ന്യൂഡൽഹി: റഷ്യൻ നിർമിത കൊവിഡ് വാക്‌സിൻ സ്‌പുട്‌നിക് വി ജൂൺ രണ്ടാം വാരം മുതൽ വിതരണം ചെയ്യുമെന്ന് അപ്പോളോ ഗ്രൂപ്പ് ഓഫ് ഹോസ്‌പിറ്റൽസ്. 1,195 രൂപ നിരക്കിലാകും വാക്‌സിൻ നൽകുക. വാക്‌സിന് 995 രൂപയും 200 രൂപ അഡ്രമിനിസ്ട്രേഷൻ ചാർജുമാണ് ഈടാക്കുന്നത്. ഇന്ത്യയിലുടനീളം അപ്പോളോ ഗ്രൂപ്പിന് കീഴിന് പ്രവർത്തിക്കുന്ന ആശുപത്രികളിലാകും വാക്‌സിൻ ലഭ്യമാക്കുക.
ജൂണിൽ 10 ലക്ഷം ഡോസ് വാക്‌സിൻ വിതരണം ചെയ്യുമെന്നും ആദ്യ ഘട്ടത്തിൽ മുൻഗണനാ വിഭാഗത്തിലുള്ളവരെ ഉൾപ്പെടുത്തുമെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി. ഓഗസ്റ്റിൽ സ്‌പുട്‌നിക് വി ഇന്ത്യയിൽ ഉത്‌പാദനം ആരംഭിക്കുമെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. പ്രതിമാസം 3.5 കോടി മുതൽ നാല് കോടി വരെ ഉത്പാദിപ്പിക്കാനാണ് ശ്രമം. ഹൈദരാബാദിലെ ഡോക്‌ടർ റെഡീസ് ലബോറട്ടറിയുമായാണ് കരാർ. ഏപ്രിൽ 12നാണ് അടിയന്തര ഉപയോഗ അംഗീകാര നടപടിക്രമങ്ങൾ പ്രകാരം സ്‌പുട്‌നിക്-വി ഇന്ത്യയിൽ രജിസ്റ്റർ ചെയ്‌തത്. ഇതിന് പുറമേ മെയ് 14ന് റഷ്യൻ വാക്‌സിന്‍റെ കുത്തിവയ്‌പും രാജ്യത്ത് ആരംഭിച്ചു. ഇതുവരെ രണ്ട് തവണയാണ് റഷ്യൻ വാക്‌സിൻ രാജ്യത്ത് എത്തിച്ചിട്ടുള്ളത്.