രാജനഗരം (ആന്ധ്രാപ്രദേശ്) : പ്രണയത്തെച്ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് പരീക്ഷാഹാളിൽ ഒൻപതാം ക്ലാസ് വിദ്യാർഥിയെ കുത്തിപ്പരിക്കേൽപ്പിച്ച് സഹപാഠിയായ വിദ്യാർഥി. കിഴക്കൻ ഗോദാവരി ജില്ലയിലെ രാജനഗരം ഗവൺമെന്‍റ് ഹൈസ്‌കൂളിൽ വ്യാഴാഴ്‌ചയാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ വിദ്യാർഥി ആശുപത്രിയിൽ ചികിത്സയിലാണ്. കുട്ടി അപകട നില തരണം ചെയ്‌തതായി ഡോക്‌ടർമാർ അറിയിച്ചു.
ആക്രമണത്തിന് ശേഷം പ്രതിയായ വിദ്യാർഥി സംഭവ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. തന്‍റെ ബന്ധുവായ പെണ്‍കുട്ടിയുമായി അക്രമത്തിനിരയായ ആണ്‍കുട്ടിക്ക് ബന്ധമുണ്ടായിരുന്നു. ഇതിനെച്ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്നാണ് സഹപാഠിയെ കുത്തിപ്പരിക്കേൽപ്പിച്ചത്.
ബുധനാഴ്‌ച പരീക്ഷ കഴിഞ്ഞ് പോകുന്നതിനിടെ ഇരുവരും തമ്മിൽ വാക്ക് തർക്കമുണ്ടാവുകയും കുത്തിക്കൊലപ്പെടുത്തുമെന്ന് ഭീഷണി ഉയർത്തുകയും ചെയ്‌തിരുന്നു. തുടർന്ന് ഇന്നലെ പ്രതിയായ വിദ്യാർഥി കത്തിയുമായി പരീക്ഷാഹാളിലേക്ക് എത്തുകയും പരീക്ഷ നടക്കുന്നതിനിടെ സഹപാഠിയെ കുത്തുകയുമായിരുന്നു.
വിദ്യാർഥിയുടെ തൊണ്ടയിലും കൈയ്യുടെ മുകൾ ഭാഗത്തുമാണ് പരിക്കേറ്റത്. അടുത്തുണ്ടായിരുന്ന മറ്റ് വിദ്യാർഥികളും അധ്യാപകരും ചേർന്ന് ആക്രമണം തടയാൻ ശ്രമിച്ചെങ്കിലും പ്രതിയായ വിദ്യാർഥി കത്തി കാട്ടി ഇവരെയും ഭീഷണിപ്പെടുത്തിയ ശേഷം ഓടി രക്ഷപ്പെടുകയായിരുന്നു.
സാരമായി പരിക്കേറ്റ വിദ്യാർഥിയെ ഉടൻ തന്നെ സഹപാഠികളും അധ്യാപകരും ചേർന്ന് അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു. പ്രാഥമിക ചികിത്സയ്‌ക്ക് ശേഷം കുട്ടിയെ വിദഗ്‌ധ ചികിത്സയ്ക്കായി രാജമഹേന്ദ്രവാരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. അതേസമയം പ്രതിയായ വിദ്യാർഥി നിലവിൽ ഒളിവിലാണ്. ഇയാൾക്കായുള്ള തെരച്ചിൽ തുടരുകയാണെന്നും ഉടൻ പിടികൂടുമെന്നും പൊലീസ് അറിയിച്ചു.
സ്‌കൂളുകളിലും സുരക്ഷിതരല്ല : അതേസമയം രാജ്യത്ത് സ്‌കൂളുകളിൽ കുട്ടികൾക്കിടയിൽ ആക്രമണ സംഭവങ്ങളും അപകടങ്ങളും തുടർക്കഥയായി മാറിയിരിക്കുകയാണ്. ഇക്കഴിഞ്ഞ മാർച്ചിൽ ട്രൂത്ത് ഓർ ഡെയർ ഗെയിമിന്‍റെ ഭാഗമായി അമിതമായ അളവിൽ അയേണ്‍ ഗുളികകൾ കഴിച്ച് എട്ടാം ക്ലാസ് വിദ്യാർഥിനി മരിച്ചിരുന്നു. മത്സരത്തിന്‍റെ ഭാഗമായി ഡെയർ തെരഞ്ഞെടുത്തവരോട് പ്രധാന അധ്യാപകന്‍റെ ഓഫിസിൽ സൂക്ഷിച്ചിരുന്ന അയേണ്‍ ഗുളികകൾ കഴിക്കാൻ സാധിക്കുന്ന അത്രയും അളവിൽ കഴിക്കാൻ ആവശ്യപ്പെടുകയായിരുന്നു.
ഗുളിക കഴിച്ചതിന് പിന്നാലെ കുട്ടികളെല്ലാം ബോധരഹിതരായി വീഴുകയായിരുന്നു. ഉടൻ തന്നെ ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും ഒരു പെണ്‍കുട്ടിയുടെ നില ഗുരുതരമായി. ഈ വിദ്യാർഥിനിയെ വിദഗ്‌ധ ചികിത്സയ്ക്കായി ചെന്നൈയിലെ സർക്കാർ സ്റ്റാൻലി മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകുന്നതിനിടെ മരണപ്പെടുകയായിരുന്നു.
കുട്ടികൾക്ക് നേരെ ലൈംഗിക പീഡനവും: കഴിഞ്ഞ വർഷം ഡിസംബറിൽ ഉത്തർപ്രദേശിലെ ഫിറോസാബാദിലെ സർക്കാർ സ്‌കൂളിൽ സഹപാഠികളുടെ മർദനമേറ്റ് രണ്ടാം ക്ലാസ് വിദ്യാർഥി മരണപ്പെട്ടിരുന്നു. അതേസമയം സ്‌കൂൾ വളപ്പിൽ കുട്ടികൾക്ക് നേരെയുള്ള ലൈംഗിക പീഡനങ്ങളും വർധിച്ചുവരുന്നതായുള്ള ഞെട്ടിക്കുന്ന കണക്കുകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്.
ഡിസംബറിൽ തന്നെ ബിഹാറിലെ ബെഗുസാരായി ജില്ലയിൽ എട്ടാം ക്ലാസ് വിദ്യാർഥിനിയുടെ മൃതദേഹം സ്‌കൂളിലെ ക്ലാസ് മുറിയിൽ നിന്ന് കണ്ടെത്തിയിരുന്നു. ഇക്കഴിഞ്ഞ മാർച്ചിൽ സ്‌കൂൾ വളപ്പിൽ വച്ച് പ്രായപൂർത്തിയാകാത്ത രണ്ട് പെണ്‍കുട്ടികൾക്ക് നേരെ ബലാത്സംഗ ശ്രമം നടന്നിരുന്നു. ബിഹാറിലെ ബെഗുസരായി ജില്ലയിലായിരുന്നു ഞെട്ടിക്കുന്ന സംഭവമുണ്ടായത്. സ്‌കൂളിൽ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന വിദ്യാർഥിനികളെ പ്രദേശത്തുള്ളയാൾ മദ്യലഹരിയിലെത്തി പീഡിപ്പിക്കുകയായിരുന്നു.