മുംബൈ: മെയ് 17 മുതൽ എല്ലാ ജീവനക്കാര്‍ക്കും കമ്പനി സ്പോൺസർ ചെയ്ത വാക്സിനേഷൻ ഡ്രൈവ് ആരംഭിക്കുമെന്ന് എയര്‍ലൈന്‍ കമ്പനിയായ സ്‌പൈസ് ജെറ്റ്. സ്‌പൈസ് ജെറ്റിന്‍റെ ആസ്ഥാനമായ ഡൽഹിയിലും ഗുരുഗ്രാമിലും ആദ്യ ഡ്രൈവ് ആരംഭിക്കുമെന്നും തുടര്‍ന്ന് എല്ലാ സ്റ്റേഷനുകളിലുമുള്ള എയർലൈൻ ജീവനക്കാരെയും അതിന്‍റെ നെറ്റ്‌വർക്കിൽ ഉൾപ്പെടുത്തുമെന്നും കമ്പനി അറിയിച്ചു. ഏകദേശം 15,000 ത്തോളം ജീവനക്കാര്‍ സ്പൈസ്ജെറ്റില്‍ ജോലിചെയ്യുന്നുണ്ട്. എയർ ഇന്ത്യ, വിസ്താര, ഇൻഡിഗോ, ഗോ എയർ, എയർ ഏഷ്യ ഇന്ത്യ തുടങ്ങിയ മറ്റ് വിമാനക്കമ്പനികൾ ഇതിനകം തന്നെ തങ്ങളുടെ ജീവനക്കാർക്കായി വാക്സിനേഷൻ ഡ്രൈവുകൾ ഒരുക്കിയിട്ടുണ്ട്.
Also Read: കുട്ടികള്‍ക്കുള്ള വാക്സിന്‍ ഒരുങ്ങുന്നു : കൊവാക്സിന്‍റെ അടുത്ത ഘട്ട പരീക്ഷണത്തിന് അനുമതി
എയർപോർട്ട് സ്റ്റാഫും കാബിന്‍ ക്രൂവും ഉൾപ്പെടെയുള്ള എയർലൈനിലെ മുൻനിര ജീവനക്കാരാണ് ആദ്യം കുത്തിവയ്പ് സ്വീകരിക്കുകയെന്ന് സ്പൈസ് ജെറ്റ് പറഞ്ഞു. സർക്കാർ നിയമങ്ങളും മാർഗനിർദ്ദേശങ്ങളും അനുസരിച്ചും, വാക്സിൻ ലഭ്യതയെ അടിസ്ഥാനമാക്കിയും ആയിരിക്കും വാക്സിനേഷൻ നടത്തുകയെന്നും കമ്പനി അറിയിച്ചു. ജീവനക്കാരുടെ കുടുംബാംഗങ്ങള്‍ക്ക് വാക്സിന്‍ നല്‍കുന്ന കാര്യവും പരിഗണിക്കുന്നുണ്ട്. ചുരുങ്ങിയ സമയം കൊണ്ട് തന്നെ എല്ലാ ജീവനക്കാര്‍ക്കും വാക്സിന്‍ നല്‍കിയെന്ന് ഉറപ്പ് വരുത്തുമെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു.