ന്യൂഡൽഹി: ലോക്‌സഭയിൽ രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചർച്ചയ്ക്കിടെ കോണ്‍ഗ്രസ് എം.പി രാഹുല്‍ ഗാന്ധിക്ക് സ്പീക്കര്‍ ഓര്‍ബിര്‍ളയുടെ ശാസന. പാര്‍ലമെന്‍ററി നടപടിക്രമങ്ങള്‍ പാലിക്കാത്തതിനായിരുന്നു ഇത്. രാഹുല്‍ സംസാരിക്കുന്നതിനിടെ ബി.ജെ.പി എം.പി കമലേഷ് പാസ്വാന് ഇടപെട്ട് സംസാരിക്കാന്‍ അനുമതി നല്‍കിയതാണ് സ്പീക്കറെ പ്രകോപിപ്പിച്ചത്. 'ഈ അനുമതി നൽകാൻ നിങ്ങൾ ആരാണ്, നിങ്ങൾക്ക് അനുമതി നൽകാൻ കഴിയില്ല, അത് എന്റെ അവകാശമാണ്'- സ്പീക്ര്‍ പറഞ്ഞു. ചെയറിന്‍റെ അധികാരത്തില്‍ കൈ കടത്തരുതെന്നും അദ്ദേഹം രാഹുല്‍ ഗാന്ധിയെ ഓര്‍മിപ്പിച്ചു.
എന്നാല്‍ താന്‍ ഒരു ജനാധിപത്യ വ്യക്തിയാണ്, അതിനാല്‍ തന്നെ മറ്റുള്ളവരെ പറയാന്‍ അനുവദിക്കുമെന്ന് രാഹുല്‍ ഗാന്ധി തിരിച്ചടിച്ചു. രാഷ്ട്രപതിക്കുള്ള നന്ദി പ്രസംഗത്തിനിടെ കടുത്ത ഭാഷയില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പ്രധാനമന്ത്രിയെ വിമര്‍ശിച്ചിരുന്നു. രാജ്യത്ത് രാജഭരണം തിരിച്ചുവന്നെന്നും രാജാവ് ആരെയും ശ്രദ്ധിക്കുന്നില്ലെന്നും കോണ്‍ഗ്രസ് നേതാക്കള്‍ വിമര്‍ശിച്ചിരുന്നു. രാഹുല്‍ ഗാന്ധിയുടെ പ്രസംഗം അവസാനിച്ച ശേഷമായിരുന്നു ഓം ബിര്‍ള അദ്ദേഹത്തിനെതിരെ ആഞ്ഞടിച്ചത്.
Also Read: 'രാജഭരണം തിരികെവന്നു'; കേന്ദ്രസർക്കാരിനെതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി
തന്‍റെ പ്രസംഗത്തിനിടെ തനിക്ക് തൊട്ടു മുമ്പ് സംസാരിച്ച ബിജെപി എം.പി കമലേഷ് പാസ്വാന്‍റെ പേര് എടുത്തു പറഞ്ഞ രാഹുല്‍ അദ്ദേഹം തെറ്റായ പാര്‍ട്ടിയിലാണ് എത്തിപ്പെട്ടതെന്ന് അഭിപ്രായപ്പട്ടു. ദളിതരുടെ പ്രശ്നങ്ങളില്‍ അദ്ദേഹത്തിന് ആശങ്കയുണ്ട്. വര്‍ഷങ്ങളായി ദളിതരെ അടിച്ചമര്‍ത്തുന്നത് ആരെന്നും അദ്ദേഹത്തിനറിയാം എന്നിട്ടും അദ്ദേഹം തെറ്റായ രാഷ്ട്രീയത്തിനൊപ്പം നിന്നെന്നും രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു.
മറുപടിക്കായി പാസ്വാന്‍ കൈ ഉയര്‍ത്തിയെങ്കിലും സ്പീക്ര്‍ അനുമതി നിഷേധിച്ചു. ഇതിനിടെ രാഹുല്‍ സംസാരിക്കാന്‍ കൈകൊണ്ട് അനുമതി നല്‍കുകയായിരുന്നു. കോണ്‍ഗ്രസാണ് തന്നെ മൂന്ന് തവണ പാര്‍ലമെന്‍റ് എംപിയായി സഭയില്‍ എത്തിച്ചതെന്ന് പാസ്വാന്‍ മറുപടി പറഞ്ഞു. ഇതാണ് സ്പീക്കറെ പ്രകോപിപ്പിച്ചത്.