ന്യൂഡല്‍ഹി : സ്റ്റാര്‍ട്ട് അപ്പുകളുടെ കാര്യത്തില്‍ ഇന്ത്യ നടത്തുന്നത് വന്‍ കുതിപ്പെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിമാസ പരിപാടിയായ 'മന്‍ കി ബാത്തില്‍' (Mann Ki Baat) സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്ത് അടുത്തിടെ ഉണ്ടായ സ്റ്റാര്‍ട്ട് അപ്പുകളില്‍ 70 എണ്ണം വന്‍ കുതിച്ച് ചാട്ടം നടത്തിയവയാണ്. ഒരു ബില്യണ്‍ ഡോളറിലധികം വരുമാനമുള്ള കമ്പനികളായി ഇവ മാറിക്കഴിഞ്ഞു. ജനസംഖ്യ കൂടുതലുള്ള രാജ്യങ്ങള്‍ യുവാക്കള്‍ക്കായി മൂന്ന് കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ട്. ഇതിലൂടെ യുവാക്കള്‍ക്ക് അവരുടേതായ ഇടം നിര്‍മിക്കാന്‍ കഴിയും. ഇതില്‍ ആദ്യത്തേത് ആശങ്ങളും അവയുടെ നവീകരണവുമാണ്. രണ്ടാമത്തേത് ഉത്സാഹവും ധൈര്യവുമാണ്.
മൂന്നാമത്തേത് ഏത് ജോലിയും ഏറ്റെടുക്കാനുള്ള മനസാണ്. ഏത് പ്രതികൂല സാഹചര്യത്തിലും മുന്നോട്ടുപോകാന്‍ അവര്‍ക്ക് കഴിയണം. അങ്ങനയുണ്ടായാല്‍ അത് അത്ഭുതകരമായ മാറ്റങ്ങള്‍ വരുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ന് ലോകത്ത് തന്നെ ഏറ്റവും കൂടുതല്‍ സ്റ്റാര്‍ട്ട് അപ്പുകള്‍ തുടങ്ങുന്ന രാജ്യമായി ഇന്ത്യ മാറിക്കഴിഞ്ഞു.
ഈ കാര്യത്തില്‍ ഏറെ ദൂരം നാം പിന്നിട്ടുകഴിഞ്ഞു. കോടികളാണ് സ്റ്റാര്‍ട്ട് അപ്പുകള്‍ക്കായി വിദേശ രാജ്യങ്ങളില്‍ നിന്നും എത്തുന്നത്. 2015 വരെ രാജ്യത്ത് ഒൻപതോ പത്തോ സ്റ്റാര്‍ട്ട് അപ്പുകള്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്. വെറും പത്ത് മാസത്തിനുള്ളില്‍ ദിനംപ്രതി പത്ത് സ്റ്റാര്‍ട്ട് അപ്പുകള്‍ എന്ന തരത്തില്‍ രാജ്യം വളരുകയാണ്. കൊവിഡ് മഹാമാരിക്ക് ഇടയിലും നമ്മുടെ യുവാക്കള്‍ നേടിയത് വന്‍ വിജയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.