ലഖ്‌നൗ : യുദ്ധവിമാനത്തിന്‍റെ ടയർ തിരിച്ചേല്‍പ്പിച്ച് മോഷ്‌ടാക്കൾ. ലഖ്‌നൗവിൽ നിന്ന് ജോധ്‌പൂരിലേക്ക് കൊണ്ടുപോകവേയാണ് ട്രക്കില്‍ നിന്ന് ടയര്‍ കവര്‍ന്നത്. വീരംഖണ്ഡ് നിവാസികളായ ദീപ്‌രാജ്, ഹിമാൻഷു എന്നിവർ ശനിയാഴ്‌ച വൈകിട്ട് ബികെടി എയർഫോഴ്‌സ് സ്റ്റേഷനിൽ എത്തി ടയർ തിരികെ നല്‍കുകയായിരുന്നു.
നവംബർ 27ന് ലഖ്‌നൗവിലെ ബക്ഷി കാ തലാബ് എയർബേസിൽ നിന്ന് ജോധ്പൂർ എയർബേസിലേക്ക് ആർജെ01 ജിഎ3338 എന്ന നമ്പരിലുള്ള ട്രക്കിൽ യുദ്ധവിമാനത്തിന്‍റെ അഞ്ച് ടയറുകൾ അയച്ചിരുന്നു. എന്നാൽ ഷഹീൻപഥ് റോഡിലെ ഗതാഗതക്കുരുക്കില്‍ ട്രക്ക് കുടുങ്ങിയപ്പോൾ ഒരു ടയര്‍ നഷ്ടപ്പെട്ടു. തുടർന്ന് ട്രക്ക് ഡ്രൈവറുടെ പരാതിയിൽ ഡിഡംബർ 1ന് ആഷിയാന പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്‌ത് അന്വേഷണം ആരംഭിച്ചു.
Also Read: Mental Health In Omicron Scare: ഒമിക്രോണ്‍ ഭീതി; മാനസികാരോഗ്യം എങ്ങനെ സംരക്ഷിക്കാം
മിറാഷ് യുദ്ധവിമാനത്തിന്‍റെ ടയറുകൾ അജ്ഞാതർ മോഷ്‌ടിച്ചുവെന്നായിരുന്നു പരാതി. ആഷിയാന സ്‌റ്റേഷനിൽ രജിസ്റ്റർ ചെയ്‌ത കേസിൽ തുടർ നടപടികൾ പുരോഗമിക്കവെയാണ് പൊലീസിനെയും അധികൃതരെയും ഞെട്ടിച്ച് മോഷ്‌ടാക്കള്‍ ടയര്‍ തിരികെയേല്‍പ്പിച്ചത്. പരാതിയിൽ പറയുന്ന ടയർ തന്നെയാണ് ഇരുവരും തിരികെ നൽകിയതെന്ന് എയർപോർട്ട് അധികൃതർ സ്ഥിരീകരിച്ചു. കേസില്‍ നടപടികള്‍ തുടരും.