ന്യൂഡൽഹി : ഛത് പൂജയോടനുബന്ധിച്ച് റെയിൽവേ യാത്ര സൗകര്യം വിപൂലീകരിച്ചു. റെയിൽവേ യാത്രക്കാരുടെ സൗകര്യത്തിനും യാത്രക്കാരുടെ അധിക തിരക്ക് ഒഴിവാക്കുന്നതിനുമായി ഇന്ത്യൻ റെയിൽവേ (Indian Railway) ഈ വർഷം ഛത് പൂജ വരെ 283 പ്രത്യേക ട്രെയിനുകളാണ് ഏർപ്പെടുത്തിയിട്ടുള്ളത് (Special Train Services Till Chhath Pooja). ഇത് വഴി 4480 അധിക സർവീസുകൾ നടത്താനാണ് റെയിൽവേ തീരുമാനം.
രാജ്യത്തുടനീളമുള്ള പ്രധാന സ്‌റ്റേഷനുകൾ ബന്ധിപ്പിക്കുന്ന രീതിയിലാണ് പ്രത്യേക ട്രെയിൻ സർവീസുകൾ ഇന്ത്യൻ റെയിൽവേ ആസൂത്രണം ചെയ്‌തിരിക്കുന്നത്. കൊച്ചുവേളി - ബെംഗളൂരു (Kochuveli - Bengaluru ) സർവീസ് ഉൾപ്പടെ ഡൽഹി - പട്‌ന, ഡൽഹി - ശ്രീ മാത വൈഷ്‌ണോ ദേവി കത്ര, ദനാപൂർ - സഹർസ, ദനാപൂർ - ബെംഗളൂരു, അംബല - സഹർസ, മുസാഫർപൂർ - യശ്വന്ത്‌പൂർ, പുരി - പട്‌ന, ഓഖ - നഹർലഗുൺ, സീൽദ - ന്യൂ ജൽപായ്‌ഗുരി, ബനാറസ് - മുംബൈ, ഹൗറ - റക്‌സൗൾ തുടങ്ങിയ റൂട്ടുകളിലെല്ലാം അധിക ട്രെയിൻ സർവീസ് നടത്തുന്നത്.
2022 ൽ 216 സ്‌പെഷ്യൽ ട്രെയിനുകളും 2614 അധിക സർവീസുകളുമാണ് ഇന്ത്യൻ റെയിൽവേ ഏർപ്പെടുത്തിയിരുന്നത്. റിസർവ് ചെയ്യാത്ത കോട്ടുകളിൽ യാത്രചെയ്യുന്നവർക്ക് തിക്കും തിരക്കും ഒഴിവാക്കി യാത്ര ചെയ്യുന്നതിനായി ആർപിഎഫ് ജീവനക്കാരുടെ മേൽനോട്ടത്തിൽ ടെർമിനസ് സ്റ്റേഷനുകളിൽ ക്യൂ രൂപീകരിച്ച് തിരക്ക് നിയന്ത്രിക്കുന്നതിനുള്ള നടപടികളും റെയിൽവേ സജ്ജീകരിച്ചിട്ടുണ്ട്. ഇതിന്‍റെ ഭാഗമായി യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ പ്രധാന റെയിൽവെ സ്‌റ്റേഷനുകളിൽ അധിക ആർപിഎഫ് ഉദ്യോഗസ്ഥരെ വിന്യസിപ്പിച്ചിട്ടുണ്ട്.
കൂടാതെ, ട്രെയിൻ സർവീസുകളുടെ മേൽനോട്ടത്തിനും സർവീസുകൾ തടസപ്പെടാതിരിക്കാനും പ്രധാന സ്റ്റേഷനുകളിൽ വിവിധ വിഭാഗങ്ങളിലായി അടിയന്തര ഡ്യൂട്ടിയിൽ ജാവനക്കാരെ നിയോഗിച്ചിട്ടുണ്ടെന്നും റെയിൽവേ മന്ത്രാലയം പ്രസ്‌താവനയിലൂടെ അറിയിച്ചു. സ്‌പെഷ്യൽ ട്രെയിനുകളുടെ വരവും പോക്കും സംബന്ധിച്ചും പ്ലാറ്റ്‌ഫോമുകളെ സംബന്ധിച്ചും കൃത്യമായ ഇടവേളകളിൽ അറിയിപ്പുകൾ നൽകുന്നത് ഉറപ്പുവരുത്തും. യാത്രക്കാർക്ക് ശരിയായ മർഗനിർദേശം നൽകാൻ പ്രധാനപ്പെട്ട സ്റ്റേഷനുകളിൽ 'മേ ഐ ഹെൽപ്പ് യു' ബൂത്തുകൾ പ്രവർത്തിക്കുന്നുണ്ട്. ഇവിടെ യാത്രക്കാരെ സഹായിക്കാൻ ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിടിഇമാരെയും നിയോഗിച്ചിട്ടുണ്ട്.
പ്രധാന സ്റ്റേഷനുകളിൽ ആംബുലൻസ് ഉൾപ്പടെയുള്ള മെഡിക്കൽ സർവീസുകൾ ഏർപ്പെടുത്തിയിട്ടുണ്ട്. വെയിറ്റിങ് ഹാളുകൾ, പ്ലാറ്റ്‌ഫോമുകൾ തുടങ്ങി യാത്രക്കാർ ഉപയോഗിക്കുന്ന എല്ലാ സ്ഥലത്തും ശുചിത്വം പാലിക്കുന്നതിനുള്ള നിർദേശവും നൽകിയിട്ടുണ്ട്.