ ലോറിക്കടിയിലേക്ക് തെറിച്ച് വീഴുകയായിരുന്നു. ഭഗത്തിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ജൂലൈ 22 ന് ആലപ്പുഴയിൽ ഹരിപ്പാട് ബൈക്ക് മതിലിൽ ഇടിച്ച് യുവാവ് മരിച്ചിരുന്നു. കാർത്തികപ്പള്ളി മഹാദേവിക്കാട് സ്വദേശി നന്ദനത്തിൽ ആകാശ് (22) ആണ് മരിച്ചത്. കാർത്തികപ്പള്ളി കുരിശുംമൂടിനടുത്ത് വച്ച് വൈകുന്നേരം ഏഴ് മണിയോടെയാണ് അപകടമുണ്ടായത്. ബൈക്ക് ആദ്യം സൈക്കിളിലും തുടർന്ന് സമീപത്തെ വെൽഡിങ് വർക്ഷോപ്പിന്‍റെ മതിലിലും ഇടിച്ചായിരുന്നു അപകടം.
also read : ബൈക്ക് മതിലിൽ ഇടിച്ചുകയറി 22കാരന് ദാരുണാന്ത്യം; ഒരാൾക്ക് പരിക്ക്
ആകാശ് ഓടിച്ചിരുന്ന ബൈക്കിടിച്ച് സൈക്കിളിൽ യാത്ര ചെയ്യുകയായിരുന്ന കാര്‍ത്തികപ്പള്ളി പുതുക്കുണ്ടം സ്വദേശി 12 വയസുകാരൻ അശ്വിൻ മാധവിനും പരിക്കേറ്റിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ആകാശിനെ ഉടൻ തന്നെ ആംബുലൻസിൽ ഹരിപ്പാട് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.