ന്യൂഡല്‍ഹി : ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലാ ഹോസ്റ്റലിലെ കുളിമുറിയില്‍ സീലിങ് അടര്‍ന്നുവീണ് വിദ്യാര്‍ഥിക്ക് പരിക്ക്. സബർമതി ഹോസ്റ്റലിലാണ് സംഭവം. സാരമായി പരിക്കേറ്റ വിദ്യാർഥിയെ സഫ്‌ദര്‍ജംഗ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. ഹോസ്റ്റല്‍ അധികൃതരുടെ ഭഗത്തുനിന്നും ഉണ്ടായ വീഴ്ചയാണ് ഇതിന് കരാണമെന്നാണ് വിദ്യാര്‍ഥി സംഘനകളുടെ ആക്ഷേപം.
ഹോസ്റ്റലിന്‍റെ ശോചനീയാവസ്ഥ പല തവണ അധികൃതരെ അറിയിച്ചിരുന്നു. എന്നാല്‍ പണത്തിന്‍റെ അഭാവം ചൂണ്ടിക്കാട്ടി അധികൃതര്‍ കൈമലര്‍ത്തുകയാണ് ചെയ്യുന്നതെന്നും ഓൾ ഇന്ത്യ സ്റ്റുഡന്റ്സ് അസോസിയേഷൻ ആക്ടിവിസ്റ്റ് മധുരിമ പറഞ്ഞു. ജർമന്‍ ഭാഷ പഠന വിഭാഗത്തിലെ ബിഎ രണ്ടാം വർഷ വിദ്യാർഥിക്കാണ് പരിക്കേറ്റത്.
Also Read: ജെഎൻയുവിൽ സംഘർഷം; എഫ്ഐആർ രജിസ്റ്റർ ചെയ്‌ത് ഡൽഹി പൊലീസ്
എന്നാല്‍ വിദ്യാര്‍ഥിയുടെത് നിസാര പരിക്കാണെന്നും കുട്ടിയുടെ എക്സറേ അടക്കമുള്ള കാര്യങ്ങളില്‍ കാര്യമായ പ്രശ്നങ്ങള്‍ കണ്ടെത്തിയിട്ടില്ലെന്നുമാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം. ഹോസ്റ്റലുകളില്‍ അറ്റകുറ്റപ്പണികള്‍ നടത്തേണ്ടതുണ്ട്.
എന്നാല്‍ പണം ലഭ്യമാകാത്തതാണ് ഇതിന്‍റെ പ്രധാന പ്രശ്നം. ഫണ്ട് പാസാക്കുന്നതിനായി മേലുദ്യോഗസ്ഥരെ സമീപിച്ചിട്ടുണ്ടെന്നും 54 കോടി രൂപയുടെ പദ്ധതികളാണ് തങ്ങള്‍ സമര്‍പ്പിച്ചിരിക്കുന്നതെന്നും അധികൃതര്‍ പറയുന്നു. അതേസമയം വിഷയത്തില്‍ പരാതി ലഭിച്ചിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി.