ബെംഗളൂരു: ഭരണം തിരിച്ച് പിടിക്കാൻ കോണ്‍ഗ്രസ്, തുടർ ഭരണം നേടാൻ ബിജെപി. തീപാറും പോരാട്ടം നടക്കുന്ന കർണാടകയിൽ നാളെ വോട്ടെണ്ണൽ നടക്കാനിരിക്കെ പാർട്ടികളെല്ലാം ആകാംഷയുടെ മുൾമുനയിലാണ്. എക്‌സിറ്റ് പോൾ ഫലങ്ങൾ കോണ്‍ഗ്രസിന് അനുകൂലമാണെങ്കിൽ പോലും സംസ്ഥാനത്ത് തൂക്ക് മന്ത്രിസഭയ്‌ക്ക് സാധ്യതയുണ്ടാകുമെന്നാണ് കണക്കുകൂട്ടൽ. 224 അംഗ കര്‍ണാടക നിയമസഭയിൽ കേവല ഭൂരിപക്ഷത്തിന് 113 സീറ്റുകളാണ് വേണ്ടത്.
36 കേന്ദ്രങ്ങളിലായി രാവിലെ എട്ടിന് വോട്ടെണ്ണൽ ആരംഭിക്കും. ഉച്ചയോടെ കന്നട പോരാട്ടത്തിന്‍റെ വ്യക്തമായ ചിത്രം പുറത്തുവരും. മെയ് 10ന് നടന്ന തെരഞ്ഞെടുപ്പിൽ 73.19 ശതമാനം പോളിങ്ങാണ് ഔദ്യോഗികമായി രേഖപ്പെടുത്തിയത്. അതേസമയം അനിഷ്‌ട സംഭവങ്ങൾ ഒഴിവാക്കുന്നതിനായി സംസ്ഥാനത്തുടനീളം, പ്രത്യേകിച്ച് വോട്ടെണ്ണൽ കേന്ദ്രങ്ങളിലും പരിസരങ്ങളിലും വിപുലമായ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
എന്താകും ജനവിധി: മിക്ക എക്‌സിറ്റ് പോൾ ഫലങ്ങളും കോൺഗ്രസും ബിജെപിയും തമ്മിൽ കടുത്ത മത്സരമാണ് പ്രവചിക്കുന്നത്. വ്യക്‌തമായൊരു ചിത്രം ലഭിക്കുന്നില്ലെങ്കിൽ പോലും കോണ്‍ഗ്രസിനാണ് എക്‌സിറ്റ് പോൾ ഫലങ്ങളിൽ നേരിയ മുൻതൂക്കം. അതേസമയം തൂക്ക് മന്ത്രിസഭയുണ്ടാവുമെന്നാണ് ജെഡിഎസിന്‍റെ കണക്കുകൂട്ടൽ. കേവല ഭൂരിപക്ഷം ആർക്കും ലഭിക്കാതിരുന്നാൽ ജെഡിഎസ് കർണാടകയിലെ 'ഗെയിം ചെയിഞ്ചറായി' മാറും.
കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി തുടരുന്ന പ്രവണത പോലെ ത്രികോണ മത്സരത്തിനാണ് ഇത്തവണയും കർണാടക സാക്ഷ്യം വഹിച്ചത്. ഭൂരിഭാഗം മണ്ഡലങ്ങളിലും ബിജെപി, കോണ്‍ഗ്രസ്, ജെഡിഎസ് എന്നിവർ തമ്മിലായിരുന്നു പോരാട്ടം. ഡൽഹിയിലും പഞ്ചാബിലും അധികാരത്തിലുള്ള ആം ആദ്‌മി പാർട്ടിയും ഇത്തവണ കർണാടകയിൽ മത്സര രംഗത്തുണ്ടായിരുന്നു. എന്നിരുന്നാൽ പോലും കോണ്‍ഗ്രസും ബിജെപിയും തമ്മിൽ തന്നെയായിരുന്നു കർണാടകയിൽ പോരാട്ടം.
നിലവിൽ ബിജെപിക്ക് തെക്കേ ഇന്ത്യയിൽ സ്വാധീനമുള്ള ഏക സംസ്ഥാനമാണ് കർണാടക. അതിനാൽ തന്നെ അവരെ സംബന്ധിച്ചിടത്തോളം ഭരണം നിലനിർത്തുക എന്നത് തെക്കേ ഇന്ത്യയിൽ പാർട്ടിയുടെ മുന്നേറ്റത്തിന്‍റെ കൂടി ആവശ്യകതയായി മാറിയിട്ടുണ്ട്. മറുവശത്ത് കൈവെള്ളയിലിരുന്ന ഭരണം കണ്‍മുന്നിൽ നഷ്‌ടപ്പെട്ട കോണ്‍ഗ്രസിന് ഇത്തവണ ഇത് ജീവൻ മരണ പോരാട്ടമാണ്. ഇനിയൊരു തോൽവി ഏറ്റുവാങ്ങിയാൽ അത് കോണ്‍ഗ്രസിന്‍റെ നിലനിൽപ്പിനെ തന്നെ ചോദ്യം ചെയ്യപ്പെട്ടേക്കാം.
റിസോർട്ട് രാഷ്‌ട്രീയം ആവർത്തിക്കുമോ? : 2018 ലെ നിയമസഭ തെരഞ്ഞെടുപ്പിൽ ബിജെപി 104 സീറ്റുകളും കോൺഗ്രസ് 80 സീറ്റുകളും ജെഡിഎസ് 37 സീറ്റുകളും നേടിയിരുന്നു. ഭൂരിപക്ഷം ലഭിച്ചതോടെ ജെഡിഎസും കോണ്‍ഗ്രസും സഖ്യമുണ്ടാക്കി സർക്കാർ രൂപീകരിച്ചു. ജെഡിഎസിലെ എച്ച്‌ഡി കുമാരസ്വാമിയായിരുന്നു മുഖ്യമന്ത്രി. എന്നാൽ 14 മാസം മാത്രമേ ഈ മന്ത്രിസഭയ്‌ക്ക് ആയുസ് ഉണ്ടായിരുന്നുള്ളു.
പൊടുന്നനെ ഒരു നാൾ ഭരണപക്ഷത്തെ ഞെട്ടിച്ചുകൊണ്ട് കോണ്‍ഗ്രസിന്‍റെ 14 എംഎൽഎമാരും ജെഡിഎസിന്‍റെ മൂന്ന് എംഎൽഎമാരും രാജി സമർപ്പിച്ചു. പിന്നാലെ അവർ ബിജെപിയിലേക്ക് ചാടുകയും ചെയ്‌തു. എംഎൽഎമാരുടെ രാജിക്ക് പിന്നാലെ 2019 ഡിസംബറിൽ 15 മണ്ഡലങ്ങളിലേക്ക് ഉപതെരഞ്ഞെടുപ്പ് നടന്നു. കർണാടക ഹൈക്കോടതിയിൽ ഹർജികൾ നിലനിൽക്കുന്നതിനാൽ മസ്‌കി (റായിച്ചൂർ ജില്ല), ആർആർ നഗർ (ബാംഗ്ലൂർ സൗത്ത് വെസ്റ്റ്) മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് നടന്നില്ല.
ഉപതെരഞ്ഞെടുപ്പിൽ വ്യക്‌തമായ ആധിപത്യം നേടിയ ബിജെപി 15ൽ 12 സീറ്റുകളും തൂത്തുവാരി. കോണ്‍ഗ്രസ് രണ്ട് സീറ്റുകളിലേക്ക് ചുരുങ്ങിയപ്പോൾ ഒരു സീറ്റിൽ സ്വതന്ത്ര സ്ഥാനാർഥിയും വിജയിച്ചു. ഇതോടെ 119 എംഎൽഎമാരുമായി ബിജെപി അധികാരം പിടിച്ചെടുത്തു. പിന്നാലെ യെദ്യൂരപ്പയുടെ നേതൃത്വത്തിൽ ബിജെപി സർക്കാർ രൂപീകരിച്ചു. പിന്നീട് ഒരു വർഷത്തോളം ഭരിച്ച യെദ്യൂരപ്പ സ്ഥാനമൊഴിഞ്ഞതിനെ തുടർന്ന് ബസവരാജ് ബൊമ്മൈ മുഖ്യമന്ത്രിയാവുകയായിരുന്നു.