ജലന്ധർ: മലയാളിയായ ഒന്നാം വര്‍ഷ എംബിഎ വിദ്യാര്‍ഥി ആത്മഹത്യ ചെയ്‌തതിനെ തുടര്‍ന്ന് പഞ്ചാബിലെ ലൗലി പ്രൊഫഷണൽ സര്‍വകലാശാലയിൽ സംഘര്‍ഷം. ചേര്‍ത്തല സ്വദേശി അജിന്‍ എസ് ദിലീപ് കുമാറിനെയാണ് ഹോസ്റ്റല്‍ മുറിയില്‍ ഇന്നലെ വൈകിട്ടാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തിന് ശേഷം പൊലീസ് വിദ്യാര്‍ഥിയുടെ മുറി സീല്‍ ചെയ്‌തു.
മുറിയില്‍ നിന്ന് ആത്മഹത്യ കുറിപ്പ് കണ്ടെത്തിയെങ്കിലും അജിന്‍ ആത്മഹത്യ ചെയ്യാനുള്ള കാരണം പൊലീസ് വ്യക്തമാക്കിയില്ല. വ്യക്തിപരമായ പ്രശ്‌നങ്ങളാണ് വിദ്യാര്‍ഥിയെ ആത്മഹത്യക്ക് പ്രേരിപ്പിച്ചതെന്നാണ് പൊലീസ് പറഞ്ഞത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി അയച്ചു.
വിദ്യാര്‍ഥിയുടെ വീട്ടുകാരെ വിവരം അറിയിച്ചുണ്ടെന്നും തുടര്‍ നടപടികള്‍ സ്വീകരിച്ചു വരികയാണെന്നും പൊലീസ് അറിയിച്ചു. അതേസമയം വിദ്യാര്‍ഥിയുടെ ആത്മഹത്യ സര്‍വകലാശാല അധികൃതര്‍ മറച്ചുവച്ചു എന്നാരോപിച്ച് വിദ്യാര്‍ഥികള്‍ കോളജ് കാമ്പസില്‍ പ്രതിഷേധിച്ചു. പത്തു ദിവസത്തിനിടെ ഇത് രണ്ടാമത്തെ ആത്മഹത്യ ആണെന്നാണ് വിദ്യാര്‍ഥികള്‍ പറയുന്നത്.
പ്രതിഷേധം സര്‍ഘത്തിലെത്തിയതോടെ പൊലീസ് ഇടപെട്ടു. പൊലീസ് ലാത്തി വീശിയാണ് കാമ്പസില്‍ സ്ഥിതികള്‍ നിയന്ത്രണത്തിലാക്കിയത്. മാധ്യമങ്ങളെ കാമ്പസിനുള്ളില്‍ കയറാന്‍ അനുവദിച്ചില്ല. ചണ്ഡീഗഢ് സർവകലാശാലയിലെ എംഎംഎസ് കേസ് വിവാദമായതിന് പിന്നാലെയാണ് സംഭവം.