നാസിക് : വിവാഹ മോചന അപേക്ഷയിൽ വിചിത്ര വിധിയുമായി മഹാരാഷ്‌ട്രയിലെ ലോനിയിലെ ജാതി പഞ്ചായത്ത്. ലോനി സ്വദേശിയായ യുവാവിന്‍റെ അപേക്ഷ ഏറ്റെടുത്ത ജാതി പഞ്ചായത്ത് ഫോണിലൂടെയാണ് യുവതിയെ വിവാഹം മോചന വിവരം അറിയിച്ചത്. കൂടാതെ യുവതിയോട് ഒരു രൂപ നഷ്‌ടപരിഹാരം നൽകാനും ജാതി പഞ്ചായത്ത് ആവശ്യപ്പെട്ടു. സംഭവത്തിനെതിരെ നിയമ പോരാട്ടത്തിനൊരുങ്ങുകയാണ് അശ്വിനി എന്ന യുവതി
സംഭവം ഇങ്ങനെ : സിന്നാർ സ്വദേശിനിയായ അശ്വിനി അഹമ്മദ്‌നഗർ ജില്ലയിലെ ലോനി എന്ന പ്രദേശത്തെ യുവാവുമായി വിവാഹിതയായി. എന്നാൽ നിരന്തരമായ പീഡനങ്ങളെത്തുടർന്ന് യുവതി തിരികെ വീട്ടിലേക്കെത്തി. യുവതി തിരികെ വരില്ലെന്ന് കണ്ട ഭർത്താവ് അവളെ വിവാഹ മോചനം ചെയ്യാൻ തീരുമാനിച്ചു. ഇതിനായി അയാൾ ലോനിയിലെ വൈദു സമുദായത്തിന്‍റെ ജാതി പഞ്ചായത്തിനെയാണ് സമീപിച്ചത്.
ഇയാളുടെ ആവശ്യം ഏറ്റെടുത്ത പഞ്ചായത്ത് ഇത് പരിഗണിക്കുന്ന വേളയിൽ അശ്വിനിയുടെ വാദം കേൾക്കാൻ തയ്യാറായില്ല. യുവതിയുടെ അഭാവത്തിൽ അവരുടെ അഭിപ്രായം ചോദിക്കാതെ തന്നെ ജാതി പഞ്ചായത്ത് വിവാഹ മോചനം നടത്തി. തുടർന്ന് ഇക്കാര്യം ഫോണിലൂടെ അശ്വിനിയെ വിളിച്ചറിയിക്കുകയായിരുന്നു. കൂടാതെ അശ്വിനി ഒരു രൂപ നഷ്‌ടപരിഹാരമായി നൽകണമെന്നും പഞ്ചായത്ത് ആവശ്യപ്പെട്ടു.
പുനർ വിവാഹവുമായി യുവാവ് : തുടർന്ന് എട്ട് ദിവസങ്ങൾക്ക് മുൻപ് അശ്വിനിയുടെ ഭർത്താവ് മറ്റൊരു യുവതിയെ വിവാഹം കഴിച്ചു. എന്നാൽ ഇതിനെ അശ്വിനി എതിർത്തു. നിയമപരമായി വിവാഹ മോചനം നടത്താത്തതിനാൽ ഇവർ പൊലീസിനെ സമീപിക്കാനൊരുങ്ങി. എന്നാൽ പൊലീസിൽ പരാതി നൽകരുതെന്ന് ജാതി പഞ്ചായത്ത് അശ്വിനിക്ക് താക്കീത് നൽകി.
ഈ നിയമ ലംഘനത്തിനെതിരെ 'മുക്‌തമതി അഭിയാൻ' എന്ന സംഘടനയുടെ സംസ്ഥാന ഭാരവാഹി കൃഷ്‌ണ ചന്ദ്ഗുഡെയും അഡ്വ. രഞ്ജന ഗവണ്ടേയും യുവതിക്ക് നിയമ സഹായം വാഗ്‌ദാനം ചെയ്‌തു. നിലവിൽ ഭർത്താവിനും കുടുംബത്തിലെ മറ്റ് അംഗങ്ങൾക്കും ജാതി പഞ്ചായത്തിനും എതിരെ നിയമ പോരാട്ടത്തിനൊരുങ്ങുകയാണ് അശ്വിനി.
ALSO READ: ജാതകത്തില്‍ രണ്ട് വിവാഹത്തിന് സാധ്യത, പ്രശ്‌നപരിഹാരത്തിന് ആടിനെ കല്യാണം കഴിപ്പിച്ചു ; വിചിത്രാചാരം
നിയമ വിരുദ്ധ പ്രവർത്തനം : ജാതി പഞ്ചായത്തുകളുടെ സ്വേച്ഛാധിപത്യം തടയാൻ സർക്കാർ സാമൂഹിക വിരുദ്ധ ബഹിഷ്‌കരണ നിയമം സംസ്ഥാനത്ത് കൊണ്ടുവന്നിരുന്നു. എന്നാൽ മഹാരാഷ്‌ട്രയിൽ ഇപ്പോഴും നിയമവിരുദ്ധമായി ജാതി പഞ്ചായത്തുകൾ തീരുമാനങ്ങളെടുക്കുന്നുണ്ട്. ജാതി പഞ്ചായത്തുകൾക്കെതിരെ ശക്‌തമായ നടപടി സ്വീകരിക്കണമെന്ന ആവശ്യം സംസ്ഥാനത്തൊട്ടാകെ ഉയർന്നുവരുന്നുണ്ട്.