അമരാവതി: പൊതുമേഖലാ സ്ഥാപനമായ രാഷ്ട്രീയ ഇസ്പത് നിഗം ലിമിറ്റഡിന്‍റെ (വിശാഖ പട്ടണം സ്റ്റീല്‍ പ്ലാന്‍റ്) സ്വകാര്യവത്‌കരണത്തിനെതിരെ സംസ്ഥാന വ്യാപകമായി ഇന്ന് ബന്ദ്. ബിജെപി ഒഴികെയുള്ള എല്ലാ രാഷ്ട്രീയ പാർട്ടികളും തൊഴിലാളി സംഘടനകളും ബന്ദിനെ പിന്തുണയ്ക്കുന്നുണ്ട്. വൈഎസ്ആര്‍സിപിയുടെ നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാരും ബന്ദുമായി സഹകരിക്കുന്നുണ്ട്. ബന്ദിന് പൂര്‍ണ്ണ പിന്തുണ നല്‍കാന്‍ മുഖ്യമന്ത്രി വൈഎസ് ജഗൻ മോഹൻ റെഡ്ഡി ആവശ്യപ്പെട്ടു.
സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും സർവ്വകലാശാലകളും അടച്ചിട്ടിരിക്കുകയാണ്. ഉച്ചയ്ക്ക് ഒരു മണി വരെ ആന്ധ്രപ്രദേശ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷന്‍റെ (എപിഎസ്ആർടിസി) ബസുകൾ സര്‍വീസ് നടത്തില്ലെന്ന് ഗതാഗത മന്ത്രി പെർണി വെങ്കടരാമയ്യ പറഞ്ഞു. തെലുങ്കുദേശം പാർട്ടി, പത്ത് ഇടതുപക്ഷ പാർട്ടികൾ, കോൺഗ്രസ് എന്നിവര്‍ ഉള്‍പ്പെടെ ഈ ബന്ദിനെ പിന്തുണയ്ക്കുന്നുണ്ടെന്ന് സിപിഎം നേതാവ് കെ രാമകൃഷ്ണ പറഞ്ഞു. നൂറ് പൊതുമേഖലാ സ്ഥാപനങ്ങൾ സ്വകാര്യവത്കരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചിരുന്നു. ഇത് ചെറിയ കാര്യമല്ല. വിഷയവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ജഗൻമോഹൻ റെഡ്ഡി അടിയന്തരമായി സര്‍വ്വകക്ഷി യോഗം ചേരണമെന്നും രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികളോടൊപ്പം പ്രധാന മന്ത്രി മോദിയുമായി കൂടിക്കാഴ്ച നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.