ന്യൂഡല്‍ഹി: ഉന്നതതല കൂടിക്കാഴ്ചകള്‍ക്കായി ദക്ഷിണകൊറിയന്‍ പ്രതിരോധമന്ത്രി സൂ വൂക്ക് ഈ ആഴ്ച ഇന്ത്യയിലെത്തും. ഇന്ത്യന്‍ പ്രതിരോധ മന്ത്രി രാജ്നാഥ് സിങുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. സൈനിക സാങ്കേതിക വിദ്യകള്‍ സംയുക്തമായി വികസിപ്പിക്കുന്നതടക്കമുള്ള വിഷയങ്ങള്‍ ചര്‍ച്ചയാകും. ഇന്ത്യാ കൊറിയ സൗഹൃദ പാര്‍ക്കിന്‍റെ ഔദ്യോഗിക ഉദ്ഘാടനത്തിലും അദ്ദേഹം പങ്കെടുക്കും.
കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ നടന്ന ചര്‍ച്ചകളില്‍ ഉഭയകക്ഷി സഹകരണത്തിനും പ്രതിരോധ-സുരക്ഷാ മേഖലകളിലെ സഹകരണം വര്‍ധിപ്പിക്കാനും ഇരുരാജ്യങ്ങളും തമ്മില്‍ ധാരണയെത്തിയിരുന്നു. കൊവിഡ് പ്രതിരോധ സഹകരണവും ഉച്ചകോടിയില്‍ മുഖ്യ ചര്‍ച്ചാ വിഷയമായിരുന്നു. ഇന്ത്യയിലും യുഎഇയിലും സൂക്ക് സന്ദര്‍ശനം നടത്തുമെന്ന് ദക്ഷിണ കൊറിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
അമേരിക്കന്‍ പ്രതിരോധസെക്രട്ടറി ലോയിഡ് ഓസ്റ്റിന്‍റെ ഇന്ത്യാ സന്ദര്‍ശനത്തിന് പിന്നാലെയാണ് ദക്ഷിണകൊറിയന്‍ പ്രതിരോധമന്ത്രിയും ഇന്ത്യയിലെത്തുന്നത്. മാറുന്ന ലോകക്രമത്തിലെ സുപ്രധാന പങ്കാളിയാണ് ഇന്ത്യയെന്ന് സന്ദര്‍ശനത്തിനിടെ ലോയിഡ് അഭിപ്രായപ്പെട്ടിരുന്നു. ഇന്ത്യാ-യുഎസ് ബന്ധം സ്വതന്ത്രമായ ഇന്തോ-പസഫിക് മേഖലയ്ക്ക് അനിവാര്യമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ഇന്തോ പസഫിക് മേഖലയില്‍ വര്‍ധിച്ചു വരുന്ന ചൈനീസ് മേല്‍ക്കോയ്മയ്ക്ക് തടയിടാനുള്ള നീക്കം ക്വാഡ് സഖ്യത്തിന്‍റെ നേതൃത്വത്തില്‍ പുരോഗമിക്കുമ്പോഴാണ് ദക്ഷിണകൊറിയന്‍ പ്രതിരോധമന്ത്രി ഇന്ത്യയിലേക്കെത്തുന്നത്. ക്വാഡ് അംഗ രാജ്യങ്ങളെ ഇന്ത്യാ, കൊറിയ പ്രതിരോധ മന്ത്രിമാര്‍ സംയുക്തമായി അഭിസംബോധന ചെയ്തേക്കുമെന്ന് സൂചനകളുയരുന്നുണ്ട്. അങ്ങനെയെങ്കില്‍ ഇന്തോ പസഫിക്കിലെ ചൈനാ വിരുദ്ധ സഖ്യത്തിന് കൂടുതല്‍ കരുത്ത് പകരുന്ന നീക്കമാകുമത്.