താനെ (മഹാരാഷ്‌ട്ര): ഹോം വർക്ക് ചെയ്യാത്തതിനെത്തുടർന്ന് ട്യൂഷൻ ടീച്ചറിന്‍റെ മർദനമേറ്റ 12 വയസുകാരന്‍റെ കേൾവി ശക്‌തി നഷ്‌ടപ്പെട്ടു. മഹാരാഷ്‌ട്രയിലെ താനെയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവമുണ്ടായത്. ഹോം വർക്ക് ചെയ്‌ത് പൂർണമാക്കാത്തതിനാൽ അധ്യാപകൻ കുട്ടിയുടെ ചെവിയിൽ അടിക്കുകയായിരുന്നു. അതേസമയം പ്രതിയായ ട്യൂഷൻ ടീച്ചറിനെതിരെ പൊലീസ് കേസെടുത്തു. ഇയാൾ ഒളിവിലാണെന്നും ഉടൻ പിടികൂടുമെന്നും പൊലീസ് അറിയിച്ചു.
മാർച്ച് 31നായിരുന്നു കേസിനാസ്‌പദമായ സംഭവമുണ്ടായത്. ഹോം വർക്ക് കുട്ടി ചെയ്‌ത് പൂർത്തിയാക്കിയിരുന്നില്ല. ഇതിൽ പ്രകോപിതനായ അധ്യാപകൻ കൈ ഉപയോഗിച്ച് കുട്ടിയുടെ ചെവിയുടെ ഭാഗത്ത് ശക്‌തിയായി അടിക്കുകയായിരുന്നു. കരഞ്ഞുകൊണ്ട് വീട്ടിലെത്തിയ കുട്ടി മർദന വിവരം മാതാപിതാക്കളോട് പറഞ്ഞതോടെയാണ് സംഭവം പുറംലോകമറിയുന്നത്. മാതാപിതാക്കളുടെ പരിശോധനയിൽ ചെവി നീരു വന്ന് വീർത്തതായും കണ്ടെത്തി.
ചെവി വേദനിക്കുന്നതായി കുട്ടി മാതാപിതാക്കളെ അറിയിച്ചതിനെത്തുടർന്ന് ആശുപത്രിയിലെത്തിച്ചപ്പോഴാണ് കേൾവി ശക്‌തി നഷ്‌ടപ്പെട്ടതായി മനസിലാക്കിയത്. പിന്നാലെ മാതാപിതാക്കൾ പൊലീസിൽ പരാതി നൽകുകയായിരുന്നു. ട്യൂഷൻ ടീച്ചർക്കെതിരെ ഇന്ത്യൻ ശിക്ഷ നിയമത്തിലെ സെക്ഷൻ 323 (സ്വമേധയാ മുറിവേൽപ്പിക്കൽ), ജുവനൈൽ ജസ്റ്റിസ് ആക്‌ടിലെ പ്രസക്തമായ വകുപ്പുകൾ എന്നിവ പ്രകാരം ഭയന്ദർ പൊലീസ് കേസെടുത്തു.
അടിയേറ്റ് വിദ്യാർഥി കൊല്ലപ്പെട്ടു: കഴിഞ്ഞ മാസം ബിഹാറിലെ സഹർസയിൽ സ്‌കൂൾ അധ്യാപകന്‍റെ അടിയേറ്റ് ഏഴ് വയസുകാരൻ കൊല്ലപ്പെട്ടിരുന്നു. എൽകെജി വിദ്യാർഥിയെ അധ്യാപകൻ മരത്തടി കൊണ്ട് അടിക്കുകയായിരുന്നു. ഇതിനിടെ കുട്ടി ബോധരഹിതനായി വീണു. ഉടൻ തന്നെ സ്‌കൂൾ അധികൃതർ ചേർന്ന് കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പിന്നാലെ അധ്യാപകനും സ്‌കൂൾ മാനേജ്‌മെന്‍റിനും എതിരെ കുട്ടിയുടെ കുടുംബം പരാതി നൽകി. ഇതിനിടെ കുട്ടി മരിച്ചുവെന്നും മൃതദേഹം ആശുപത്രിയിൽ ഉപേക്ഷിക്കണമെന്നും അധ്യാപകൻ പറഞ്ഞതായി കൂടെയുള്ള സുഹൃത്തുക്കൾ മൊഴി നൽകിയിരുന്നു. പൊലീസ് അന്വേഷണം ആരംഭിച്ചതോടെ പ്രതിയായ അധ്യാപകൻ ഒളിവിൽ പോകുകയായിരുന്നു.