ന്യൂഡൽഹി: ബിജെപിയില്‍ ചേര്‍ന്ന ഇ. ശ്രീധരന്‍റെ നീക്കം വരുന്ന തെരഞ്ഞെടുപ്പില്‍ ചെറിയ സ്വാധീനം മാത്രമേ ചെലുത്തുകയുള്ളൂവെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും എംപിയുമായ ശശി തരൂര്‍. വളരെ ചുരുക്കം സീറ്റുകളില്‍ മാത്രമേ ശക്തരായ ബിജെപി സ്ഥാനാര്‍ഥികളുള്ളൂവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
2016 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഒരു സീറ്റ് നേടിയ ബിജെപിയുടെ പ്രകടനം ഇത്തവണ മെച്ചപ്പെടുത്താൻ വളരെ ബുദ്ധിമുട്ടാണെന്നും ശ്രീധരന്‍റെ നീക്കം ബിജെപിയിൽ ആളെക്കൂട്ടാനുള്ള പ്രഖ്യാപനമായി മാറുമെന്നും തരൂർ പറഞ്ഞു. ശ്രീധരൻ രാഷ്ട്രീയരംഗത്ത് പ്രവേശിച്ച് ബിജെപിയിൽ ചേരാൻ പോകുന്നുവെന്ന പ്രഖ്യാപനം തന്നെ അതിശയിപ്പിച്ചുവെന്നും ശശി തരൂര്‍ പറഞ്ഞു.
എഞ്ചിനീയറിങ് മേഖലയും രാഷ്‌ട്രീയവും തികച്ചും രണ്ടായിട്ടുള്ള കാര്യമാണ്. അദ്ദേഹത്തിന് രാഷ്ട്രീയ പശ്ചാത്തലമോ പരിചയമോ ഇല്ലാത്തതിനാൽ വരുന്ന തെരഞ്ഞെടുപ്പില്‍ കാര്യമായ സ്വാധീനം ചെലുത്താൻ കഴിയില്ല. ഞാൻ 53 വയസിൽ രാഷ്ട്രീയത്തിൽ ചേര്‍ന്നപ്പോള്‍ ഏറെ വൈകിയെന്ന തോന്നല്‍ എനിക്കുണ്ടായിരുന്നു. അങ്ങനെയുള്ള ഞാൻ എങ്ങനെയാണ് 88 വയസുള്ളയാളുടെ കാര്യം പറയുന്നതെന്നും ശശി തരൂര്‍ പറഞ്ഞു. ഇ. ശ്രീധരന്‍റെ വരവിലൂടെ എല്‍ഡിഎഫിനോ യുഡിഎഫിനോ ഒരു വെല്ലുവിളിയാകാൻ ബിജെപിക്ക് കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.