ചെന്നൈ: ലിബറേഷൻ ടൈഗേഴ്‌സ് ഓഫ് തമിഴ് ഈഴം (LTTE) പ്രസ്ഥാനത്തെ പുനരുജ്ജീവിപ്പിക്കാൻ ഫണ്ട് സമാഹരിച്ചുവെന്നാരോപിച്ച് ശ്രീലങ്കൻ സ്വദേശിനിയെ അറസ്റ്റ് ചെയ്തു. മേരി ഫ്രാൻസിസ്കോ (40) എന്ന സ്ത്രീയാണ് തമിഴ്‌നാട് പൊലീസിന്‍റെ പിടിയിലായത്. ഇവർ വർഷങ്ങൾക്ക് മുമ്പ് കാനഡയിലേക്ക് താമസം മാറി അവിടെ സ്ഥിരതാമസക്കാരിയാണ്.
മുംബൈയിലേക്ക് വിമാനം കയറുന്നതിനിടെ ചെന്നൈ എയർപോർട്ടിൽ വെച്ചാണ് ഇവരെ പിടികൂടിയത്. പ്രതിയുടെ പക്കൽ നിന്നും വ്യാജ പാസ്‌പോർട്ടും പൊലീസ് പിടിച്ചെടുത്തു. ജർമനിയിലും സ്വിറ്റ്‌സർലൻഡിലും ആസ്ഥാനമായി പ്രവർത്തിക്കുന്ന എൽടിടിഇ അംഗങ്ങളുടെ ബാങ്ക് അക്കൗണ്ടുകളിൽ ക്ലെയിം ചെയ്യപ്പെടാതെ കിടക്കുന്ന ഭീമമായ തുക എങ്ങനെയാണ് സ്വരൂപിക്കപ്പെട്ടതെന്ന് അവർ അന്വേഷണ ഉദ്യോഗസ്ഥരോട് വിശദീകരിച്ചു.
ഇന്ത്യ, കാനഡ, സിംഗപ്പൂർ, മലേഷ്യ എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന അനുഭാവികളുടെ ഒരു വലിയ ശൃംഖല, വ്യാജ രേഖകൾ ഉപയോഗിച്ച് ഏജന്‍റുമാരെ വിന്യസിച്ചാണ് പണം സ്വരൂപിച്ചിരുന്നത്. തുടർന്ന് ഈ പണം ഏതെങ്കിലും കമ്പനികളുടെയോ വ്യക്തികളുടെയോ പേരിൽ ഇന്ത്യയിലും വിദേശത്തുമുള്ള വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് ട്രാൻസ്‌ഫർ ചെയ്‌ത് പ്രസ്ഥാനത്തിന്‍റെ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കും.
ALSO READ: യുഎസ് കാനഡ അതിര്‍ത്തിയില്‍ തണുത്തുവിറച്ച് മരിച്ച ഇന്ത്യന്‍ കുടുംബത്തെ തിരിച്ചറിഞ്ഞു
പൊലീസ് നൽകുന്ന വിവരമനുസരിച്ച് ഏതാനും വർഷങ്ങൾക്ക് മുമ്പ് ഇന്ത്യയിലെത്തിയ മേരി ഫ്രാൻസിസ്കോ ചെന്നൈയിലെ അണ്ണാനഗറിലെ ഒരു വാടകക്കെട്ടിടത്തിൽ താമസിച്ചുവരികയായിരുന്നു. വാടക കരാറിന്‍റെയും ഗാർഹിക എൽപിജി കണക്ഷൻ രേഖകളുടെയും സഹായത്തോടെ വിവിധ ബാങ്കുകളിൽ അക്കൗണ്ട് തുറന്നു. ചില ഏജന്‍റുമാരുടെ സഹായത്തോടെ വ്യാജ പാൻ കാർഡ്, ആധാർ കാർഡ്, വോട്ടർ ഐഡി കാർഡ്, പാസ്‌പോർട്ട് എന്നിവയും സംഘടിപ്പിച്ചു.
മുംബൈയിലെ ഇന്ത്യൻ ഓവർസീസ് ബാങ്കിന്‍റെ ഫോർട്ട് ബ്രാഞ്ചിലെ ജോയിന്‍റ് അക്കൗണ്ടിൽ കിടന്നിരുന്ന കോടിക്കണക്കിന് രൂപ പിൻവലിക്കാനുള്ള ചുമതല ഫ്രാൻസിസ്കോ മറ്റ് ചിലരെ ഏൽപിച്ചുവെന്നും പൊലീസ് പറയുന്നു. ഫ്രാൻസിസ്കോയും മറ്റ് രണ്ട് പേരും ചേർന്ന് യഥാർത്ഥ അക്കൗണ്ട് ഉടമകളുടെ വിവരങ്ങൾ ഉപയോഗിച്ച് വ്യാജരേഖകൾ ഉണ്ടാക്കി ആൾമാറാട്ടം നടത്തി. അക്കൗണ്ടുമായി ബന്ധിപ്പിച്ച മൊബൈൽ ഫോൺ കൈകാര്യം ചെയ്യാനും ഇവർക്ക് സാധിച്ചു.
എന്നാൽ പ്രതികളുടെ നീക്കം നിരീക്ഷിച്ച രഹസ്യാന്വേഷണ ഉദ്യോഗസ്ഥർ ഇമിഗ്രേഷൻ അധികൃതരെ അറിയിക്കുകയും പ്രതികളെ പിടികൂടുകയുമായിരുന്നു. പാകിസ്ഥാനിൽ നിന്ന് ശ്രീലങ്കയിലേക്ക് ആയുധങ്ങളും മയക്കുമരുന്നും കടത്തുന്നതിൽ ഇവർ ഉൾപ്പെട്ടിട്ടുണ്ടെന്നും ഇതിൽ നിന്നും ലഭിക്കുന്ന വരുമാനം സംഘടനയിലെ മുൻ അംഗങ്ങൾക്ക് ഫണ്ട് നൽകുന്നതിനായി ഉപയോഗിച്ചുക്കുന്നുവെന്നുമുള്ള വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തിൽ പ്രതികളെ ഏജൻസി പിന്തുടരുകയായിരുന്നു.