ഹൈദരാബാദ്: അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പ് ഫലം ഡിസംബർ മൂന്നിന് വരാനിരിക്കെ കണക്കുകൾ വീണ്ടും കൂട്ടിനോക്കി ബിജെപിയും കോൺഗ്രസും.
എക്‌സിറ്റ് പോൾ ഫലങ്ങൾ പ്രകാരം രാജസ്ഥാനിലും മധ്യപ്രദേശിലും ബിജെപിക്ക് നേരിയ മുൻതൂക്കമാണ് പ്രതീക്ഷിക്കുന്നത്. അതേസമയം തെലങ്കാനയില്‍ ഭരണത്തിലിരിക്കുന്ന ബിആർഎസിന് ആശ്വാസകരമായ കാര്യങ്ങളല്ല എക്‌സിറ്റ് പോളുകൾ പ്രവചിക്കുന്നത്. പ്രചാരണത്തിന്‍റെ തുടക്കം മുതല്‍ ബിആർഎസിനേക്കാൾ മുന്നിലായിരുന്ന കോൺഗ്രസിന് തെലങ്കാനയില്‍ അധികാരത്തിലെത്താമെന്നാണ് എക്‌സിറ്റ് പോളുകൾ പറയുന്നത്. എന്നാല്‍ ബിആർഎസിന് പരസ്യപിന്തുണ പ്രഖ്യാപിച്ചിരുന്ന ഓൾ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തേഹാദുൽ മുസ്ലിമീൻ (എഐഎംഐഎം) പിടിക്കുന്ന സീറ്റുകൾ സർക്കാർ രൂപീകരണത്തില്‍ നിർണായകമാകും. അതോടൊപ്പം തെലങ്കാനയില്‍ ബിജെപി സ്ഥാനാർഥികൾ നേടുന്ന വോട്ട് വിഹിതവും ഫലത്തെ സ്വാധീനിക്കും. ഛത്തീസ്‌ഗഡില്‍ അധികാരത്തിലിരിക്കുന്ന കോൺഗ്രസിന് തുടർഭരണം ഉറപ്പു നല്‍കുന്നതാണ് എക്‌സിറ്റ് പോൾ ഫലങ്ങൾ.
90 സീറ്റുകളുള്ള ഛത്തീസ്‌ഗഡില്‍ കേവല ഭൂരിപക്ഷത്തിന് 46 സീറ്റുകളാണ് വേണ്ടത്. ഇത്തവണ ബിജെപി നിലമെച്ചപ്പെടുത്തുമെങ്കിലും ഭൂപേഷ് ഭാഗലിന്‍റെ നേതൃത്വത്തിലുള്ള സർക്കാർ അധികാരത്തിലെത്തുമെന്നാണ് എക്‌സിറ്റ് പോളുകൾ എല്ലാം പറയുന്നത്. അതേസമയം മിസോറാമില്‍ തൂക്കുസഭയ്ക്ക് സാധ്യതയെന്ന് പറയുന്നുണ്ടെങ്കിലും കോൺഗ്രസിനും ബിജെപിക്കും സർക്കാർ രൂപീകരിക്കാനാകില്ലെന്നാണ് എക്‌സിറ്റ് പോളുകൾ നല്‍കുന്ന സൂചന. മിസോറാമില്‍ സോറാം പീപ്പിൾസ് മൂവ്‌മെന്‍റും മിസോ നാഷണല്‍ ഫ്രണ്ടും ഒപ്പത്തിനൊപ്പം സീറ്റുകൾ നേടുമെന്നാണ് എക്‌സിറ്റ് പോളുകൾ പറയുന്നത്.
2018െല നിയമസഭ തെരഞ്ഞെടുപ്പില്‍ ചത്തീസ്‌ഗിനൊപ്പം മധ്യപ്രദേശിലും രാജസ്ഥാനിലും കോൺഗ്രസ് അധികാരത്തിലെത്തിയതാണ്. എന്നാല്‍ മധ്യപ്രദേശില്‍ കാലുമാറ്റം മൂലം കോൺഗ്രസിന് അധികാരം നഷ്‌ടമായി. ഇത്തവണ ഛത്തീസ്‌ഗഡിലും രാജസ്ഥാനിലും അധികാരത്തുടർച്ച കോൺഗ്രസ് പ്രതീക്ഷിക്കുന്നുണ്ട്. മധ്യപ്രദേശില്‍ അധികാരത്തില്‍ തിരിച്ചെത്താമെന്ന പ്രതീക്ഷയും കോൺഗ്രസിനുണ്ട്.
230 സീറ്റുകളുള്ള മധ്യപ്രദേശില്‍ 116 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. മികച്ച ഭൂരിപക്ഷം നേടി ബിജെപി അധികാരത്തുടർച്ച സൃഷ്‌ടിക്കുമെന്നാണ് മുഖ്യമന്ത്രി ശിവ്‌രാജ് സിങ് ചൗഹാൻ പറയുന്നത്. 2018ല്‍ ഭൂരിപക്ഷമുണ്ടായിട്ടും നഷ്‌ടമായ അധികാരം ഇത്തവണ തിരിച്ചുപിടിക്കുമെന്നാണ് കോൺഗ്രസിന്‍റെ മുഖ്യമന്ത്രി സ്ഥാനാർഥി കമല്‍നാഥ് പറയുന്നത്.
200 അംഗ നിയമസഭയില്‍ 101 അംഗങ്ങളുടെ ഭൂരിപക്ഷമാണ് രാജസ്ഥാനില്‍ അധികാരത്തിലെത്താൻ ആവശ്യമുള്ളത്. ആദ്യമുണ്ടായിരുന്ന അസ്വാരസ്യങ്ങൾ കോൺഗ്രസിനെ ബാധിച്ചിട്ടുണോ എന്ന് ഡിസംബർ മൂന്നിന് അറിയാം.
തെലങ്കാനയില്‍ വിജയം ഉറപ്പിച്ചാണ് കോൺഗ്രസ് പ്രചാരണം നടത്തിയത്. ഡിസംബർ ഒൻപതിന് തെലങ്കാനയില്‍ കോൺഗ്രസ് സർക്കാർ സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് പിസിസി അധ്യക്ഷൻ രേവന്ദ് റെഡ്ഡി പോളിങിന് ശേഷം മാധ്യമങ്ങളോട് പറഞ്ഞത്. എന്നാല്‍ 119 സീറ്റുകളുള്ള തെലങ്കാനയില്‍ 70 സീറ്റുകൾ നേടി മൂന്നാം തവണയും അധികാരത്തിലെത്തുമെന്നാണ് ബിആർഎസ് നേതാവ് കെടി രാമറാവു മാധ്യമങ്ങളോട് പറഞ്ഞത്. തെലങ്കാനയില്‍ ബിജെപി 13 സീറ്റുകൾ വരെ നേടുമെന്നാണ് ജൻ കി ബാത് എന്ന എക്‌സിറ്റ് പോൾ പറയുന്നത്. അങ്ങനെയെങ്കില്‍ അത് ബിആർഎസിനെയാകും ബാധിക്കുക എന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങളുടെ വിലയിരുത്തല്‍.
പാർമെന്‍റിലേക്കുള്ള വഴി: വലിയ സംസ്ഥാനങ്ങൾ എന്ന നിലയിലും ഹിന്ദി മേഖലയിലെ സ്വാധീനം എന്ന നിലയിലും രാജസ്ഥാൻ, മധ്യപ്രദേശ് സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പ് ഫലം ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിക്കും കോൺഗ്രസിനുമുള്ള തയ്യാറെടുപ്പാണ്. ദക്ഷിണേന്ത്യയില്‍ കേരളം, തമിഴ്‌നാട്, കർണാടക എന്നി സംസ്ഥാനങ്ങളില്‍ ബിജെപി ഇതര സർക്കാരുകളാണ് അധികാരത്തിലുള്ളത്. കർണാടകയ്ക്ക് പിന്നാലെ തെലങ്കാനയിലും കോൺഗ്രസിന് അധികാരം പിടിക്കാനായാല്‍ ദക്ഷിണേന്ത്യയില്‍ നിന്ന് ലോക്‌സഭയിലേക്കുള്ള എംപിമാരുടെ എണ്ണം വർധിപ്പാക്കാൻ കോൺഗ്രസിനെ സഹായിക്കും. ദേശീയ തലത്തിലും അത് പ്രതിഫലിക്കുമെന്നാണ് കോൺഗ്രസ് ദേശീയ നേതൃത്വം കണക്കുകൂട്ടുന്നത്.
മിസോ മണ്ണില്‍ താമര തളിരിടുമോ: വടക്കുകിഴക്കൻ മേഖലയിലെ എല്ലാ സംസ്ഥാനങ്ങളിലും സർക്കാരുണ്ടാക്കാനുള്ള തീവ്രശ്രമത്തിലാണ് ബിജെപി. മിസോറാമിലും ബിജെപി പ്രതീക്ഷ കൈവിടുന്നില്ല. പക്ഷേ പ്രാദേശിക പാർട്ടികളെ മറികടന്ന് സ്വന്തം സർക്കാരുണ്ടാക്കാനുള്ള നീക്കത്തിന് തിരിച്ചടിയുണ്ടാകുമെന്നാണ് എക്‌സിറ്റ് പോളുകൾ പറയുന്നത്. അതോടൊപ്പം മണിപ്പൂരിലെ അക്രമ സംഭവങ്ങളും ബിജെപിക്ക് തിരിച്ചടിയാകുമെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ പറയുന്നത്. അങ്ങനെയെങ്കില്‍ വരാനിരിക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിലും അത് പ്രതിഫലിക്കും.