ഡെറാഡൂണ്‍ (ഉത്തരാഖണ്ഡ്): ഓട്ടോയില്‍ കയറുന്നതിനിടെ വൈദ്യുതാഘാതമേറ്റ സ്‌കൂള്‍ വിദ്യാര്‍ഥിയുടെ ജീവന്‍ രക്ഷിച്ച് ഒപ്പമുണ്ടായിരുന്നവര്‍. ഉത്തരാഖണ്ഡിലെ ഡെറാഡൂണില്‍ തിങ്കളാഴ്‌ച വൈകിട്ടാണ് സംഭവം. വിദ്യാര്‍ഥിക്ക് വൈദ്യുതാഘാതം ഏല്‍ക്കുന്നതിന്‍റെ ദൃശ്യം സമീപത്തെ സിസിടിവി ക്യാമറയില്‍ പതിഞ്ഞിരുന്നു.
ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍ നില്‍ക്കുകയായിരുന്ന വിദ്യാര്‍ഥി ഷെയര്‍ ഓട്ടോയില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് വെള്ളക്കെട്ടുള്ള റോഡിലേക്ക് മറിഞ്ഞ് വീഴുകയായിരുന്നു. തുടര്‍ന്ന് ഒപ്പമുണ്ടായിരുന്നവര്‍ ഓടിയെത്തി പ്ലാസ്റ്റിക് ഷീറ്റ് കൊണ്ട് വിദ്യാര്‍ഥിയെ റോഡില്‍ നിന്ന് എടുത്ത് ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് മാറ്റി. വീഡിയോയുടെ അവസാനം പെണ്‍കുട്ടി എഴുന്നേറ്റ് നില്‍ക്കുന്നുണ്ട്.
സംഭവം നടക്കുന്നതിന് ഏതാനും നിമിഷങ്ങള്‍ക്ക് മുന്‍പ് ഓട്ടോയില്‍ കയറാന്‍ ശ്രമിക്കുന്ന മറ്റൊരു വിദ്യാർഥിക്കും വൈദ്യുതാഘാതമേല്‍ക്കുന്നത് വീഡിയോയില്‍ കാണാം. ഓട്ടോയുടെ മുന്‍വശത്ത് കയറാന്‍ ശ്രമിക്കുന്നതിനിടെയാണ് വിദ്യാര്‍ഥിക്ക് വൈദ്യുതാഘാതമേറ്റത്. തുടര്‍ന്ന് ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍ നില്‍ക്കുന്നയാള്‍ വിദ്യാര്‍ഥിയെ പിടിച്ച് മാറ്റുകയായിരുന്നു. എന്നാല്‍ ഇതിന് പിന്നാലെ ഓട്ടോയില്‍ കയറുന്നയാള്‍ക്ക് വൈദ്യുതാഘാതമേല്‍ക്കുന്നില്ല. ബസ് കാത്തിരിപ്പ് കേന്ദ്രത്തിലുണ്ടായിരുന്നവരുടെ സമയോചിത ഇടപെടല്‍ മൂലമാണ് വിദ്യാര്‍ഥികള്‍ രക്ഷപ്പെട്ടത്.
Also read: എയര്‍ കൂളറില്‍ നിന്ന് ഷോക്കേറ്റ് എഴുവയസുകാരന് ദാരുണാന്ത്യം ; അപകടം മാതാപിതാക്കള്‍ ജോലിക്കുപോയപ്പോള്‍