രാജ്‌കോട്ട് (ഗുജറാത്ത്) : സ്‌കൂൾ ബസ് ഓടിക്കുന്നതിനിടെ ഡ്രൈവർക്ക് ഹൃദയാഘാതമുണ്ടായെങ്കിലും വാഹനത്തിലുണ്ടായിരുന്ന വിദ്യാർഥിനിയുടെ അവസരോചിത ഇടപെടൽമൂലം ഒഴിവായത് വൻ ദുരന്തം. ഗുജറാത്തിലെ രാജ്‌കോട്ടിലാണ് സംഭവം. ബസ് ഓടിക്കുന്നതിനിടെ ഡ്രൈവർ ഹരുണ്‍ ഭായി ഹൃദയാഘാതം മൂലം കുഴഞ്ഞുവീണെങ്കിലും സ്റ്റിയറിങ്ങിന്‍റെ നിയന്ത്രണമേറ്റെടുത്ത 17കാരി ഭാർഗവി വ്യാസ് വലിയ അപകടമാണ് ഒഴിവാക്കിയത്.
രാജ്‌കോട്ടിലെ ഗോണ്ടൽ റോഡിന് സമീപം ശനിയാഴ്‌ചയാണ് അപകടമുണ്ടായത്. വിദ്യാർഥികളെ കൂട്ടി സ്‌കൂളിലേക്ക് പോകുന്ന വഴിക്കാണ് ഡ്രൈവർക്ക് നെഞ്ചുവേദന അനുഭവപ്പെട്ടത്. പിന്നാലെ ഇയാൾ കുഴഞ്ഞ് വീഴുകയായിരുന്നു. ഈ സമയം ബസ് റോഡിന്‍റെ എതിർ വശത്തുകൂടി മുന്നോട്ട് നീങ്ങിയെങ്കിലും ഭാർഗവി വ്യാസ് സ്റ്റിയറിങ്ങിന്‍റെ നിയന്ത്രണം ഏറ്റെടുത്ത് ബസിനെ മുന്നിലുള്ള ഒരു പോസ്റ്റിൽ ഇടിച്ച് നിർത്തുകയായിരുന്നു.
വിദ്യാർഥിനിയുടെ വാക്കുകൾ : 'ഡ്രൈവറുടെ അടുത്തുള്ള സീറ്റിലായിരുന്നു ഞാൻ ഇരുന്നിരുന്നത്. ഞങ്ങൾ രണ്ടുപേരും സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഇതിനിടെ ഹരുണ്‍ ഭായിയുടെ ശബ്‌ദം മാറുന്നതായി എനിക്ക് മനസിലായി. അദ്ദേഹത്തിന്‍റെ വാക്കുകൾ കുഴയുകയും വായ ഒരു വശത്തേക്ക് വലിയുകയും ചെയ്‌തു. ഉടൻ തന്നെ ഞാൻ സീറ്റിൽ നിന്ന് എഴുന്നേറ്റ് ഹരുണ്‍ ഭായിയുടെ അടുത്തേക്ക് പോയി. അദ്ദേഹത്തിന്‍റെ നില വഷളായതായി എനിക്ക് തോന്നി.
മൂക്കിൽ നിന്ന് രക്‌തം വരുന്നുണ്ടായിരുന്നു. ഉടൻ തന്നെ അദ്ദേഹം ഒരു വശത്തേക്ക് ചരിഞ്ഞ് വീണു. മുന്നോട്ട് നീങ്ങിക്കൊണ്ടിരുന്ന ബസ് ഡിവൈഡറും കടന്ന് എതിർ വശത്തെ റോഡിലേക്ക് കയറി. ഇതിനിടെ രണ്ട് സ്‌കൂട്ടറിലും, ഒരു കാറിലും ബസ് തട്ടുകയും ചെയ്‌തു. എതിർ ദിശയിൽ നിന്ന് ധാരാളം വാഹനങ്ങൾ വരുന്നുണ്ടായിരുന്നു. എന്നാൽ ഞാൻ സ്റ്റിയറിങ്ങില്‍ പിടിച്ച് തിരിച്ചതോടെ ബസ് ഒരു ഇലക്‌ട്രിക് പോസ്റ്റിൽ ഇടിച്ചുനിന്നു' - ഭാർഗവി വ്യാസ് പറഞ്ഞു.