റായ്‌പൂർ: ബിജെപിയുടെ 'ശ്രീരാമൻ' അജണ്ഡക്കെതിരെ വിമർശനവുമായി ചത്തീസ്‌ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ. ശ്രീരാമൻ എല്ലാവരുടേതാണെന്നും രാമനുമേൽ ബിജെപിക്ക് പ്രത്യേക കോപ്പിറൈറ്റ് അവകാശമില്ലെന്നും ഭൂപേഷ് ബാഗേൽ പ്രതികരിച്ചു. സംസ്ഥാന സർക്കാർ രാമായണ പാരായണ മത്സരം നടത്തുന്നത് സംബന്ധിച്ച ചോദ്യങ്ങളോടായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.
'രാമായണ പരായണം സംസ്‌കാരത്തിന്‍റെ ഭാഗം'
ബിജെപി രാമജന്മഭൂമി പ്രശ്‌നം ഉന്നയിക്കുന്നത് 80കളിലാണ്. ഇതിലൂടെ ബിജെപി രാഷ്‌ട്രീയ മുതലെടുപ്പ് നടത്താനായാണ് ശ്രമിക്കുന്നത്. എന്നാൽ സ്വാതന്ത്യലബ്‌ധിക്ക് മുമ്പേ 'രഘുപതി രാഘവ രാജാ റാം' ഗാന്ധിജി ചൊല്ലിയിരുന്നു.
നൂറു വർഷങ്ങൾക്ക് മുമ്പ് തന്നെ ഗ്രാമങ്ങളിൽ രാമായണം ചൊല്ലുന്ന പതിവുണ്ടായിരുന്നു. ഇത് ഞങ്ങളുടെ സംസ്‌കാരത്തിന്‍റെ ഭാഗമാണെന്നും അതിൽ ബിജെപിയുടെ പ്രശ്‌നമെന്താണെന്നും അദ്ദേഹം ചോദിക്കുന്നു. ശ്രീരാമന് മേൽ എല്ലാവർക്കും ഒരേ അവകാശമാണെന്നും ബിജെപിക്ക് ആരും ശ്രീരാമന്‍റെ കോപ്പിറൈറ്റ് അവകാശം നൽകിയിട്ടില്ലെന്നും അദ്ദേഹം വിമർശിച്ചു.
കേന്ദ്ര സർക്കാരിനെ വിമർശിച്ച് ബാഗേൽ
ഒരു ലക്ഷം കോടി രൂപ കാർഷിക വികസന ഫണ്ടിന് അനുമതി നൽകുന്ന കേന്ദ്ര സർക്കാർ എന്നാൽ മുൻ തവണകളിൽ അനുവദിച്ച പണം എവിടെയാണ് ചെലവഴിച്ചതെന്ന് വ്യക്തമാക്കണം. 20 ലക്ഷം കോടി രൂപ കേന്ദ്രം വകയിരുത്തിയെങ്കിലും എവിടെയാണ് ഈ തുക ചെലവഴിച്ചതെന്ന് നമുക്കറിയില്ല. കർഷകരുടെ താൽപര്യമാണ് സർക്കാരിന്‍റെ പ്രഥമ പരിഗണനയെങ്കിൽ ഏഴ് മാസമായി സമരം ചെയ്യുന്ന കർഷകരുടെ പ്രശ്‌നങ്ങൾ പരിഗണിക്കാത്തത് എന്താണെന്നും അദ്ദേഹം ചോദിച്ചു.
ഇന്ധനവില ടെണ്ടുൽക്കറുടെ സെഞ്ച്വറി പോലെ
ഇന്ധനവില വർധനവിനെതിരെയും മുഖ്യമന്ത്രി ബാഗേൽ രൂക്ഷമായി വിമർശിച്ചു. ടെണ്ടുൽക്കറുടെ സെഞ്ച്വറി പോലെയാണ് രാജ്യത്ത് ഇന്ധനവില വർധിക്കുന്നത്. ഇന്ധനവില പ്രധാനമന്ത്രിയുടെ പ്രായവും കടന്നുപോയെന്നും അദ്ദേഹം പരിഹസിച്ചു.
READ MORE: സാമ്പത്തികമായി പിന്നാക്കമുള്ളവര്‍ക്ക് വാക്സിനേഷനില്‍ മുൻഗണന വേണം: ഭൂപേഷ് ബാഗേൽ