ഹൈദരാബാദ്: തെലങ്കാന ചൗരസ്‌തയിലെ അംബര്‍പേട്ടില്‍ തെരുവ് നായകളുടെ ആക്രമണത്തിൽ നാല് വയസുകാരന് ദാരുണാന്ത്യം. നിസാമാബാദ് ജില്ലയിലെ ഇന്ദൽവായിയില്‍ താമസിക്കുന്ന ഗംഗാധര്‍, ജനപ്രിയ ദമ്പതികളുടെ മകന്‍ പ്രദീപാണ് മരിച്ചത്. ഞായറാഴ്‌ചയാണ് (ഫെബ്രുവരി 19) സംഭവം.
പിതാവ് ജോലി ചെയ്യുന്ന ചൗരസ്‌തയിലെ സ്ഥാപനത്തിന് മുന്‍പിലാണ് സംഭവം. കുട്ടി സ്ഥാപനത്തിന് മുന്‍പില്‍ കളിച്ചു കൊണ്ടിരിക്കുമ്പോഴാണ് തെരുവ് നായകള്‍ കൂട്ടമായെത്തി ആക്രമിച്ചത്. ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും കുട്ടിയെ നായകള്‍ പിന്തുടര്‍ന്ന് കടിക്കുകയായിരുന്നു.
സമീപത്തുണ്ടായിരുന്ന ആറുവയസുകാരിയായ സഹോദരി സംഭവം കണ്ടയുടനെ പിതാവിനെ വിവരമറിയിച്ചു. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.