കച്ച്: അതിർത്തി ഗ്രാമങ്ങള്‍ വികസിപ്പിക്കുന്നതിനൊപ്പം കുടിയേറ്റം തടഞ്ഞ് ദേശീയ സുരക്ഷ വർധിപ്പിക്കുകയെന്നതാണ് മോദി സർക്കാർ ലക്ഷ്യമിടുന്നതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ . കുടിയേറ്റം തടയാനും ദേശീയ സുരക്ഷ വർധിപ്പിക്കാനും സര്‍ക്കാര്‍ പദ്ധതികള്‍ ആസൂത്രണം ചെയ്യും. സര്‍ക്കാര്‍ നീക്കം അതിര്‍ത്തി ഗ്രാമങ്ങളുടെ സുരക്ഷ വര്‍ധിപ്പിക്കുമെന്നും ഡോർഡോ പ്രദേശത്ത് പരിപാടിയില്‍ സംസാരിക്കവെ അമിത്ഷാ പറഞ്ഞു.
അതിർത്തി പ്രദേശങ്ങൾ പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിൽ അഭൂതപൂർവമായ വികസനവും സുരക്ഷയുമാണ് ഒരുക്കിയിരിക്കുന്നത്. നേരത്തേയുള്ള സര്‍ക്കാരുകള്‍ അതിര്‍ത്തി ഗ്രാമങ്ങളെ പരിഗണിച്ചിരുന്നില്ല. വൈദ്യുതിയോ വെള്ളമോ റോഡോ ഇല്ലാത്തതിനാൽ ആളുകൾ ഇവിടെ ജീവിക്കാന്‍ മടികാണിച്ചിരുന്നു. കേന്ദ്രസര്‍ക്കാര്‍ ഇന്ന് ഇവയെല്ലാം ഗ്രാമങ്ങളില്‍ എത്തിച്ചു.
ഭൂമിശാസ്തപരമായ പ്രശ്നങ്ങള്‍ കാരണം അതിര്‍ത്തി ഗ്രാമങ്ങളിലെ ജനങ്ങള്‍ ദാരിദ്ര്യത്തിലായിരുന്നു കഴിഞ്ഞിരുന്നത്. എന്നാല്‍ ഇന്ന് അവര്‍ക്ക് ഗ്യാസ് അടക്കമുള്ള സംവിധാനങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ ലഭ്യമാക്കി. അര്‍ദ്ധസൈനിക ആശുപത്രികളില്‍ ചികിത്സയൊരുക്കി സര്‍ക്കാര്‍ ആരോഗ്യ സംരക്ഷണ രംഗത്ത് ഗ്രാമീണര്‍ക്ക് ആശ്വാസം നല്‍കി. ഇവിടങ്ങളില്‍ സൗജന്യമായാണ് ചികിത്സയെന്നും അമിത് ഷാ പറഞ്ഞു.