ന്യൂഡൽഹി : തെക്കുപടിഞ്ഞാറൻ മൺസൂൺ കനക്കുന്ന പശ്ചാത്തലത്തിൽ അടുത്ത 24 മണിക്കൂറിനുള്ളിൽ മധ്യപ്രദേശ്, ഛത്തീസ്‌ഗഡ്, ഒഡീഷ, പശ്ചിമ ബംഗാൾ, ജാർഖണ്ഡ്, ബിഹാർ, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ വിവിധയിടങ്ങളിലായി മഴ ലഭിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (ഐഎംഡി) അറിയിച്ചു.
നിലവിൽ വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും ഒഡിഷയുടെ ചില ഭാഗങ്ങളിലും പശ്ചിമ ബംഗാളിന്‍റെ ഭൂരിഭാഗം ഭാഗങ്ങളിലും കാലവർഷം ശക്തമായിരിക്കുകയാണ്. വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും പടിഞ്ഞാറൻ ബംഗാളിലെയും വടക്കൻ ഒഡിഷയിലെയും തീരപ്രദേശങ്ങളിൽ ന്യൂനമർദം നിലനിൽക്കുന്നുവെന്നും ഐഎംഡി വ്യക്തമാക്കി.
Also Read: ഡൽഹിയിലെ മദൻപൂർ പ്രദേശത്ത് തീപിടിത്തം; കെട്ടിടങ്ങൾ കത്തിനശിച്ചു
ഇത് അടുത്ത രണ്ട്, മൂന്ന് ദിവസങ്ങൾക്കുള്ളിൽ കൂടുതൽ ശക്തി പ്രാപിച്ച് ഒഡിഷ, ജാർഖണ്ഡ്, വടക്കൻ ഛത്തീസ്‌ഗഡ് എന്നിവിടങ്ങളിലേക്ക് നീങ്ങിയേക്കും. കൂടാതെ അടുത്ത അഞ്ച് ദിവസങ്ങളിലായി മഹാരാഷ്‌ട്ര, ഗോവ, കർണാടക തുടങ്ങിയ തീരദേശ ജില്ലകളിലും സമീപ പ്രദേശങ്ങളിലും ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യതയുണ്ട്.
ജൂൺ 12 മുതൽ 15 വരെയുള്ള ദിവസങ്ങളിൽ കൊങ്കൺ, ഗോവ എന്നിവിടങ്ങളിലും 14 മുതൽ 15 വരെ മധ്യ മഹാരാഷ്‌ട്ര പ്രദേശങ്ങളിലും വ്യാപകമായി മഴ ലഭിക്കുമെന്നും ഐഎംഡി അറിയിച്ചു.