ശ്രീനഗർ: കനത്ത മഞ്ഞുവീഴ്‌ചയേയും മഴയേയും തുടർന്ന് ശ്രീനഗർ-ജമ്മു ദേശീയപാത അടച്ചു. ഇതോടെ നൂറുകണക്കിന് യാത്രക്കാരും ചരക്ക് വാഹനങ്ങളും ജവഹർ ടണലിന്‍റെ ഇരുവശങ്ങളിലും കുടുങ്ങിക്കിടക്കുകയാണ്. കശ്മീർ താഴ്‌വരയെ രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളുമായി ബന്ധിപ്പിക്കുന്നതാണ് ശ്രീനഗർ-ജമ്മു ദേശീയപാത. ഗതാഗതം റദ്ദാക്കിയതോടെ ഇവിടെ ഒറ്റപ്പെട്ട യാത്രക്കാർ കടുത്ത തണുപ്പും ഭക്ഷണ ക്ഷാമവും നേരിടുകയാണെന്ന് പറയുന്നു.
ALSO READ:കശ്‌മീരിന്‍റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കും; കർഫ്യൂ ഏർപ്പെടുത്തിയത് ജീവൻ രക്ഷിക്കാനെന്ന് അമിത് ഷാ
ദേശീയ പാതയിൽ വിവിധയിടങ്ങളിലായി അധികൃതർ കൺട്രോൾ റൂമുകളും ദുരന്ത കേന്ദ്രങ്ങളും സ്ഥാപിച്ചിട്ടുണ്ട്. എന്നാൽ നിസഹായരായ യാത്രക്കാർക്ക് ഇവിടെ നിന്നും ഒരു പ്രയോജനവും ലഭിക്കുന്നില്ലെന്നും പരാതിയുണ്ട്. അതേസമയം ദേശീയപാത പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ നടന്നുവരികയാണെന്നും താൽകാലികമായി ദേശീയപാതയിലൂടെയുള്ള യാത്ര നിരോധിച്ചിരിക്കുകയാണെന്നും ട്രാഫിക് ഉദ്യോഗസ്ഥർ അറിയിച്ചു.