ബെംഗളൂരു : കെഎസ്‌ആര്‍ടിസി (കർണാടക സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് കോര്‍പറേഷന്‍) ബസിന്‍റെ ഡോറില്‍ നിന്ന് തെറിച്ച് വീണ വിദ്യാര്‍ഥി മരിച്ചു. വാസന ഗ്രാമവാസിയായ മധു ചക്രശാലിയാണ് (13) മരിച്ചത്. ഹാവേരി ജില്ലയിലെ ഹനഗലില്‍ ഇക്കഴിഞ്ഞ തിങ്കളാഴ്‌ച രാവിലെയാണ് സംഭവം.
സ്‌കൂളിലേക്ക് പോകുന്നതിനായി ബസില്‍ കയറിയപ്പോഴാണ് അപകടം. ബസിലെ അമിത തിരക്ക് കാരണം അകത്തേക്ക് കയറാനാകാതെ വിദ്യാര്‍ഥി ഡോറിനരികെ തന്നെ നില്‍ക്കുകയായിരുന്നു. റോഡ് തകര്‍ന്ന ഭാഗത്തെത്തിയപ്പോള്‍ ബസ് ഒരു ഭാഗത്തേക്ക് ചരിഞ്ഞതോടെ വിദ്യാര്‍ഥി പുറത്തേക്ക് തെറിച്ച് വീണു.തുടര്‍ന്ന് റോഡിലെ കല്ലില്‍ ചെന്നിടിക്കുകയായിരുന്നു.
തലയ്‌ക്കും കൈകാലുകള്‍ക്കും ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ഥിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ഹാവേരി ജില്ല ആശുപത്രിയില്‍ പോസ്‌റ്റ്‌മോര്‍ട്ടം പൂര്‍ത്തിയാക്കിയതിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. ബസ് ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്ന് മധുവിന്‍റെ പിതാവ് കരിബാസപ്പ ചക്രശാലി പറഞ്ഞു. സംഭവത്തില്‍ കുടുംബം പരാതി നല്‍കിയിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും അഡൂര്‍ പൊലീസ് അറിയിച്ചു.
കര്‍ണാടകയില്‍ ഇത് രണ്ടാമത്തേത് : കര്‍ണാടകയില്‍ രാമനഗര ജില്ലയില്‍ സ്‌കൂള്‍ ബസില്‍ നിന്ന് തെറിച്ചുവീണ നാല് വയസുകാരി മരിച്ചതിന് പിന്നാലെയാണ് വീണ്ടും ഇത്തരത്തിലുള്ള അപകടം റിപ്പോര്‍ട്ട് ചെയ്യുന്നത്. രാമനഹള്ളി ഗേറ്റിലുള്ള ശ്രീ സായി ഇന്‍റര്‍നാഷണല്‍ സ്‌കൂള്‍ വിദ്യാര്‍ഥിയായ രക്ഷയാണ് മരിച്ചത്. സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് വിദ്യാര്‍ഥി ബസില്‍ നിന്ന് പുറത്തേക്ക് തെറിച്ച് വീണത്.
അമിത വേഗതയിലായിരുന്ന ബസ് വളവ് തിരിഞ്ഞതോടെ, ഡോറിനരികെയുള്ള സീറ്റില്‍ ഇരിക്കുകയായിരുന്ന കുട്ടി റോഡിലേക്ക് തെറിച്ച് വീഴുകയായിരുന്നു. ഇതോടെ ബസിന്‍റെ പിന്‍ചക്രത്തിനടിയില്‍പ്പെട്ടു. തലയ്‌ക്ക് ഗുരുതരമായി പരിക്കേറ്റ കുട്ടി സംഭവ സ്ഥലത്ത് തന്നെ മരിച്ചു. ബസിന്‍റെ ഡോര്‍ അടയ്‌ക്കാത്തതാണ് അപകടത്തിന് കാരണമായത്.
തമിഴ്‌നാട്ടില്‍ കോളജ് വിദ്യാര്‍ഥിയുടെ ജീവനെടുത്ത് ബസ് : തമിഴ്‌നാട്ടില്‍ നിന്നുള്ള സമാനമായ വാര്‍ത്തയും ഞെട്ടലുളവാക്കിയിരുന്നു. ഏതാനും ആഴ്‌ചകള്‍ക്ക് മുമ്പാണ് തമിഴ്‌നാട്ടിലെ ഉദുമലൈയില്‍ ഓടിക്കൊണ്ടിരുന്ന ബസില്‍ നിന്ന് കോളജ് വിദ്യാര്‍ഥികള്‍ തെറിച്ച് വീണത്. പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ഥികളില്‍ ഒരാള്‍ മരിച്ചു.
മറയൂര്‍ സ്വദേശിയായ മദന്‍ലാലാണ് (20) മരിച്ചത്. ഒപ്പമുണ്ടായിരുന്ന മടത്തിക്കുളം സ്വദേശിയായ ആല്‍വിന്‍ അഭിഷേകിനാണ് പരിക്കേറ്റത്. പൊള്ളാച്ചി പാതയില്‍ വൈകിട്ടാണ് സംഭവമുണ്ടായത്.
തമിഴ്‌നാട്ടിലെ കോളജില്‍ നിന്ന് താമസ സ്ഥലത്തേക്കുള്ള യാത്രയ്ക്കിടെയാണ് വിദ്യാര്‍ഥികള്‍ അപകടത്തില്‍പ്പെട്ടത്. തിരക്കുള്ള ബസ് അമിത വേഗത്തില്‍ വളവ് തിരിയുന്നതിനിടെ വിദ്യാര്‍ഥികള്‍ പുറത്തേക്ക് തെറിച്ച് വീഴുകയായിരുന്നു. കേരളത്തിലും റോഡപകടങ്ങള്‍ ദിവസം തോറും വര്‍ധിച്ച് വരികയാണ്. ബസുകളുടെ അമിത വേഗതയും ആള്‍ത്തിരക്കുമാണ് ഇത്തരം അപകടങ്ങള്‍ക്ക് കാരണം.