ലഖ്‌നൗ : ഉത്തര്‍പ്രദേശിലെ മെയിന്‍പുരി ലോക്‌സഭ ഉപതെരഞ്ഞെടുപ്പില്‍ സമാജ്‌വാദി പാർട്ടി (എസ്‌പി) സ്ഥാനാർഥി ഡിംപിൾ യാദവ് തിങ്കളാഴ്‌ച നാമനിർദേശ പത്രിക സമർപ്പിക്കും. എസ്‌പി സ്ഥാപക നേതാവും ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായ മുലായം സിങ് യാദവിന്‍റെ മരണത്തെ തുടര്‍ന്ന് ഒഴിവുവന്ന സീറ്റിലേയ്ക്കാണ് ഉപതെരഞ്ഞെടുപ്പ്.
തിങ്കളാഴ്‌ച ഉച്ചയ്ക്ക് ഡിംപിള്‍, മെയിന്‍പുരി കലക്‌ടറേറ്റില്‍ പത്രിക സമർപ്പിക്കുമെന്ന് സമാജ്‌വാദി പാർട്ടി മെയിൻപുരി ജില്ല പ്രസിഡന്‍റ് അലോക് ശാക്യ വാര്‍ത്ത ഏജന്‍സിയോട് പറഞ്ഞു. മുന്‍ ലോക്‌സഭ അംഗം കൂടിയായ 44 കാരിയായ ഡിംപിള്‍, എസ്‌പി നേതാവും ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവിന്‍റെ ഭാര്യയാണ്.
1996 മുതൽ പാർട്ടിയുടെ ശക്തികേന്ദ്രമായി കണക്കാക്കപ്പെടുന്ന മണ്ഡലമാണ് മെയിന്‍പുരി. ഡിസംബർ അഞ്ചിനാണ് തെരഞ്ഞെടുപ്പ്. ഡിസംബർ എട്ടിന് ഫലം പുറത്തുവരും. നവംബർ 17നാണ് നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തിയതി.
ഒക്‌ടോബർ 10ന് മുലായം സിങ് യാദവ് അന്തരിച്ചതിനെ തുടർന്നാണ് മെയിൻപുരി പാർലമെന്‍റ് സീറ്റിലേക്ക് ഒഴിവുവന്നത്. ബിജെപി, കോൺഗ്രസ്, ബിഎസ്‌പി തുടങ്ങിയ പ്രമുഖ പാര്‍ട്ടികള്‍ ഇതുവരെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിട്ടില്ല.