ലോകത്തെയാകെ പിടിച്ചു കുലുക്കി കൊണ്ട് വ്യാപിക്കുകയാണ് കൊവിഡ് എന്ന മഹാമാരി. കൊവിഡിനെ കൊവിഡ് ഒന്നാം തരംഗം, രണ്ടാം തരംഗം എന്നിങ്ങനെയാണ് വിശേഷിപ്പിച്ചിരിക്കുന്നത്. പക്ഷെ കൊവിഡ് എന്നത് ഒരു തരംഗം മാത്രമല്ല. യഥാര്‍ത്ഥത്തില്‍ അതൊരു സുനാമി തന്നെയാണെന്നാണ് ഡല്‍ഹി ഹൈക്കോടതി കൊവിഡിനെ പരാമർശിച്ചത്. ഡല്‍ഹിയിലെ ഓക്‌സിജൻ ക്ഷാമവും അതുമൂലം പ്രതിസന്ധികൾ വർധിക്കുകയും ചെയ്യുന്നത് സംബന്ധിച്ചുള്ള കേസ് പരിഗണിക്കുന്നതിനിടയിലാണ് ഹൈക്കോടതിയുടെ ഈ പരാമർശം.
ഒരാഴ്ച കൊണ്ട് 26 ലക്ഷം രോഗികള്‍
കഴിഞ്ഞ വർഷം ജനുവരിയിലാണ് രാജ്യത്ത് ആദ്യമായി കൊവിഡ് സ്ഥിരീകരിച്ചത്. ഇപ്പോൾ രാജ്യത്തെ കൊവിഡ് കണക്ക് 25 ലക്ഷമായി മാറി. 25 ലക്ഷത്തിലേക്കെത്താൻ ആറു മാസമാണെടുത്തത്. എന്നാൽ കൊവിഡ് രണ്ടാം തരംഗത്തിൽ ഒരാഴ്‌ച കൊണ്ടാണ് രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം 26 ലക്ഷമായി മാറിയത്. ഈ കാലയളവില്‍ മാത്രം 23800 പേർ കൊവിഡ് ബാധിച്ചു മരിച്ചു എന്നാണ് കണക്കുകൾ പറയുന്നത്. സര്‍ക്കാർ പറയുന്ന കണക്ക് പ്രകാരം മാര്‍ച്ച് മാസത്തില്‍ 5417 പേരും ഏപ്രില്‍ മാസത്തില്‍ 45000 പേരുമാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇന്ത്യയിലെ ആകെ കൊവിഡ് രോഗികളുടെ എണ്ണം ഇപ്പോൾ രണ്ടു കോടി കവിഞ്ഞിരിക്കുകയാണ്. നിലവില്‍ 34 ലക്ഷം കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്. രാജ്യം വലിയ ഒരു സാമൂഹിക പ്രതിസന്ധിയിലേക്ക് നീങ്ങുന്നു എന്നാണ് ഈ കണക്കുകൾ സൂചിപ്പിക്കുന്നത്.
വൈകാതെ പ്രതിദിന രോഗികള്‍ 10 ലക്ഷം കടക്കും
രാജ്യത്തെ പ്രതിദിന കൊവിഡ് രോഗികളുെട എണ്ണം 10 ലക്ഷം മറികടക്കുമെന്നും മരണനിരക്ക് 5000 എന്ന സംഖ്യയിലേക്ക് എത്തിച്ചേരുമെന്നും നിരവധി വിദേശ ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കി കഴിഞ്ഞു. ഇതിനെ തുടർന്ന് രാജ്യവ്യാപകമായി ലോക്ക്‌ഡൗൺ ഏർപ്പെടുത്തണമെന്ന ആവശ്യവും പല കോണിൽ നിന്ന് ഉയർന്നു കേൾക്കുന്നുണ്ട്. കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന വിവരങ്ങള്‍ പ്രകാരം നിലവില്‍ ഇന്ത്യയില്‍ സ്ഥിരീകരിക്കുന്ന കൊവിഡ് രോഗികളുടെ എണ്ണത്തിന്‍റെ 73 ശതമാനവും മഹാരാഷ്‌ട്ര, ഉത്തർപ്രദേശ്, കർണാടക, തമിഴ്‌നാട്, ആന്ധ്രപ്രദേശ്, പശ്ചിമ ബംഗാള്‍, രാജസ്ഥാന്‍, ഛത്തീസ്‌ഗഡ്, ഡല്‍ഹി എന്നീ സംസ്ഥാനങ്ങളിലാണ് രേഖപ്പെടുത്തിയിരിക്കുന്നത്. രാജ്യത്തെ 150 ജില്ലകളില്‍ കൊവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി വർധിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ലോക്ക്‌ഡൗൺ ഏർപ്പെടുത്തേണ്ടത് അനിവാര്യമായി മാറിയിരിക്കുകയാണ്.
അടച്ചു പൂട്ടി രാജ്യം
ഹരിയാനയും ഒഡീഷയുമാണ് ഏറ്റവും ഒടുവില്‍ ലോക്ക്‌ഡൗൺ പ്രഖ്യാപിച്ച സംസ്ഥാനങ്ങള്‍. നിലവിൽ നിരവധി സംസ്ഥാനങ്ങള്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തുകയും അതിശക്തമായ നിയന്ത്രണ നടപടികള്‍ പ്രഖ്യാപിക്കുകയും ചെയ്‌തിട്ടുണ്ട്. എന്നിട്ടും കൊവിഡ് നിയന്ത്രണ വിധേയമാകുവാന്‍ മടിച്ചു നില്‍ക്കുകയാണ്. അതേ സമയം നിരവധി രാജ്യങ്ങള്‍ ഇന്ത്യയില്‍ നിന്നുള്ളവരുടെ പ്രവേശനം നിരോധിച്ചിരിക്കുകയുമാണ്. രോഗവ്യാപനത്തിന്‍റെ ശൃംഗലയെ ഇല്ലാതാക്കാൻ സംസ്ഥാനങ്ങളുമായി ആലോചിച്ച് ലോക്ക്‌ഡൗൺ നടപ്പിലാക്കുന്നതിനെ കുറിച്ച് കേന്ദ്ര സര്‍ക്കാര്‍ പരിഗണിക്കേണ്ടതും അത്യാവശ്യമായി മാറി കഴിഞ്ഞിരിക്കുന്നു. ജനങ്ങളുടെ ജീവന്‍ സംരക്ഷിക്കാൻ ലോക്ക്‌ഡൗൺ ഏര്‍പ്പെടുത്തേണ്ടതിനെ കുറിച്ച് പരിഗണിക്കണമെന്ന് സുപ്രീം കോടതിയും ഈയിടെ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ലോക്ക്‌ഡൗൺ ഏര്‍പ്പെടുത്തുന്നതിലൂടെയുള്ള സാമൂഹികവും സാമ്പത്തികവുമായ പ്രത്യാഘാതങ്ങളെ കുറിച്ച് അറിയാമെന്നും പാവപ്പെട്ട ജനങ്ങളെ പട്ടിണിയില്‍ നിന്നും രക്ഷിക്കേണ്ട നടപടികൾ സ്വീകരിക്കണ്ടതാണെന്നും ഹൈക്കോടതി പറഞ്ഞു.
ഇടപെട്ട് വിദേശ രാജ്യങ്ങളും
രാജ്യത്തെ ആരോഗ്യ മേഖല തകര്‍ന്ന് കിടക്കുന്നതിനാല്‍ ആഴ്‌ചകൾക്കുള്ളിൽ ലോക്ക്‌ഡൗൺ നടപ്പാക്കണെന്നാണ് അമേരിക്കയിലെ പൊതു ജനാരോഗ്യ പ്രവര്‍ത്തകനായ ആന്‍റണി ഫൗസി അഭിപ്രായപ്പെട്ടത്. ചൈന ചെയ്‌തതു പോലെ യുദ്ധകാലാടിസ്ഥാനത്തില്‍ ഇന്ത്യയും കൊവിഡ് ആശുപത്രികള്‍ നിര്‍മിക്കേണ്ടതാണെന്നും അദ്ദേഹം നിര്‍ദേശിച്ചു. മാത്രമല്ല പൊതു ജനങ്ങള്‍ക്ക് ഓക്‌സിജന്‍, മരുന്നുകള്‍, ആശുപത്രി കിടക്കകള്‍ എന്നിവ ലഭ്യമാക്കുന്നതിലാണ് രാജ്യം ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
തീവ്രത നീണ്ടു പോകും
പ്രധാനമന്ത്രി നിയോഗിച്ചിട്ടുള്ള കൊവിഡ് ടാസ്‌ക് ഫോഴ്‌സും ഇത്തരം ശുപാര്‍ശകളാണ് മുന്നോട്ട് വച്ചിരിക്കുന്നത്. അതിനാല്‍ ജനങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കേണ്ട സമയം ആയിരിക്കുകയാണ്. കൊവിഡ് വ്യാപനത്തിന്‍റെ രൂക്ഷത ചുരുങ്ങിയത് നാലു മുതൽ അഞ്ചു മാസങ്ങൾ വരെ നിലനിൽക്കുമെന്നാണ് ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേംബേഴ്‌സ് ഓഫ് കൊമേഴ്‌സ് ആൻഡ് ഇന്‍ഡസ്‌ട്രി പറയുന്നത്. അവർ നൽകുന്ന കണക്കുകൾ പ്രകാരം രാജ്യത്ത് ഇപ്പോള്‍ ചുരുങ്ങിയത് രണ്ട് ലക്ഷം ഐ സി യു കിടക്കകളും മൂന്ന് ലക്ഷം നഴ്‌സുമാർ, രണ്ട് ലക്ഷം ജൂനിയർ ഡോക്‌ടർമാർ എന്നിവരെ അധികമായി ആവശ്യമായിട്ടുണ്ട്.
കരുതലോടെ വേണം പ്രതിരോധം
കൊവിഡ് പരിശോധന സൗകര്യങ്ങൾ മെച്ചപ്പെടുത്തണമെന്നും സംസ്ഥാനങ്ങളുമായി സഹകരിച്ച് വാക്‌സിനേഷൻ വർധിപ്പിക്കണെന്നും ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേംബേഴ്‌സ് ഓഫ് കൊമേഴ്‌സ് ആൻഡ് ഇന്‍ഡസ്‌ട്രി അഭിപ്രായപ്പെട്ടു. അതോടൊപ്പം ലോക്ക്‌ഡൗൺ നടപ്പിലാക്കണെന്ന ശുപാർശയും മുന്നോട്ട് വച്ചിട്ടുണ്ട്. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കിടയിൽ കുടിയേറ്റ തൊഴിലാളികളുടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ കേന്ദ്രം സംസ്ഥാനങ്ങളുമായി കൂടിയാലോചിച്ച് ആവശ്യമായ നടപടി സ്വീകരിക്കേണ്ടതും അത്യാവശ്യമാണ്. ലോക്ക്‌ഡൗൺ ഭീതിമൂലം രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലുള്ള കുടിയേറ്റ തൊഴിലാളികൾ സ്വന്തം നാട്ടിലേക്ക് കൂട്ടമായി തിരിച്ചു പോകുന്ന കാഴ്‌ചയും നമ്മൾ കണ്ടതാണ്. ഇതുമൂലമുണ്ടാകുന്ന പ്രശ്‌നങ്ങൾ സർക്കാർ മുൻകൈ എടുത്ത് പരിഹരിക്കേണ്ടതാണ്.
കൂടുതൽ വായനക്ക്:പ്രതിദിന കൊവിഡ് മരണ നിരക്ക് നാലായിരവും കടന്നു