മുംബൈ : മഹാരാഷ്‌ട്രയില്‍ അധികാരത്തിലിരിക്കുന്ന മഹാ വികാസ് അഖാഡി സർക്കാർ മന്ത്രിസഭയില്‍ അഴിച്ചുപണിക്ക് സാധ്യതയെന്ന് റിപ്പോർട്ട്. സ്‌പീക്കര്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് പുതിയ റിപ്പോർട്ടുകള്‍ പുറത്തുവന്നത്. ശിവസേനയും, എൻസിപിയും, കോണ്‍ഗ്രസും തങ്ങളുടെ മന്ത്രിമാരെ മാറ്റുമെന്നാണ് സൂചന. എന്നാല്‍ മന്ത്രിസഭ പുനസംഘടന എന്ന റിപ്പോർട്ടിനെ എതിർത്ത് മൂന്ന് കക്ഷികളും രംഗത്തെത്തിയിരുന്നു.
പട്ടോള്‍ - റൗട്ട് സംഘർഷം
കോണ്‍ഗ്രസ് പാര്‍ട്ടി സംസ്ഥാന അധ്യക്ഷൻ നാനാ പട്ടോളും മന്ത്രി നിതിൻ റൗട്ടും തമ്മിൽ വൻ പോര് നടക്കുകയാണെന്നാണ് റിപ്പോർട്ട്. പാര്‍ട്ടി നേതൃത്വം ഏറ്റെടുത്തതിന് പിന്നാലെ സ്‌പീക്കര്‍ സ്ഥാനം ഒഴിഞ്ഞ പട്ടോള്‍ ഊർജ വകുപ്പ് മന്ത്രിസ്ഥാനം വേണമെന്നാണ് ഇപ്പോള്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ തന്‍റെ സ്ഥാനം വിട്ടു നല്‍കില്ലെന്നാണ് റൗട്ട് വ്യക്തമാക്കിയിരിക്കുന്നത്. വിഷയത്തില്‍ ഹൈക്കമാൻഡ് അന്തിമ തീരുമാനമെടുക്കുമെന്നാണ് റിപ്പോർട്ട്.
പുതുമുഖങ്ങളുമായി കോണ്‍ഗ്രസ്
മന്ത്രിസഭയിലേക്ക് കോണ്‍ഗ്രസ് രണ്ട് പുതുമുഖങ്ങളെ കൊണ്ടുവരുമെന്നും റിപ്പോർട്ടുകളുണ്ട്. അമിൻ പട്ടേല്‍, പ്രനിതി ഷിൻഡെ, നാസിം ഖാൻ എന്നിവർ മന്ത്രിയാവാനുള്ള താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
എൻസിപിക്ക് ലഭിച്ച എക്‌സൈസ് മന്ത്രിസ്ഥാനത്ത് നിന്ന് മാറിയ അനില്‍ ദേശ്‌മുഖിന് പകരം ദിലീപ് വാല്‍സെ പാട്ടീലിനെ നിയമിക്കാൻ എൻസിപി തീരുമാനിച്ചു.
ശിവസേനയിലും പൊളിച്ചെഴുത്ത്
മുഖ്യമന്ത്രി ഉദ്ദവ് താക്കറെ കൈകാര്യം ചെയ്യുന്ന വനം വകുപ്പ് അദ്ദേഹത്തില്‍ നിന്ന് മാറ്റി മറ്റൊരാള്‍ക്ക് കൊടുക്കുമെന്നാണ് റിപ്പോർട്ട്. ഒരു പെണ്‍കുട്ടിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട ആരോപണം ഉയർന്നതിന് പിന്നാലെ വനം മന്ത്രി സഞ്ജയ് റാത്തോർ രാജിവച്ചതോടെയാണ് വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുത്തത്. രവീന്ദ്ര വൈക്കാർ, ഭാസ്‌കർ യാദവ്, ആശിഷ് ജയ്‌സ്വാള്‍, പ്രതാപ് സർനായിക്, പ്രകാശ് അഭിത്‌കർ എന്നിവരിലൊരാള്‍ ഈ സ്ഥാനത്തേക്ക് എത്തുമെന്നാണ് റിപ്പോർട്ട്.
also read: 16 മാസത്തിനിടെ പരസ്യ പ്രചാരണത്തിനായി 155 കോടി രൂപ ചെലവഴിച്ച് മഹാരാഷ്‌ട്ര സർക്കാർ