ജയ്‌പൂർ : നീറ്റ് യുജി പരീക്ഷയിൽ പരാജയപ്പെട്ടതില്‍ മനംനൊന്ത് ബിഹാർ സ്വദേശി രാജസ്ഥാനിൽ ആത്മഹത്യ ചെയ്‌തു. സമസ്‌തിപൂർ സ്വദേശി റോഷൻ (21) ആണ് ജീവനൊടുക്കിയത്. മെഡിക്കൽ പ്രവേശന പരീക്ഷയുടെ ഫലപ്രഖ്യാപനം നടന്ന ദിവസം റോഷൻ ബന്ധുക്കൾക്കൊപ്പം ന്യൂഡൽഹിയിലായിരുന്നു.
ശേഷം ജൂൺ 14 ന് ബുധനാഴ്‌ച രാവിലെയാണ് രാജസ്‌ഥാനിലെ കോട്ട ജില്ലയിൽ എത്തിയത്. രണ്ടാം തവണയും പ്രവേശന പരീക്ഷയില്‍ പരാജയപ്പെട്ടതിനെ തുടർന്ന് റോഷൻ വിഷാദത്തിലായിരുന്നെന്ന് പൊലീസ് ഉദ്യോഗസ്ഥന്‍ ഹർഷരാജ് സിങ് ഖരേദ പറഞ്ഞു. ഡൽഹിയിൽ നിന്ന് ബന്ധുക്കൾ റോഷനുമായി ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചപ്പോൾ മറുപടി ലഭിക്കാത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പഠനത്തിനായി റോഷൻ മഹാവീർ നഗർ പ്രദേശത്ത് വാടകയ്‌ക്ക് താമസിച്ച് വരികയായിരുന്നു.
ഡൽഹിയിൽ നിന്നുള്ള ബന്ധുക്കൾ അറിയിച്ചതിനെ തുടർന്ന് കോട്ടയിലുള്ള റോഷനെ അന്വേഷിച്ച് മറ്റൊരു ബന്ധു യുവാവിന്‍റെ മുറിയിൽ എത്തിയപ്പോഴാണ് മരിച്ചനിലയില്‍ കണ്ടെത്തുന്നത്. കഴിഞ്ഞ രണ്ട് വർഷമായി നീറ്റ്-യുജി പരീക്ഷയ്ക്കായി തയ്യാറെടുക്കുകയായിരുന്നു റോഷൻ. മൃതദേഹം സർക്കാർ ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.
എഞ്ചിനിയറിങ് വിദ്യാർഥി ആത്മഹത്യ ചെയ്‌തു : ഏപ്രിൽ രണ്ടിന് കേരളത്തിലെ കാഞ്ഞിരപ്പള്ളി അമൽജ്യോതി എഞ്ചിനിയറിങ് കോളജിൽ രണ്ടാം വർഷ ഫുഡ് ടെക്‌നോളജി വിദ്യാർഥിനി ആത്മഹത്യ ചെയ്‌തിരുന്നു. തൃപ്പൂണിത്തുറ സ്വദേശിയായ ശ്രദ്ധ സതീഷിനെയാണ് കോളജ് ഹോസ്‌റ്റലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കോളജ് മാനേജ്‌മെന്‍റിന്‍റെ കടുത്ത മാനസിക പീഡനത്തെ തുടർന്നാണ് ശ്രദ്ധ ആത്മഹത്യ ചെയ്‌തതെന്നാണ് വിദ്യാർഥികളുടെ ആരോപണം.
ലാബിൽ മൊബൈൽ ഫോൺ ഉപയോഗിച്ചതിന് ശ്രദ്ധയുടെ ഫോൺ അധ്യാപകർ പിടിച്ചെടുത്തിരുന്നു. കൂടാതെ വിദ്യാർഥിയുടെ മാതാപിതാക്കൾ നേരിട്ടെത്തണെമന്നും പല സെമിസ്‌റ്ററുകളിലും മാർക്ക് കുറവാണെന്നും ആരോപിച്ചും അധ്യാപകരും മാനേജ്‌മെന്‍റും ശ്രദ്ധയെ നിരന്തരം കുറ്റപ്പെടുത്തിയിരുന്നതായി സഹപാഠികൾ അറിയിച്ചു. ഇതേ തുടർന്ന് വിദ്യാർഥി കടുത്ത മാനസിക സമ്മർദത്തിലായിരുന്നു. ശ്രദ്ധയുടെ മരണത്തിന് പിന്നാലെ കോളജ് മാനേജ്‌മെന്‍റിനെതിരെ വിദ്യാർഥി സംഘടനകൾ ശക്തമായി പ്രതിഷേധിച്ചിരുന്നു.
ശക്തമായ പ്രതിഷേധവുമായി വിദ്യാർഥി സംഘടനകൾ : സഹപാഠികൾ ഭക്ഷണം കഴിക്കാൻ പോയ സമയത്താണ് ഹോസ്‌റ്റലിൽ ശ്രദ്ധ ജീവനൊടുക്കിയത്. ശേഷം ശ്രദ്ധയെ ആശുപത്രിയിൽ എത്തിച്ച കോളജ് അധികൃതർ വിദ്യാർഥി തലകറങ്ങി വീണതാണെന്നാണ് ഡോക്‌ടറോട് പറഞ്ഞത്. സത്യം പറഞ്ഞിരുന്നെങ്കിൽ അതിനാവശ്യമായ ചികിത്സ വിദ്യാർഥിയ്‌ക്ക് ലഭിക്കുമായിരുന്നെന്നാണ് ശ്രദ്ധയുടെ കുടുംബം പരാതിപ്പെട്ടത്. ശ്രദ്ധയുടെ മരണത്തിൽ സമഗ്രമായ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് സമൂഹ മാധ്യമങ്ങളിൽ അടക്കം കോളജിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നിരുന്നു.
ആത്മഹത്യ ഒന്നിനും പരിഹാരമല്ല : ശ്രദ്ധിക്കൂ... ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസിക ബുദ്ധിമുട്ടുകളുണ്ടായാല്‍ സഹായം തേടുക, അതിജീവിക്കുക. ഹെല്‍പ്‌ലൈന്‍ നമ്പര്‍ : ദിശ - 1056