നവി മുംബൈ: എട്ടു മാസത്തോളം ത്രീ സ്റ്റാർ ഹോട്ടലിൽ മുറിയെടുത്തു താമസിച്ച ശേഷം ബില്ല് വന്നപ്പോൾ ബാത്ത് റൂം ജനൽ വഴി രക്ഷപെട്ട യുവാവിനെ തേടി പൊലീസ്. മുംബൈ ഖാർഘർ മേഖലയിലെ ഒരു ത്രീ സ്റ്റാർ ഹോട്ടലിൽ നിന്നും ഇരുപത്തിയഞ്ചു ലക്ഷം രൂപയുടെ ബില്‍ കൊടുക്കാതെയാണ് യുവാവും മകനും രക്ഷപ്പെട്ടതെന്ന് പൊലീസ് പറയുന്നു.
നവംബർ ഇരുപത്തി മൂന്നിനാണ് മുരളി കാമത് അയാളുടെ പന്ത്രണ്ടു വയസ്സുള്ള മകനുമായി ഖാർക്കാരിലെ ഒരു ത്രീ സ്റ്റാർ ഹോട്ടലിൽ രണ്ടു മുറിയെടുക്കുന്നത്. സിനിമ മേഖലയിൽ ഗ്രാഫിക്സ് ഡിസൈനർ എന്ന് പരിചയപെടുത്തിയാണ് അദ്ദേഹം മുറി എടുത്തതെന്ന് പൊലീസ് പറഞ്ഞു. ഒരു മുറി ജോലി ആവശ്യങ്ങൾക്കും ഒന്ന് താമസിക്കാനും എന്ന് പറഞ്ഞു രണ്ടു സൂപ്പർ ഡീലക്സ് റൂമുകളാണ് അദ്ദേഹം ആവശ്യപ്പെട്ടത്.
"ഡെപ്പോസിറ്റ് പോലും വാങ്ങിയില്ല"
ആവശ്യമായ ഡെപ്പോസിറ്റ് ഒരു മാസത്തിനകം നൽകാം എന്നും അറിയിച്ചു. ഇദ്ദേഹം പറഞ്ഞത് വിശ്വസിച്ച ഹോട്ടൽ അധികൃതർ മുറികൾ നൽകുകയും ചെയ്തു. തുടർന്ന് എട്ടു മാസത്തോളം ഇവർ ഈ രണ്ടു മുറികളും ഉപയോഗിക്കുകയും ചെയ്തു.
പണത്തിനു പകരമായി അദ്ദേഹം തന്‍റെ പാസ്പോർട്ട് ഹോട്ടലിൽ സമർപ്പിച്ചിരുന്നു. ജൂലൈ അവസാനത്തോടെ ഹോട്ടൽ ബിൽ ഇരുപത്തിയഞ്ചു ലക്ഷം കവിഞ്ഞു. പണം ചോദിക്കാനായി കാമത്തിനെ അന്വേഷിച്ച ഹോട്ടലുകാർ മുറി ഉള്ളിൽ നിന്നും പൂട്ടിയത് കണ്ടു. പിന്നീട് വാതിൽ പൊളിച്ചു അകത്തു കടന്നപ്പോഴാണ് കാമത്തും മകനും ബാത്ത് റൂം ജനൽ വഴി രക്ഷപെട്ട കാര്യം ഹോട്ടലുകാർ അറിയുന്നത്.
ജോലി പൊലീസിന്...
ലാപ്ടോപ്പും മൊബൈൽ ഫോണും മുറിയിൽ ഉപേക്ഷിച്ചാണ് ഇയാൾ കടന്നു കളഞ്ഞതെന്ന് പൊലീസ് പറഞ്ഞു. അന്ധേരി സ്വദേശിയായ ഇദ്ദേഹത്തിനായി പൊലീസ് അന്വേഷണത്തിലാണ്.